Sorry, you need to enable JavaScript to visit this website.

ഹീന സിദ്ദുവിന് സ്വർണം

സചിൻ ചൗധരിക്ക് വെങ്കലം
ദേശീയ റെക്കോർഡിട്ട അനസ് നാലാമത് 
ഗഗൻ നാരംഗിനും മെഡലില്ല

ഗോൾഡ് കോസ്റ്റ്- ഷൂട്ടിംഗിൽ സ്വർണം നേടിയ ഹീന സിദ്ദു, ഈ കോമൺവെൽത്ത് ഗെയിംസിൽ ഇരട്ട മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ താരമായി. വനിതകളുടെ 25 മീറ്റർ പിസ്റ്റളിലാണ് ഹീനയുടെ നേട്ടം. പാര പവർ ലിഫ്റ്റിംഗിൽ സചിൻ ചൗധരി വെങ്കലം നേടിയപ്പോൾ അഞ്ച് ഇനങ്ങളിൽ ഇന്ത്യക്ക് മെഡൽ ഉറപ്പായി.
എന്നാൽ മലയാളികൾ പ്രതീക്ഷയോടെ കാത്തിരുന്ന മുഹമ്മദ് അനസിന് ദേശീയ റെക്കോർഡ് പ്രകടനം കാഴ്ചവെച്ചിട്ടും കയ്യെത്തും ദൂരത്ത് മെഡൽ നഷ്ടമായി. 400 മീറ്ററിൽ 45.31 സെക്കന്റിൽ ഫിനിഷ് ചെയ്ത അനസിന് നാലാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. 
ആറാം ദിവസത്തെ മത്സരങ്ങൾ കഴിഞ്ഞപ്പോൾ 11 സ്വർണമടക്കം 21 മെഡലുകളുമായി പട്ടികയിൽ മൂന്നാം സ്ഥാനത്ത് തുടരുകയാണ് ഇന്ത്യ.
ബോക്‌സിംഗിൽ സെമിയിൽ കടന്ന അമിത് ഫാംഗൽ, നമൻ തൻവർ, മുഹമ്മദ് ഹുസ്സാമുദ്ദീൻ, മനോജ് കുമാർ, സതീശ് കുമാർ എന്നിവരാണ് മെഡൽ ഉറപ്പാക്കിയത്. വെള്ളിയാഴ്ചയാണ് ഇവരുടെ മത്സരങ്ങൾ. പരുഷ, വനിതാ ഹോക്കി ടീമുകളും സെമിയിലെത്തി.
ബെൽമണ്ട് ഷൂട്ടിംഗ് സെന്ററിൽ 38 പോയന്റുമായി ഗെയിംസ് റെക്കോടെയാണ് ഹീന സ്വർണം നേടിയത്. കഴിഞ്ഞ ദിവസം പത്ത് മീറ്റർ എയർ പിസ്റ്റളിൽ 28കാരിക്ക് വെള്ളി ലഭിച്ചിരുന്നു. ഇന്നലത്തെ ഹീനയുടെ സ്വർണത്തോടെ ഗോൾഡ് കോസ്റ്റിൽ ഇന്ത്യൻ ഷൂട്ടിംഗ് സംഘം നേടിയ മെഡലുകളുടെ എണ്ണം എട്ടായി.
എന്നാൽ 11 കോമൺവെൽത്ത് മെഡലുകൾ നേടിയിട്ടുള്ള ഗഗൻ നരംഗ് നിരാശപ്പെടുത്തി. 617 പോയന്റുമായി ഫൈനൽ റൗണ്ടിലെത്തിയ നരംഗിന് പക്ഷെ പിന്നീട് ഫോമിലെത്താൻ കഴിഞ്ഞില്ല. എട്ട് പേർ മത്സരിച്ച ഫൈനൽ റൗണ്ടിൽ പുറത്തായ രണ്ടാമത്തെ താരമായി ഒളിംപിക് മെഡൽ ജേതാവായ നരംഗ്. 
