പാലക്കാട്- ആലത്തൂര്‍ സ്വദേശികളായ ദമ്പതികളെ പഴനിയിലെ ലോഡ്ജില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. ആലത്തൂര്‍ ബാങ്ക്‌റോഡ് എടാംപറമ്പ് സുകുമാരന്‍ (68), ഭാര്യ സത്യഭാമ (62) എന്നിവരാണ് മരിച്ചത്. കടബാധ്യതമൂലം ജീവനൊടുക്കുകയാണ് എന്ന് വാട്‌സ്അപിലൂടെ അടുത്ത ബന്ധുക്കളെ അറിയിച്ചതിനു ശേഷം ഇരുവരും തൂങ്ങിമരിക്കുകയായിരുന്നു. വെള്ളിയാഴ്ച രാത്രി പതിനൊന്നു മണിയോടെ സന്ദേശം ലഭിച്ച ബന്ധുക്കള്‍ ഇന്നലെ പുലര്‍ച്ചെ പഴനിയിലെത്തി അന്വേഷണം നടത്തിയപ്പോഴാണ് ലോഡ്ജ് മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ രണ്ടു പേരേയും കണ്ടെത്തിയത്. ആത്മഹത്യാക്കുറിപ്പും കണ്ടെടുത്തു.
ഊട്ടിയിലെ സഹോദരിയുടെ വീട്ടിലേക്ക് പോവുകയാണ് എന്നു പറഞ്ഞാണ് വെള്ളിയാഴ്ച ദമ്പതികള്‍ വീട്ടില്‍നിന്ന് ഇറങ്ങിയത്. വൈകുന്നേരമായിട്ടും എത്താതിരുന്നപ്പോള്‍ സഹോദരിയുടെ മക്കള്‍ ഫോണില്‍ ബന്ധപ്പെട്ടു. പഴനിയിലാണ് എന്ന് മറുപടി ലഭിച്ചു.
മൂന്ന് ആണ്‍മക്കളാണ് ദമ്പതികള്‍ക്കുള്ളത്. മാതാപിതാക്കള്‍ക്ക് സാമ്പത്തികബാധ്യതയുള്ള കാര്യം അവര്‍ക്കാര്‍ക്കും അറിയില്ലായിരുന്നു. ഇളയ മകനോടൊപ്പമായിരുന്നു താമസം. ചില ബാങ്കുകളില്‍ നിന്ന് ലോണ്‍ തെറ്റിയതിന്റെ പേരില്‍ സുകുമാരന് നോട്ടീസ് ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ എട്ടു വര്‍ഷമായി വീടിനു സമീപം പലചരക്ക് കട നടത്തി വരികയായിരുന്നു അദ്ദേഹം. മൃതദേഹം പോസ്റ്റുമാര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. മക്കള്‍: സുനില്‍കുമാര്‍, സുജിത്ത് (ഇരുവരും സൗദി), സുധീഷ് (വര്‍ക്ക് ഷോപ്പ്, പാലക്കാട്). മരുമക്കള്‍- ജയശ്രീ, സുഭാഷിണി, ശരണ്യ.