തിരുവനന്തപുരം-സ്വപ്‌ന സുരേഷിനെയോ ബിരിയാണിച്ചെമ്പിനെയോ പറ്റി സംസാരിക്കാനല്ല അടിയന്തര പ്രമേയം കൊണ്ട് ഉദ്ദേശിച്ചതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഭരണപക്ഷത്തിൽനിന്ന് സംസാരിച്ചവരെല്ലാം സ്വർണ്ണക്കടത്തിനെ പറ്റിയാണ് പറഞ്ഞത്. എന്തൊരു ഭയമാണ് ഭരണപക്ഷത്തിന്. കെ.പി.സി.സി ഓഫീസും എന്റെ വസതിയും ആക്രമിച്ചു. രാഹുൽ ഗാന്ധിയുടെ ഓഫീസും ആക്രമിച്ചു. എ.കെ.ജി സെന്ററിൽ ബോംബാക്രണം നടത്തി എന്നാരോപിച്ച് വീണ്ടും കേരളത്തിലെ കോൺഗ്രസ് ഓഫീസുകൾ ആക്രമിച്ചു. ആരാണ് അത് ചെയ്യുന്നത്. സംസ്ഥാനത്തെ ഗവൺമെന്റിന് നേതൃത്വം നൽകുന്ന ആളുകളാണ് അതാണ് ചെയ്യുന്നത്. എ.കെ.ജി സെന്ററിനും കോട്ടയത്തെ ഡി.സി.സി ഓഫീസിനും നേരെ ആക്രമണമുണ്ടായി. എ.കെ.ജി സെന്ററിന് നേരെ ആക്രമണമുണ്ടായിട്ട് എങ്ങിനെയാണ് പ്രതി രക്ഷപ്പെട്ടത്. ആക്രമണം ഉണ്ടായ ഗെയ്റ്റിൽ തലേദിവസം വരെപോലീസ് ഉണ്ടായിരുന്നു. എന്നാൽ, ആക്രമണം നടന്ന രാത്രി അവിടെ ആ ജീപ്പുണ്ടായില്ല. ആ ജീപ്പ് ആരു മാറ്റി എന്നത് പ്രധാനമാണ്. എ.കെ.ജി സെന്ററിന് ചുറ്റും സി.സി.ടി.വിയുണ്ട്. ഈ ദൃശ്യങ്ങളിലൊന്നും വരാത്ത ആള് ആരാണ്. സക്കറിയയുടെ പറക്കും സ്ത്രീ എന്ന കഥയിലെ ആളാണോ ഈ ആക്രമണത്തിന് പിന്നിൽ. ഈ സംഭവം ഉണ്ടാകുന്നതിന് അരമണിക്കൂർ മുമ്പേ ഇ.പി ജയരാജൻ പുറപ്പെട്ടോ എന്നാണ് എന്റെ സംശയം. കോട്ടയം ഡി.സി.സി ഓഫീസിന് നേരെയുണ്ടായ ആക്രമണത്തിലെ പ്രതി പോലീസ് സ്‌റ്റേഷനിൽ എസ്.ഐയുടെ കസേരയിൽ കയറി ഇരുന്ന് തൊപ്പി തലയിൽ വെച്ച് സെൽഫി എടുത്ത് അയക്കുകയായിരുന്നു. സാധാരണക്കാരന്റെ തലവെട്ടി ചെങ്കൊടി നാട്ടും എന്നാണ് ഒരു സി.പി.എം എം.എൽ.എ മുദ്രാവാക്യം വിളിച്ചത്. എന്റെ മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് നടക്കുമെന്ന് പറഞ്ഞ് പോസ്റ്റിട്ടു. എന്നെ കൊല്ലുമെന്നാണോ പറയുന്നത്. ഭരണത്തിലിരിക്കുമ്പോഴും ആക്രമണം നടത്തുകയാണ് സി.പി.എം. പരസ്പരവിരുദ്ധമായ കാര്യങ്ങളാണ് സി.പി.എം നേതാക്കൾ പറയുന്നത്. നാട്ടിൽ കലാപാഹ്വാനമാണ് നേതാക്കൾ നടത്തുന്നത്. ആക്രമണത്തിന് കൂട്ടുനിന്ന പോലീസിൽനിന്നാണ് രാഹുൽ ഗാന്ധിയുടെ ഓഫീസിലെ ഗാന്ധി ചിത്രം തകർത്തത് എന്ന റിപ്പോർട്ട് വാങ്ങിയാൽ ആരാണ് വിശ്വസിക്കാൻ പോകുന്നത്. ഞങ്ങൾക്ക് ബി.ജെ.പിയെകൊണ്ട് ഒരാശ്വാസവുമില്ല. സി.പി.എമ്മിനാണ് ബി.ജെ.പിയെ ആവശ്യമുള്ളതെന്നും സതീശൻ പറഞ്ഞു. കേരളത്തെ കലാപഭൂമിയാക്കാൻ ശ്രമിക്കുന്നതിൽ സി.പി.എമ്മിന് കാര്യമായ പങ്കുണ്ട്. ഇത് ശരിയാണോ എന്ന് ഗൗരവത്തോടെ പരിശോധിക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു.