Sorry, you need to enable JavaScript to visit this website.

സൈബർ കുറ്റകൃത്യം തടയാൻ സൗദി-ഇന്ത്യ കരാർ വരുന്നു 

റിയാദ് - സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിന് പരസ്പരം സഹകരിച്ച് പ്രവർത്തിക്കുന്നതിന് ഇന്ത്യയുമായി സാങ്കേതിക ധാരണാപത്രം ഒപ്പുവെക്കാൻ സൗദി മന്ത്രിസഭ തീരുമാനിച്ചു. ഇക്കാര്യത്തിൽ ഇന്ത്യൻ ആഭ്യന്തര മന്ത്രാലയവും സൗദി ആഭ്യന്തര മന്ത്രാലയവും ചർച്ച നടത്തി ധാരണാപത്രം ഒപ്പുവെക്കുന്നതിന് ആഭ്യന്തര മന്ത്രി അബ്ദുൽ അസീസ് ബിൻ സൗദ് രാജകുമാരനെ മന്ത്രിസഭാ യോഗം ചുമതലപ്പെടുത്തി. 
തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ അൽയെമാമ കൊട്ടാരത്തിൽ ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗമാണ് ഈ തീരുമാനം കൈക്കൊണ്ടത്.  ഗാർഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് മേഖലയിൽ കെനിയയുമായി ഒപ്പുവെച്ച കരാർ മന്ത്രിസഭ അംഗീകരിച്ചു. കഴിഞ്ഞ വർഷം ജിദ്ദയിൽ വെച്ചാണ് ഇരു രാജ്യങ്ങളും ഗാർഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് കരാർ ഒപ്പുവെച്ചത്. 
തൊഴിൽ, സാമൂഹിക വികസന മേഖലയിൽ സഹകരിക്കുന്നതിന് സ്‌പെയിനുമായി ധാരണാപത്രം ഒപ്പുവെക്കുന്നതിന് തൊഴിൽ, സാമൂഹിക വികസന മന്ത്രി ഡോ. അലി അൽഗഫീസിനെയും മന്ത്രിസഭാ യോഗം ചുമതലപ്പെടുത്തി. 
കൊമേഴ്‌സ്യൽ രജിസ്‌ട്രേഷൻ നിയമത്തിലെയും കമ്പനി നിയമത്തിലെയും ഏതാനും വകുപ്പുകളിൽ മന്ത്രിസഭ ഭേദഗതി വരുത്തി. സാമ്പത്തിക, വികസന സമിതി സമർപ്പിച്ച റിപ്പോർട്ട് വിശകലനം ചെയ്തും ശൂറാ കൗൺസിൽ തീരുമാനം പരിശോധിച്ചുമാണ് ഇരു നിയമങ്ങളിലെയും ചില വകുപ്പുകളിലെ ഭേദഗതികൾ മന്ത്രിസഭ അംഗീകരിച്ചത്. 
സിറിയയിലെ കിഴക്കൻ ഗൂത്തയിലെ ദൂമ നഗരത്തിലുണ്ടായ രാസായുധ ആക്രമണത്തെ മന്ത്രിസഭ കടുത്ത ഭാഷയിൽ അപലപിച്ചു. സിറിയൻ ജനതയുടെ ദുരിതത്തിന് അറുതിയുണ്ടാക്കണമെന്നും സിറിയയിൽ സാധാരണക്കാർക്ക് സംരക്ഷണം നൽകുന്നതിന് അന്താരാഷ്ട്ര സമൂഹം ഉത്തരവാദിത്തം വഹിക്കണമെന്നും ഒന്നാമത് ജനീവ പ്രഖ്യാപനത്തിന്റെയും യു.എൻ രക്ഷാ സമിതി 2254 ാം നമ്പർ പ്രമേയത്തിന്റെയും അടിസ്ഥാനത്തിൽ സിറിയൻ സംഘർഷത്തിന് സമാധാനപരമായ പരിഹാരം കാണണമെന്നും മന്ത്രിസഭാ യോഗം ആവശ്യപ്പെട്ടു.

Latest News