Sorry, you need to enable JavaScript to visit this website.

ഇന്ത്യന്‍ ഹജ് തീര്‍ഥാടകര്‍ നാളെ രാത്രി മുതല്‍ മിനായിലേക്ക്, മുഴുവന്‍ പേര്‍ക്കും മശാഇര്‍ ട്രെയിന്‍ സൗകര്യം

ജിദ്ദ - ഹജ് കര്‍മങ്ങള്‍ക്ക് ആരംഭം കുറിക്കാന്‍ ഒരു ദിവസം മാത്രം ശേഷിക്കേ ഇന്ത്യന്‍ തീര്‍ഥാടകര്‍ ഹജ് കര്‍മങ്ങള്‍ക്കായുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കി. പ്രാര്‍ഥനകളുമായി അസീസിയയിലെ താമസ കേന്ദ്രങ്ങളില്‍ കഴിയുന്ന ഹാജിമാര്‍ നാളെ രാത്രി മുതല്‍ മിനായിലേക്ക് നീങ്ങും. ഇന്ത്യന്‍ തീര്‍ഥാടകരെല്ലാം പൂര്‍ണ ആരോഗ്യവന്‍മാരാണെന്നും സുഗമമായി ഹജ് നിര്‍വഹിക്കാന്‍ ആവശ്യമായ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി വരികയാണെന്നും ഇന്ത്യന്‍ ഹജ് മിഷന് നേതൃത്വം വഹിക്കുന്ന കോണ്‍സല്‍ ജനറല്‍ മുഹമ്മദ് ഷാഹിദ് ആലം മലയാളം ന്യൂസിനോട് പറഞ്ഞു.

