കൊച്ചി- ഹാരിസണ്‍സ് മലയാളം പ്ലാന്റേഷന്‍സ് കൈവശം വെച്ചിരിക്കുന്ന 38,000 ഏക്കര്‍ ഭൂമി ഭൂസംരക്ഷണ നിയമ പ്രകാരം ഏറ്റെടുത്ത സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ നിര്‍ത്തി വക്കണമെന്നും കമ്പനിയുടെ ആവശ്യം പരിഗണിച്ച ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു. ഭൂമി ഏറ്റെടുക്കാനുള്ള സ്‌പെഷ്യല്‍ ഓഫീസര്‍ എം ജി രാജമാണിക്യത്തിന്റെ ഉത്തരവാണ് റദ്ദാക്കിയത്. പൊതുജനത്തെ തൃപ്തിപ്പെടുത്താന്‍ സര്‍ക്കാര്‍ തെറ്റായ നടപടികള്‍ സ്വീകരിക്കരുതെന്നും കോടതി ചൂണ്ടിക്കാട്ടി.
പൂര്‍ണമായോ ഭാഗികമായോ വിദേശ ഉടമസ്ഥതയിലുള്ള കമ്പനിയായ ഹാരിസണ്‍ മലയാളം കൈവശം വച്ചിരിക്കുന്ന 38,000 ഏക്കറോളം ഭൂമി സര്‍ക്കാര്‍ ഭൂമിയാണന്നായിരുന്നു രാജമാണിക്യത്തിന്റെ കണ്ടെത്തല്‍. സ്വാതന്ത്ര്യത്തിനു ശേഷമുള്ള ഭൂമി ഉടമസ്ഥാവകാശ നിയമം, ഫെറ നിയമം എന്നിവ ഹാരിസണ്‍ ലംഘിച്ചെന്നും ഈ തോട്ട ഭൂമി പൂര്‍ണമായും ഏറ്റെടുക്കണമെന്നുമായിരുന്നു രാജമാണിക്യത്തിന്റെ ഉത്തരവ്.