കല്‍പ്പറ്റ- രാഹുല്‍ ഗാന്ധിയുടെ ഓഫീസിന് നേരെയുണ്ടായ ആക്രമണത്തിനിടെ അവിടെയുണ്ടായിരുന്ന മഹാത്മഗാന്ധിയുടെ ചിത്രം തകര്‍ത്ത സംഭവത്തില്‍ കോണ്‍ഗ്രസിനെ വെട്ടിലാക്കി പോലീസ് റിപ്പോര്‍ട്ട്. രാഹുലിന്റെ വയനാട്ടിലെ ഓഫീസിനെതിരെ എസ്.എഫ്.ഐ അക്രമം നടത്തി പോയതിന് ശേഷമാണ് ഗാന്ധി ചിത്രം തകര്‍ത്തതെന്നാണ് പോലീസ് പറയുന്നത്. സംഭവങ്ങളുമായി ബന്ധപ്പെട്ട പോലീസ് ഫോട്ടോഗ്രാഫര്‍ പകര്‍ത്തിയ ചിത്രങ്ങളും മാധ്യമങ്ങളിലൂടെ വന്ന ദൃശ്യങ്ങളും പരിശോധിച്ച ശേഷമാണ് പോലീസിന്റെ റിപ്പോര്‍ട്ട്.
ആക്രമണം നടത്തിയ എസ്എഫ്‌ഐക്കാര്‍ പോയതിന് പിന്നാലെ യുഡിഎഫ് പ്രവര്‍ത്തകര്‍ ഓഫീസിലേക്കെത്തിയിരുന്നു. ഇതിന് ശേഷമാണ് ഗാന്ധി ചിത്രം താഴെ വീണുകിടക്കുന്ന ചിത്രങ്ങള്‍ വന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഓഫീസ് അടിച്ച് തകര്‍ത്ത ശേഷം രാഹുലിന്റെ ചിത്രവും വാഴയും എസ്എഫ്‌ഐക്കാര്‍ അവിടെ സ്ഥാപിച്ചു. ഈ സമയത്തും ഗാന്ധി ചിത്രം ചുമരില്‍ തന്നെ ഉണ്ടായിരുന്നു. എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പോയതിനും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വന്നതിനും ശേഷം പുറത്തുവന്ന ആദ്യ ചിത്രത്തില്‍ ഗാന്ധി ചിത്രം കമിഴ്ന്ന നിലയിലായിരുന്നു. പിന്നീടത് മുഖം കാണുന്ന രീതിയിലേക്ക് മാറിയെന്നും പോലീസ് പറയുന്നു.
ഗാന്ധി ചിത്രമടക്കം എസ്എഫ്‌ഐ തകര്‍ത്തെന്ന് കാണിച്ച് യുഡിഎഫും കോണ്‍ഗ്രസും വ്യാപക പ്രചാരണമായിരുന്നു നടത്തിയിരുന്നത്. ഗാന്ധി ചിത്രം തങ്ങള്‍ തകര്‍ത്തില്ലെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തന്നെയാണ് തകര്‍ത്തതെന്നും എസ്എഫ്‌ഐയും ആരോപണമുയര്‍ത്തിയിരുന്നു.
എസ്എഫ്‌ഐ ഉയര്‍ത്തിയ ആരോപണം നേരത്തെ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനോട് വാര്‍ത്താസമ്മേളനത്തിനിടെ മാധ്യമ പ്രവര്‍ത്തകന്‍ ചോദിച്ചപ്പോള്‍ അദ്ദേഹം ഇറക്കിവിടുമെന്ന് ഭീഷണിപ്പെടുത്തുകയും ക്ഷുഭിതനാകുകയും ചെയ്തിരുന്നു.