ഇന്ത്യന്‍ ഹജ് മിഷന്‍ നടത്തിയ തയാറെടുപ്പുകളിലും ഒരുക്കങ്ങളിലും ഹജ്, ഉംറ മന്ത്രാലയ ഉപ മന്ത്രി അബ്ദുല്‍ ഫത്താഹ് മഷാത് സംതൃപ്തി രേഖപ്പെടുത്തിയതായി കോണ്‍സല്‍ ജനറല്‍ പറഞ്ഞു. ഹജ് കമ്മിറ്റി ചെയര്‍മാന്‍ എ.പി അബ്ദുല്ലക്കുട്ടിയുടെ നേതൃത്വത്തില്‍ ഇന്ത്യയില്‍നിന്നെത്തിയ അഞ്ചംഗ സൗഹൃദ സംഘാംഗങ്ങള്‍ മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മന്ത്രി ഇന്ത്യന്‍ ഹജ് മിഷനെ പ്രകീര്‍ത്തിച്ചത്. കൂടിക്കാഴ്ചയില്‍ കോണ്‍സല്‍ ജനറലും ഡപ്യൂട്ടി കോണ്‍സല്‍ ജനറലും ഹജ് കോണ്‍സലുമായ വൈ. സാബിര്‍ അടക്കമുള്ള ഉദ്യോഗസ്ഥരും പങ്കെടുത്തിരുന്നു.
ഇന്ത്യയില്‍നിന്ന് ഈ വര്‍ഷം 79,237 തീര്‍ഥാടകരാണ് ഹജ് നിര്‍വഹിക്കുന്നത്. ഇതില്‍ 56,637 പേര്‍ ഹജ് കമ്മിറ്റി വഴിയും അവശേഷിക്കുന്നവര്‍ സ്വകാര്യ ഗ്രൂപ്പുകള്‍ വഴിയുമാണ് എത്തിയിട്ടുള്ളത്. കേരളത്തില്‍നിന്ന് ഹജ് കമ്മിറ്റി വഴി 5758 പേരാണ് ഹജ് നിര്‍വഹിക്കുന്നത്. ഇന്ത്യന്‍ തീര്‍ഥാടകര്‍ക്ക് മിനാ അതിര്‍ത്തിക്കുള്ളിലെ മെട്രോ സ്‌റ്റേഷനുകള്‍ക്കു സമീപത്തെ ടെന്റുകളിലാണ് താമസം അനുവദിച്ചിട്ടുള്ളത്. പത്തു മഖ്തബുകള്‍ക്കു കീഴിലായുള്ള മുഴുവന്‍ തീര്‍ഥാടകര്‍ക്കും മശാഇര്‍ ട്രെയിന്‍ സൗകര്യവും ലഭ്യമായിട്ടുണ്ട്. മശാഇര്‍ മെട്രോ  ഒന്ന്, രണ്ട് സ്‌റ്റേഷനുകള്‍ക്കു സമീപമാണ് അധിക തീര്‍ഥാടകരുടെയും താമസ സൗകര്യമെന്ന് കോണ്‍സല്‍ ജനറല്‍ ശാഹിദ് ആലം പറഞ്ഞു. അതുകൊണ്ട് മിനായില്‍നിന്ന് അറഫയിലേക്കും  മുസ്ദലിഫയിലേക്കും തിരിച്ച് മിനായിലേക്കും താമസം കൂടാതെ എത്തുന്നതിനു ഹാജിമാര്‍ക്ക് കഴിയും. ട്രെയിന്‍ സൗകര്യം, മിനായിലെ താമസം എന്നിവയുടെ കാര്യത്തില്‍ ഇന്ത്യയുടെ അഭ്യര്‍ഥന പൂര്‍ണമായും അംഗീകരിക്കുകയായിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മിനായില്‍ വിതരണം ചെയ്യുന്ന ഭക്ഷണത്തിന്റെ കാര്യത്തിലും അനുഭാവപൂര്‍വ പരിഗണന ഇന്ത്യക്ക് ലഭിച്ചിട്ടുണ്ട്. മൂന്‍കൂട്ടി തയാറാക്കിയ ഭക്ഷണത്തിനു പകരം ചൂടുള്ള, ഇന്ത്യന്‍ തീര്‍ഥാടകര്‍ക്ക് ഇഷ്ടപ്പെടുന്ന ബിരിയാണിപോലുള്ള ഭക്ഷണം ലഭ്യമാക്കുന്നതിനുള്ള സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. മിനായിലെ താമസ സൗകര്യവും മെച്ചപ്പെട്ട നിലയിലാണ്. ഹാജിമാര്‍ക്ക് കിടക്കുന്നതിന് സോഫാ കം ബഡ് ആണ് ലഭിച്ചിട്ടുള്ളത്. ഒട്ടുമിക്ക ടെന്റുകളിലും ഈ സൗകര്യം ലഭ്യമാണ്.
ഈ വര്‍ഷം മദീനയിലും അസീസിയയിലും ഹാജിമാര്‍ക്ക് മികവുറ്റ താമസ സൗകര്യമാണ് ലഭ്യമാക്കിയത്. മദീനയില്‍ ഹറമിനു സമീപം മര്‍ക്കസിയ ഏരിയയിലായിരുന്നു ഹാജിമാരുടെ താമസം. അസീസിയയില്‍ ഭക്ഷണം പാചകം ചെയ്യാനുള്ള എല്ലാ സൗകര്യങ്ങളോടും കൂടിയ താമസ സൗകര്യവും ലഭ്യമായിരുന്നു. ആരോഗ്യ സുരക്ഷക്കായി എല്ലാ മുന്‍കരുതലുകളും എടുത്തിരുന്നു. മിനായിലേക്കു പുറപ്പെടുന്നതിനു മുമ്പായുള്ള എല്ലാ നിര്‍ദേശങ്ങളും ഹാജിമാര്‍ക്ക് നല്‍കി കഴിഞ്ഞു. ബലിയര്‍പ്പണത്തിനുള്ള കൂപ്പണുകളുടെയും മെട്രോ ടിക്കറ്റിന്റെയും വിതരണവും പൂര്‍ത്തിയായി. ഇത്തവണ 32,000 കൂപ്പണുകളാണ് വിതരണം ചെയ്തത്. ഇവയുടെ രജിസ്‌ട്രേഷനും വിതരണവും കുറ്റമറ്റ രീതിയില്‍ നടത്തുന്നതിനു കഴിഞ്ഞതായും കോണ്‍സല്‍ ജനറല്‍ പറഞ്ഞു.

 

Latest News