ജിദ്ദ- പ്രമുഖ കലാ-സാംസ്‌കാരിക സംഘടനയായ കേരള കലാസാഹിതിയുടെ 22 ാം വാർഷികാഘോഷം 'കളേഴ്‌സ് ഓഫ് ഇന്ത്യ-2018' വൈവിധ്യമാർന്ന പരിപാടികളോടെ ആഘോഷിച്ചു. ഇന്ത്യൻ കോൺസുലേറ്റ് അങ്കണത്തിൽ നടന്ന പരിപാടി ഡെപ്യൂട്ടി കോൺസൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലം ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് നൗഷാദ് ഇസ്മായിൽ അധ്യക്ഷത വഹിച്ചു. കോൺസൽമാരായ വൈ.കെ. ശുക്ല (എച്ച്.ഒ.സി), കെ. ആനന്ദ്കുമാർ എന്നിവർ സന്നിഹിതരായിരുന്നു. സൗദിയിലും ഗുജറാത്തിലും വ്യാപാര മേഖലയിൽ മികച്ച നേടനേട്ടങ്ങൾ സ്വന്തമാക്കിയ സവാക്കോ ഗ്രൂപ്പ് സി.ഇ.ഒ. നിസാർ കമ്മൗറിയെ ചടങ്ങിൽ ആദരിച്ചു. രക്ഷാധികാരി മുസാഫിർ പൊന്നാടയണിച്ചു. ