അട്ടപ്പാടിയില്‍ യുവാവിനെ അടിച്ചു കൊന്നു, ആറു പേര്‍ അറസ്റ്റില്‍

പാലക്കാട്- അട്ടപ്പാടിയില്‍ തോക്ക് നല്‍കാമെന്ന് പറഞ്ഞ് പണം വാങ്ങിയ യുവാവിനെ അടിച്ചു കൊന്നു. ആറു പേര്‍ അറസ്റ്റില്‍. പുലര്‍ച്ചെ മൂന്ന് മണിയോടെ ഉണ്ടായ സംഭവത്തില്‍ കൊടുങ്ങല്ലൂര്‍ സ്വദേശി നന്ദകിഷോര്‍(26) ആണ് മരിച്ചത്. സുഹൃത്ത് വിനയനെ മര്‍ദ്ദനമേറ്റ് അവശനിലയില്‍ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് അട്ടപ്പാടി ഭൂതിവഴി സ്വദേശികളായ വിപിന്‍ പ്രസാദ്(24), പ്രവീണ്‍ (23), രാജീവ്(22), ഒറ്റപ്പാലം വരോട് സ്വദേശികളായ നാഫി(24), അഷറഫ്(33), സുനില്‍കുമാര്‍(24) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. അട്ടപ്പാടി കവുണ്ടിക്കല്‍ ഇരട്ടക്കുളത്തെ ഫാം ഹൗസില്‍ വെച്ചാണ് നന്ദകിഷോറും വിനയനും മര്‍ദ്ദനത്തിന് വിധേയരായത്. അവശനിലയിലായ ഇരുവരേയും പ്രതികള്‍ തന്നെയാണ് ആശുപത്രിയിലെത്തിച്ചത്. നന്ദകിഷോറിന്റെ സഹോദരന്‍ ഋഷിനന്ദന്‍ കണ്ണൂരില്‍ നിന്ന് കിളികളെ കൊല്ലുന്ന തോക്ക് എത്തിച്ചു നല്‍കാമെന്ന് പറഞ്ഞ് പ്രതികളുടെ കയ്യില്‍ നിന്ന് പണം വാങ്ങിയിരുന്നു. നന്ദകിഷോറായിരുന്നു ഇടനിലക്കാരന്‍. യുവാക്കളെ അഗളി ആശുപത്രിയിലെത്തിച്ച് മുങ്ങിയ പ്രതികളെ പിന്നീട് പോലീസ് പിടികൂടുകയായിരുന്നു.

 

Latest News