കുറ്റിപ്പുറം- അബുദാബിയിൽവച്ച് മലപ്പുറം സ്വദേശിനിയായ യുവതി മരിച്ച സംഭവത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ. കുറ്റിപ്പുറം രാങ്ങാട്ടൂർ സ്വദേശിനിയായ അഫീലിയയുടെ മരണത്തിന് പിന്നിൽ ഭർത്താവും ഭർതൃവീട്ടുകാരുമാണെന്നാണ് ബന്ധുക്കളുടെ ആരോപണം.
മരിക്കുന്നതിന് തൊട്ടുമുമ്പ് മാർദനമേറ്റ് പരിക്കുപറ്റിയ നിലയിലുള്ള ഫോട്ടോകളും കരയുന്ന ശബ്ദ സന്ദേശവും അഫീലിയ സഹോദരിക്ക് അയച്ചിരുന്നു. ഇതാണ് ബന്ധുക്കളുടെ സംശയത്തിന്റെ അടിസ്ഥാനം. മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കൾ കുറ്റിപ്പുറം പോലീസിലും ജില്ലാ പോലീസ് മേധാവിക്കും പരാതി നൽകി. തുടർന്നാണ് മലപ്പുറത്തെത്തിച്ച മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിൽ പോസ്റ്റ്‌മോർട്ടം നടത്തിയത്.
ദേഷ്യംവരുമ്പോഴെല്ലാം ഭർത്താവ് മർദിക്കും. മൊബൈൽ ഫോൺ പിടിച്ചുവയ്ക്കും. ഇവിടെവച്ച് തനിക്ക് എന്തെങ്കിലും പറ്റിയാലും ആത്മഹത്യ ചെയ്തതാണെന്നാണ് ഭർത്താവ് പറയുകയെന്നും സഹോദരിക്ക് അയച്ച ശബ്ദ സന്ദേശത്തിൽ അഫീലിയ പറയുന്നു.
ജൂൺ 11നായിരുന്നു അഫീലിയയുടെ മരണം. അബുദാബിയിൽ ജോലി കഴിഞ്ഞ് മുറിയിലെത്തിയ സമയത്ത് തളർന്നുകിടക്കുന്ന ഭാര്യയെയാണ് കണ്ടതെന്നും ആശുപത്രിയിൽ എത്തിച്ചശേഷമാണ് അഫീലിയ മരിച്ചതെന്നുമാണ് ഭർത്താവ് ബന്ധുക്കളെ അറിയിച്ചത്. മാർച്ചിലാണ് അഫീലിയ ഭർത്താവിനൊപ്പം അബുദാബിയിലെത്തിയത്. എട്ട് വർഷം മുമ്പായിരുന്നു ഇവരുടെ വിവാഹം. നാല് വയസ്സുള്ള കുഞ്ഞുമുണ്ട്. നേരത്തെയും ഇവർ തമ്മിൽ കുടുംബ പ്രശ്‌നങ്ങളുണ്ടായിരുന്നതായി ബന്ധുക്കൾ പറയുന്നു.