തിരുവനന്തപുരം- മന്ത്രി സജി ചെറിയാന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രതിഷേധത്തിനിടെ ചോദ്യോത്തര വേള തുടങ്ങി മിനിറ്റുകള്‍ക്കകം നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. സഭ തുടങ്ങിയ ഉടന്‍ ചോദ്യോത്തരവേള നിര്‍ത്തിവച്ച് അടിയന്തര പ്രമേയം ചര്‍ച്ച ചെയ്യണമെന്ന ആവശ്യം പ്രതിപക്ഷം ഉന്നയിച്ചു. കീഴ്‌വഴക്കം അങ്ങനെയല്ലെന്ന് സ്പീക്കര്‍ മറുപടി നല്‍കിയെങ്കിലും പ്രതിപക്ഷം ബഹളം തുടങ്ങുകയായിരുന്നു. മുദ്രാവാക്യം വിളികള്‍ക്കിടെ സ്പീക്കര്‍ ചോദ്യം ഉന്നയിക്കാന്‍ പ്രതിപക്ഷ എംഎല്‍എമാരോട് ആവശ്യപ്പെട്ടെങ്കിലും അവര്‍ വഴങ്ങിയില്ല. ഇതിനിടെയാണ് അപ്രതീക്ഷിതമായി നിയമസഭ ഇന്നത്തേക്ക് പിരിയുകയാണെന്ന് സ്പീക്കര്‍ പ്രഖ്യാപിച്ചത്.
ചോദ്യോത്തര വേളയില്‍ തന്നെ പ്രതിപക്ഷ പ്രതിഷേധത്തിന് കേരള നിയമസഭ ഇതിന് മുമ്പും സാക്ഷ്യം വഹിച്ചിട്ടുണ്ടെങ്കിലും വിഷയം ഉന്നയിക്കാന്‍ പോലും പ്രതിപക്ഷത്തിന് അവസരം നല്‍കാതെ നിയമസഭ പിരിയുന്നത് അപൂര്‍വമാണ്.
പ്രതിപക്ഷ ബഹളത്തിന്റെ ദൃശ്യങ്ങള്‍ സഭാ ടിവി കാണിച്ചില്ല. സഭ ഇന്നത്തേക്ക് പിരിയുകയാണെന്ന് സ്പീക്കര്‍ പ്രഖ്യാപിച്ചതോടെ പ്രതിപക്ഷം പ്രകടനമായി പുറത്തിറങ്ങി. നിയമസഭാ വളപ്പിലെ അംബേദ്കര്‍ പ്രതിമയ്ക്ക് താഴെ മുദ്രാവാക്യം വിളികളുമായി പ്രതിപക്ഷം എത്തി. ജയ് ഭീം മുദ്രാവാക്യം മുഴക്കിയും ഭരണഘടനാ ശില്‍പ്പിയുടെ ഫോട്ടോ ഉയര്‍ത്തിയും ആയിരുന്നു പ്രതിഷേധം.
സ്പീക്കറുടെ നടപടി ജനാധിപത്യ വിരുദ്ധമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ആരോപിച്ചു. മന്ത്രി സജി ചെറിയാന്റെ രാജിയില്‍ കവിഞ്ഞ് ഒന്നുമില്ല. മന്ത്രി പറഞ്ഞത്, ആര്‍എസ്എസിന്റെ അഭിപ്രായമാണ്. ഇത്തരത്തില്‍ പറയാന്‍ ആരാണ് സജി ചെറിയാന് ധൈര്യം നല്‍കിയതെന്നും വി.ഡി.സതീശന്‍ ചോദിച്ചു.
മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സഭയ്ക്കകത്ത് ശക്തമായ പ്രതിഷേധത്തിനു തീരുമാനിച്ചാണ് പ്രതിപക്ഷം എത്തിയിരുന്നത്. അടിയന്തര പ്രമേയ നോട്ടീസ് നല്‍കാനും ചോദ്യോത്തരവേള മുതല്‍ പ്രതിഷേധം ശക്തമാക്കാനുമായിരുന്നു തീരുമാനം. സത്യപ്രതിജ്ഞാ ലംഘനം നടത്തിയ മന്ത്രിയെ പുറത്താക്കാത്ത മുഖ്യമന്ത്രിയുടെ നടപടിയെ അടക്കം വിമര്‍ശിച്ചായിരുന്നു നോട്ടീസ്. എന്നാല്‍ സഭ ഇന്നത്തേക്ക് പിരിയുകയാണെന്ന് സ്പീക്കര്‍ പ്രഖ്യാപിച്ചതോടെ ഈ നീക്കം പാളി. ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും പ്രതിപക്ഷ എംഎല്‍എമാര്‍ പ്രതിഷേധം തുടര്‍ന്നതോടെ നേരിടാന്‍ ഭരണപക്ഷവും എഴുന്നേറ്റിരുന്നു. ഇതിന് പിന്നാലെയാണ് നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞതായി സ്പീക്കര്‍ പ്രഖ്യാപിച്ചത്.
അതേസമയം അസാധാരണ നടപടിയെല്ലെന്നാണ് സ്പീക്കറുടെ ഓഫീസിന്റെ പ്രതികരണം. 2001 ഒക്ടോബറില്‍ മൂന്ന് തവണയും 2007ലും 2013ലും ഇത്തരത്തില്‍ ചോദ്യോത്തരവേള പൂര്‍ത്തിയാക്കാതെ സഭ നിര്‍ത്തിവച്ചിട്ടുണ്ടെന്ന് നിയമസഭാ സെക്രട്ടേറിയറ്റ് അറിയിച്ചു. എന്നാല്‍ ഈ സാഹചര്യങ്ങളിലെല്ലാം നിയമസഭ നടത്തിക്കൊണ്ടുപോകാന്‍ കഴിയാത്ത സാഹചര്യത്തിലേക്ക് പ്രതിപക്ഷ ബഹളം എത്തിയിരുന്നു. ഇക്കുറി പക്ഷേ, ആ ഒരു സാഹചര്യത്തിലേക്ക് എത്തുന്നതിന് മുമ്പാണ് സഭ ഇന്നത്തേക്ക് പിരിഞ്ഞത്.