തിരുവനന്തപുരം- സംസ്ഥാന തലസ്ഥാനത്ത് ഏറ്റവും കൂടുതൽ സുരക്ഷയുള്ള എ.കെ.ജി സെന്ററിൽ എങ്ങിനെയാണ് ആക്രമണമുണ്ടായതെന്ന് പി.സി വിഷ്ണുനാഥ് എം.എൽ.എ. നിയമസഭയിൽ അടിയന്തിര പ്രമേയം അവതരിപ്പിക്കുകയായിരുന്നു വിഷ്ണുനാഥ്. പ്രതിയെ മിനിറ്റുകൾക്കകം പിടികൂടാമെന്നിരിക്കെ അതുണ്ടായില്ല. നിരവധി സി.സി.ടി.വികളുണ്ടായിട്ടും ഒന്നും പരിശോധിച്ചില്ല. എ.കെ.ജി സെന്റിന് ചുറ്റിലും നിരവധി പോലീസ് സ്‌റ്റേഷനുകളുണ്ട്. എന്നിട്ടും സംഭവത്തിന് പിന്നിലെ ആക്രമിയെ പിടികൂടിയില്ല. ഇപ്പോൾ ഏതെങ്കിലും നിരപരാധിയെ അറസ്റ്റ് ചെയ്യാനാണ് ശ്രമം. ഫെയ്‌സ്ബുക്കിൽ പോസ്റ്റിട്ടയാളെയാണ് ആദ്യം പിടിച്ചത്. കലാപാഹ്വാനം നടത്തി എന്ന് ആരോപിച്ചാണ് അയാളെ കസ്റ്റഡിയിൽ എടുത്തത്. പോലീസിന്റെ നിഷ്‌ക്രിയത്വം മാത്രമല്ല, പോലീസിനെ അമിതമായി രാഷ്ട്രീയവത്കരിക്കുന്ന സ്ഥിതിയാണ് സംസ്ഥാനത്തുള്ളത്. പ്രതിപക്ഷ നേതാവിന്റെ വസതി ആക്രമിച്ച പ്രതികളെ സ്റ്റേഷൻ ജാമ്യം നൽകിയാണ് വിട്ടയച്ചത്. നിരന്തരമായി കൊലവിളി പ്രസംഗം ഉണ്ടാകുന്നു. പോലീസിന്റെ കെടുകാര്യസ്ഥതയേക്കാൾ അമിതമായ രാഷ്ട്രീയവത്കരണം വൻ അപകടമാണ്.
എ.കെ.ജി സെന്ററിന് നേരെ ആക്രമണം ഉണ്ടായ ഉടൻ തന്നെ ഇടതുകൺവീനർ ഇ.പി ജയരാൻ അവിടെ എത്തി. ഒരു പരിശോധനയും ഇല്ലാതെ എ.കെ.ജി സെന്റർ ആക്രമിച്ചത് കോൺഗ്രസ് ആണെന്ന് ജയരാജൻ പ്രഖ്യാപിച്ചു. എവിടെനിന്നാണ് ആ വിവരം ലഭിച്ചത്. അദ്ദേഹത്തെ ചോദ്യം ചെയ്‌തോ. ഭീകരമായ ശബ്ദമാണ് അവിടെ ഉണ്ടായതെന്നും കെട്ടിടം ഇടിഞ്ഞുപൊളിഞ്ഞുവീഴുന്ന പ്രതീതിയാണുണ്ടായതെന്നുമാണ് മുൻ മന്ത്രി പി.കെ ശ്രീമതി ടീച്ചർ പറഞ്ഞത്. കെട്ടിടം ഇടിഞ്ഞുപൊളിഞ്ഞുവീഴുന്ന ശബ്ദം കേട്ടിട്ട് പോലീസ് എന്ത് ചെയ്യുകയായിരുന്നു. അവിടെ സുരക്ഷയിലുണ്ടായിരുന്ന പോലീസുകാരെ പിൻവലിച്ചിട്ടുണ്ടാകും. പിൻവലിച്ചില്ലെങ്കിൽ അവിടെ ഉണ്ടായിരുന്ന പോലീസ് എന്തുകൊണ്ട് ആക്രമിയെ പിടികൂടിയില്ല. അവിടെ ഭീകരാക്രമണം നടന്നു എന്നാണ് ഇടതുകൺവീനർ പറഞ്ഞത്. ആ മതിലിലെ മൂന്നു ചെറിയ കല്ലുകളെ മാത്രം ലക്ഷ്യം വെച്ചുള്ള നാനോ ഭീകരാക്രമാണിതെന്ന് വിഷ്ണുനാഥ് പരിഹസിച്ചു.
കോടിയേരി ബാലകൃഷ്ണന്റെ പ്രസംഗ വേദിയിലേക്ക് ബോംബെറിഞ്ഞയാളെ പിടികൂടാൻ കഴിഞ്ഞില്ല. സന്ദീപാനന്ദ ഗിരിയുടെ ആശ്രമത്തെ കത്തിച്ചയാളെ പിടികൂടിയില്ല. മുഖ്യമന്ത്രി നിമിഷനേരം കൊണ്ടാണ് സന്ദീപാനന്ദ ഗിരിയുടെ ആശ്രമത്തിൽ എത്തിയത്. സഖാവ് കൃഷ്ണപിളളയുടെ സ്മാരകം തകർത്ത കേസിലെ മുഴുവൻ പ്രതികളും സി.പി.എം പ്രവർത്തകരായിരുന്നു. എ.കെ.ജി സെന്റർ ആക്രമിച്ച കേസിലും പോലീസ് മൗനം ദുരൂഹമാണ്. എ.കെ.ജി സെന്ററിലേക്ക് എസ്.ഡി.പി.ഐ നേതാക്കൾ സൗഹൃദ സന്ദർശനം നടത്തിയത്. അഭിമന്യൂവിന്റെ രക്തസാക്ഷി ദിനത്തിലായിരുന്നു എസ്.ഡി.പി.ഐ പ്രവർത്തകർ എത്തിയത്. എ.കെ.ജി സെന്ററിന്റെ മതിലിൽ വർഗീയത തുലയണ്ട എന്ന് എഴുതിവെക്കണമെന്നും വിഷ്ണുനാഥ് പറഞ്ഞു.