തിരുവനന്തപുരം- മന്ത്രിസ്ഥാനത്ത്‌നിന്ന് രാജിവെക്കാനുള്ള സജി ചെറിയാന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. പ്രസംഗത്തെ ഇപ്പോഴും തള്ളിപ്പറയാൻ സജി ചെറിയാൻ തയ്യാറായിട്ടില്ല. മല്ലപ്പള്ളി പ്രസംഗത്തെ ഇപ്പോഴും പിന്തുണക്കുകയാണ് സജി ചെറിയാൻ. എം.എൽ.എ സ്ഥാനത്ത് തുടരാനും അദ്ദേഹത്തിന് അർഹതയില്ല. ക്രിമിനൽ കുറ്റമാണ് അദ്ദേഹം ചെയ്തത്. പോലീസ് നടപടി സ്വീകരിക്കണം. ഈ പ്രശ്‌നം ഉണ്ടായിട്ടും സ്ഥിരം ആയുധമാണ് മുഖ്യമന്ത്രി പ്രയോഗിക്കുന്നത്. മൗനമാണ് മുഖ്യമന്ത്രിയുടെ ആയുധം. ഭരണഘടനയെ സംരക്ഷിക്കാനുള്ള നീക്കവുമായി യു.ഡി.എഫ് മുന്നോട്ടുപോകും. സർക്കാർ കേസ് എടുത്തില്ലെങ്കിൽ നിയമപരമായി മുന്നോട്ടുപോകും. സജി ചെറിയാന്റെ നിലപാട് തന്നെയാണോ മുഖ്യമന്ത്രിക്ക് എന്ന് അറിയാൻ താൽപര്യമുണ്ട്. മാധ്യമങ്ങൾ വളച്ചൊടിച്ചതാണ് തന്റെ പ്രസംഗം എന്നാണ് സജി ചെറിയാൻ പറയുന്നത്. ഇതേ നിലപാട് തന്നെയാണോ മുഖ്യമന്ത്രിക്ക് എന്ന് അറിയാൻ താൽപര്യമുണ്ട്. ഗവൺമെന്റ് തൊട്ടതെല്ലാം പൊള്ളുകയാണ്. മന്ത്രിമാരുടെ എല്ലാം സമീപനമാണ് സജി ചെറിയാനിലൂടെ പുറത്തുവന്നത്. നാവുപിഴ എന്നാണ് മന്ത്രിയുടെ പ്രസംഗത്തെ ചില നേതാക്കൾ വ്യക്തമാക്കിയത്. ഭരണകൂടം എന്നുള്ളതിനെ ഭരണഘടന എന്നായിപ്പോയെന്നാണ് ഒരു നേതാവ് പറഞ്ഞത്. ഇത് നമ്മുടെ പൊതുബോധത്തെ കളിയാക്കുകയാണെന്നും സതീശൻ പറഞ്ഞു.