Sorry, you need to enable JavaScript to visit this website.

ദുബായ് നറുക്കെടുപ്പില്‍ മലയാളി യുവാക്കള്‍ക്ക് ആറര കോടി സമ്മാനം

സമ്മാനര്‍ഹരായ ഫ്രാന്‍സിസ് സെബാസ്റ്റ്യനും പിന്റോ പോള്‍ തൊമ്മനയും

ദുബായ്-അബുദബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ എട്ടു പ്രവാസി മലയാളികള്‍ ചേര്‍ന്നെടുത്ത ടിക്കറ്റിന് 21 കോടി രൂപ സമ്മാനമടിച്ച വാര്‍ത്തയുടെ ചൂടാറും മുമ്പ് ദുബായില്‍ നിന്ന് മറ്റൊരു ഭാഗ്യക്കുറി സമ്മാനം കൂടി മലയാളി പ്രവാസികളെ തേടിയെത്തിയിരിക്കുന്നു. ദുബായ് ഡ്യൂട്ടി ഫ്രീ മിലേനിയം മില്യനയര്‍ നറുക്കെടുപ്പില്‍ ആറര കോടി രൂപയാണ് ഷാര്‍ജയിലെ ഒരു വര്‍ക്ക്‌ഷോപ്പില്‍ ജീവനക്കാരനായ പിന്റോ പോള്‍ തൊമ്മനയും സുഹൃത്ത് ഫ്രാന്‍സിസ് സെബാസ്റ്റ്യനും ചേര്‍ന്നെടുത്ത ടിക്കറ്റിന് അടിച്ചത്. ചൊവ്വാഴ്ച രാവിലെയാണ് നറുക്കെടുപ്പ് ഫലം പുറത്തു വന്നത്. ഈ യുവാക്കള്‍ ചേര്‍ന്നെടുത്ത 2465 നമ്പര്‍ ഓണ്‍ലൈന്‍ ടിക്കറ്റാണ് സമ്മാനര്‍ഹമായത്.

അയല്‍ക്കാരും എട്ടാം ക്ലാസ് മുതല്‍ സുഹൃത്തുക്കളുമായ ഇരുവരും സമ്മാന വാര്‍ത്ത കേട്ട ആശ്ചര്യത്തിലാണിപ്പോഴും. ഓണ്‍ലൈനില്‍ ടിക്കറ്റെടുക്കുന്നതിനിടെ ആദ്യം ശ്രമം പരാജയപ്പെട്ടു. രണ്ടാമതെടുത്ത ടിക്കറ്റാണിത്- പിന്റോ പറയുന്നു. അറിയിപ്പുമായി ആദ്യം ഫോണ്‍ വിളി വന്നപ്പോള്‍ സുഹൃത്തുക്കള്‍ പറ്റിക്കുകയായിരിക്കുമെന്നാണ് ആദ്യം കരുതിയത്. പിന്നീട് സുഹൃത്തുക്കള്‍ തന്നെയാണ് സമ്മാന വാര്‍ത്ത കണ്ട വിവരമറിഞ്ഞ് വിളിച്ചത്. ഇതോടെ വിശ്വാസമായി- പിന്റോ പറയുന്നു. സുഹൃത്ത് ഫ്രാന്‍സിസിന്റെ ഭാര്യ ലിയോണയുടെ പിറന്നാളായിരുന്നു ഇന്ന്്. ഈ വിശേഷ ദിവസം തന്നെ ഭാഗ്യം വന്നെത്തിയത് കുടുംബത്തിന് ഇരട്ടി ആഘോഷമായി.

ഫ്രാന്‍സിസ് നേരത്തെ അഞ്ചു തവണ ഈ നറുക്കെടുപ്പില്‍ പങ്കെടുത്തിട്ടുണ്ടെങ്കിലും ആദ്യമായാണ് സമ്മനമടിക്കുന്നത്. മറ്റു സുഹൃത്തുക്കള്‍ക്കൊപ്പം ചേര്‍ന്നാണ് നേരത്തെ ടിക്കറ്റെടുത്തിരുന്നത്. കളിക്കൂട്ടുകാരാനയ പിന്റോയ്്‌ക്കൊപ്പം ആദ്യമായി എടുത്ത ടിക്കറ്റിനു തന്നെ സമ്മാനമടിച്ചതില്‍ ഫ്രാന്‍സിസ് അതീവ സന്തോഷവാനാണ്. 

സാമ്പത്തിക പരാധീനതകളില്‍പ്പെട്ട കുടുംബത്തെ കരകയറ്റാന്‍ ഈ തുക വിനിയോഗിക്കാനാണ് പിന്റോയുടെ തീരുമാനം. രണ്ടു മക്കള്‍ക്കും നല്ല വിദ്യഭ്യാസവും നല്‍കണം- പിന്റോ പറഞ്ഞു.  ഫ്രാന്‍സിസ് പദ്ധതി തയാറാക്കി വരുന്നതെയുള്ളൂ. മതാപിതാക്കളെ ദുബായിലെത്തിക്കണം. ഇപ്പോഴുള്ള ജോലിയില്‍ തന്നെ തുടരും. മാതാപിതാക്കള്‍ക്കൊപ്പം വീടുവച്ച് കഴിയണമെന്നാണ് എക്കാലത്തേയും ആഗ്രഹം- ഫ്രാന്‍സിസ് പറയുന്നു. ഷാര്‍ജയിലെ ഒരു ഓട്ടോമൊബീല്‍ കമ്പനിയില്‍ ഷോറൂം സെയ്ല്‍സ്മാനാണ് ഫ്രാന്‍സിസ്. 

Latest News