ചെന്നൈ- പുറത്തെ പ്രതിഷേധത്തെ വെല്ലുന്ന ആവേശം, ഗ്രൗണ്ടിൽ കണ്ട മത്സരത്തിൽ കൊൽക്കത്തക്കെതിരെ ചെന്നൈക്ക് നാടകീയ ജയം. ഒരു പന്ത് അവശേഷിക്കെ അഞ്ച് വിക്കറ്റിനാണ് ചെന്നൈ തങ്ങളുടെ ആദ്യ ഹോം മത്സരം ജയിച്ചത്. കാവേരി നദീജലത്തെച്ചൊല്ലിയുള്ള പ്രതിഷേധക്കാർ പുറത്ത് പ്രകടനം നടത്തുകയും മത്സരത്തിന്റെ ടിക്കറ്റ് കത്തിക്കുകയുമൊക്കെ ചെയ്‌തെങ്കിലും അതൊന്നും കളിയെ ബാധിച്ചില്ല. പ്രതിഷേധക്കാരെ നേരിടാൻ കനത്ത പോലീസ് സന്നാഹം നിലയുറപ്പിച്ചപ്പോൾ, ഗാലറിയിൽ ആരാധകർ നിറഞ്ഞു. മുദ്രാവാക്യം വിളിച്ചവരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.
വമ്പൻ ഷോട്ടുകൾ നിറഞ്ഞ മത്സരത്തിന്റെ അവസാന ഓവർ വരെ ആവേശം നിറഞ്ഞുനിന്നു. വിനയകുമാർ എറിഞ്ഞ അവസാന ഓവറിന്റെ അഞ്ചാമത്തെ പന്തിൽ സിക്‌സർ പറത്തിക്കൊണ്ട് ഡ്വെയ്ൻ ബ്രാവോയാണ് ആതിഥേയർക്ക് തകർപ്പൻ ജയം സമ്മാനിക്കുന്നത്.
11 സിക്‌സറുകൾ പറത്തിയ ആന്ദ്രെ റസ്സലിന്റെ (36 പന്തിൽ 88 നോട്ടൗട്ട്) ബാറ്റിംഗ് വെടിക്കെട്ടുമായി ആറ് വിക്കറ്റിന് 202 എന്ന നല്ല വെല്ലുവിളിയാണ് കൊൽക്കത്ത ചെന്നൈക്ക് മുന്നിൽ ഉയർത്തിയത്. എന്നാൽ ഷെയ്ൻ വാട്‌സണും (19 പന്തിൽ 42), ആമ്പാട്ടി രായിഡുവും (26 പന്തിൽ 39) ചേർന്ന് വെല്ലുവിളി സധൈര്യം ഏറ്റെടുത്തു. ഓപണിംഗ് കൂട്ടുകെട്ട് 5.5 ഓവറിൽ 75 റൺസാണടിച്ചത്. വാട്‌സൺ മൂന്ന് ബൗണ്ടറിയും മൂന്ന് സിസ്‌കറും പറത്തിയപ്പോൾ, രായിഡു മൂന്ന് ബൗണ്ടറിയും രണ്ട് സിസ്‌കറും പായിച്ചു. എന്നാൽ ഓപണിംഗ് ജോടിക്കുശേഷം വന്ന സുരേഷ് റെയ്‌നയും (12 പന്തിൽ 14), ക്യാപ്റ്റൻ മഹേന്ദ്ര ധോണിയും (28 പന്തിൽ 25) വേണ്ടത്ര തിളങ്ങിയില്ല. പിന്നീടെത്തിയ സാം ബില്ലിംഗ്‌സ് ഷോട്ടുകളുടെ മാലപ്പടക്കം തീർത്തുകൊണ്ട് സ്‌കോറിംഗ് വീണ്ടും വേഗത്തിലാക്കി. 23 പന്തിൽ 56 റൺസടിച്ച ബില്ലിംഗ്‌സ് രണ്ട് ബൗണ്ടറികളും അഞ്ച് സിക്‌സറുമാണ് പറത്തിയത്. എട്ട് പന്ത് അവശേഷിക്കെ ബില്ലിംഗ്‌സ് പുറത്തായെങ്കിലും ബ്രാവോയും (5 പന്തിൽ 11 നോട്ടൗട്ട്), രവീന്ദ്ര ജദേജയും (7 പന്തിൽ 11 നോട്ടൗട്ട്) ചെന്നൈയുടെ വിജയം ഉറപ്പാക്കി. ചെന്നൈയുടെ തുടർച്ചയായ രണ്ടാം വിജയമാണിത്. ഉദ്ഘാടന മത്സരത്തിൽ അവർ മുംബൈയെ തോൽപിച്ചിരുന്നു.
സിക്‌സറുകളുടെ മാലപ്പടക്കം കണ്ട മത്സരം കാണികൾക്ക് നല്ല വിരുന്നായി. മൊത്തം 31 സിക്‌സറുകളാണ് എം.എം ചിദംബരം സ്റ്റേഡിയം ഇന്നലെ കണ്ടത്. ബൗണ്ടറികൾ 20 മാത്രം.
നേരത്തെ കൊൽക്കത്തയുടെ വിക്കറ്റുകൾ ഇടയ്ക്കിടെ വീണെങ്കിലും സ്‌കോറിംഗ് താഴേക്ക് പോയിരുന്നില്ല. നാല് പന്ത് മാത്രം നേരിട്ട ഓപണർ സുനിൽ നാരായൻ (12) രണ്ട് സിക്‌സറുകൾ പറത്തിയ ശേഷം പുറത്തായി. ക്രിസ് ലിന്നും (16 പന്തിൽ 22), റോബിൻ ഉത്തപ്പയും (16 പന്തിൽ 29), ക്യാപ്റ്റൻ ദിനേശ് കാർത്തിക്കും (25 പന്തിൽ 25) റൺറേറ്റ് താഴേക്ക് വരാതെ നോക്കി. എങ്കിലും റസ്സൽ എത്തിയതോടെ സ്‌കോറിംഗ് വേഗം ശരം പോലെയായിരുന്നു. എന്നാൽ അതേ നാണയത്തിൽ തന്നെയായിരുന്നു ചെന്നൈയുടെ മറുപടിയും.