2006ൽ മെൽബണിലും, 2010ൽ ദൽഹിയിലും നാല് വീതം സ്വർണം നേടിയ നരംഗിന് പക്ഷെ 2014ലെ ഗ്ലാസ്‌ഗോ ഗെയിംസിൽ ഒരു വെള്ളിയും വെങ്കലവും കൊണ്ട് തൃത്പിപ്പെടേണ്ടിവന്നിരുന്നു. 2012ലെ ലണ്ടൻ ഒളിംപിക്‌സിൽ വെങ്കലം നേടിയ നരംഗിന്റെ പ്രതാപകാലം അവസാനിച്ചുവെന്ന് തെളിയിക്കുന്നതായി ഗോൾഡ് കോസ്റ്റിലെ പ്രകടനം.
പാര പവർലിഫ്റ്റിംഗിൽ പുരുഷന്മാരുടെ ഹെവിവെയ്റ്റ് വിഭാഗത്തിലാണ് സചിൻ ചൗധരി വെങ്കലം നേടുന്നത്. മറ്റ് മൂന്ന് വിഭാഗങ്ങളിൽ ഇന്ത്യൻ താരങ്ങൾ ഫൈനൽ റൗണ്ടിലെത്തിയിട്ടുണ്ട്.
ബോക്‌സിംഗ് 49 കിലോ വിഭാഗത്തിൽ സ്‌കോട്ട്‌ലാന്റിന്റെ അഖീൽ അഹ്മദിനെയാണ് അമിത് ക്വാർട്ടറിൽ തോൽപ്പിച്ചത്. 91 കിലോ വിഭാഗത്തിൽ തൻവർ സമോവയുടെ ഫാൻസ് മാസോയെ തോൽപ്പിച്ചു. 56 കിലോ വിഭാഗത്തിൽ ഹുസ്സാമുദ്ദീനും, 69 കിലോ വിഭാഗത്തിൽ മനോജും മുന്നേറി.
പുരുഷ ഹോക്കിയിൽ കഴിഞ്ഞ തവണത്തെ വെള്ളി മെഡൽ ജേതാക്കളായ മലേഷ്യയെ 2-1ന് തോൽപ്പിച്ചാണ് ഇന്ത്യ സെമി ഉറപ്പാക്കിയത്. ഹർമൻപ്രീത് സിംഗാണ് ഇന്ത്യയുടെ രണ്ട് ഗോളും നേടിയത്. മൂന്നാം മിനിറ്റിൽ ഇന്ത്യ മുന്നിലെത്തിയെങ്കിലും രണ്ടാം ക്വാർട്ടറിൽ ഫൈസൽ സഅരി മലേഷ്യക്ക് സമനില നേടിക്കൊടുത്തു. 43ാം മിനിറ്റിൽ പെനാൽറ്റി കോർണറിൽനിന്ന് സ്‌കോർ ചെയ്ത ഹർമൻപ്രീത് ഇന്ത്യയുടെ വിജയമുറപ്പാക്കി. 
ദക്ഷിണാഫ്രിക്കയെ 1-0ന് തോൽപ്പിച്ചാണ് വനിതാ ഹോക്കി ടീമിന്റെ മുന്നേറ്റം. ക്യാപ്റ്റൻ റാണി രാംപോളിന്റെ വകയായിരുന്നു നിർണായക ഗോൾ.
സ്‌ക്വാഷ് വനിതാ ഡബിൾസ്, മിക്‌സ്ഡ് ഡബിൾസ് വിഭാഗങ്ങളിൽ ഇന്ത്യൻ ടീമുകൾ വിജയിച്ചു. ലോൺ ബൗൾസിലും ഇന്ത്യൻ താരങ്ങൾ വിവിധ വിഭാഗങ്ങളിൽ വിജയം കുറിച്ചു. പുരുഷ സിംഗിൾ, വനിതകളുടെ പെയേഴ്‌സ്, പുരുഷന്മാരുടെ ഫോർസ് വിഭാഗങ്ങളിലാണ് ഇന്ത്യ ജയിച്ചത്.

Latest News