കണ്ണൂർ - വ്യാജ വാഹന ഇൻഷുറൻസ് സർട്ടിഫിക്കറ്റ് ചമച്ച് ലക്ഷങ്ങൾ തട്ടിയെടുത്ത സംഭവത്തിൽ യുവതി അറസ്റ്റിൽ. എളയാവൂർ സൗത്ത് പുതിയ കോട്ടത്തിനടുത്ത എം.കെ.ഷീബ ബാബുവിനെ(38)യാണ് ടൗൺ എസ്.ഐ.ശ്രീജിത്ത് കൊടേരി അറസ്റ്റു ചെയ്തത്.
ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ പൊതുമേഖലാ ഇൻഷുറൻസ് കമ്പനിയായ യുനൈറ്റഡ് ഇന്ത്യാ ഇൻഷുറൻസ് കമ്പനിയുടെ ഫ്രാഞ്ചസി നടത്തിപ്പുകാരിയാണ് പിടിയിലായ ഷീബ. വാഹനങ്ങളുടെ ഇൻഷുറൻസ് പ്രധാനമായും യുനൈറ്റഡ് ഇന്ത്യാ ഇൻഷുറൻസ് കമ്പനി വഴിയാണ് അടയ്ക്കാറുള്ളത്. ഇടപാടുകാരിൽ നിന്നും പണം വാങ്ങിയ ശേഷം വ്യാജ ഇൻഷ്ുറൻസ് സർട്ടിഫിക്കറ്റു നൽകിയാണ് തട്ടിപ്പു നടത്തയത്. കണ്ണൂർ സ്വദേശിയായ ഒരാളുടെ ടാറ്റാ എയ്‌സ് വാഹനം, ഇരിട്ടി വള്ളിത്തോടുള്ള ഒരാൾക്കു വിറ്റിരുന്നു. അതിന്റെ ആർ.സി ഉൾപ്പെടെയുള്ള മുഴുവൻ രേഖകളും കൈമാറി. എന്നാൽ ഇൻഷുറൻസ് സർട്ടിഫിക്കറ്റ്, വള്ളിത്തോട് സ്വദേശിയുടെ പേരിൽ മാറ്റി നൽകാൻ ഇരിട്ടിയിലെ ഓഫീസ് വഴി പല തവണ ശ്രമിച്ചിട്ടും നടന്നില്ല. തുടർന്ന് കണ്ണൂരിലെ ഓഫീസിൽ വിവരം അറിയിക്കുകയായിരുന്നു. ഇവർ നടത്തിയ പരിശോധനയിലാണ് വ്യാജ സർട്ടിഫിക്കറ്റാണെന്ന വിവരം ലഭിച്ചത്. ഈ വാഹനത്തിനു ഇൻഷുറൻസ് ഇല്ലെന്നാണ് കമ്പനിയുടെ ഔദ്യോഗിക രേഖകളിൽ ഉണ്ടായിരുന്നത്. അതേസമയം, ഇൻഷ്ുരൻസ് സർട്ടിഫിക്കറ്റ് ഉടമയുടെ കൈവശം ഉണ്ടായിരുന്നു. തുടർന്നാണ് ഈ സർട്ടിഫിക്കറ്റ് ഏത് കേന്ദ്രത്തിൽ നിന്നാണ് നൽകിയതെന്ന് അന്വേഷണം നടത്തിയത്.
വ്യാജമായി സർട്ടിഫിക്കറ്റ് നിർമ്മിച്ചു നൽകിയതാണെന്ന് വ്യക്തമായി. തളിപ്പറമ്പിലെ ഷിയ ടൂർസ് ആൻഡ് ട്രാവൽസ് ഉടമയുടെ ഭാര്യയുടെ പേരിലുള്ള ബി.എം.ഡബ്ല്യു കാറിന്റെ ഇൻഷുറൻസ് സർട്ടിഫിക്കറ്റും ഇത്തരത്തിൽ വ്യാജമായി നൽകിയതാമെന്നു വ്യക്തമായി. ഈ വർഷം ഇൻഷുറൻസ് തുക അടയ്ക്കാൻ മറ്റൊരു ഏജൻസിയെ സമീപിച്ചപ്പോഴാണ് കഴിഞ്ഞ വർഷം തുക അടച്ചില്ലെന്ന് രേഖകളിൽ നിന്നും വ്യക്തമായത്. 47,000 രൂപയോളം പ്രീമിയം അടയ്ക്കുന്നതിനായി ഇവർക്കു നൽകിയിരുന്നു. ഇത്തരത്തിൽ 200 ഓളം സർട്ടിഫിക്കറ്റുകൾ വ്യാജമായി നിർമ്മിച്ചു നൽകിയെന്നാണ് പ്രാഥമിക പരിശോധനയിൽ തന്നെ വ്യക്തമായത്. യുനൈറ്റഡ് ഇന്ത്യാ ഇൻഷുറൻസ് സീനിയർ മാനേജർ സജീവൻ നൽകിയ പരാതിയിലാണ് പോലീസ് അന്വേഷണം നടത്തിയതും പ്രതിയെ കസ്റ്റഡിയിൽ എടുത്തതും. ഇവരുടെ സ്ഥാപനത്തിൽ റെയ്ഡ് നടത്തി നിരവധി രേഖകൾ പിടിച്ചെടുത്തിട്ടുണ്ട്. ഇവ പരിശോധിച്ചു വരികയാണ്.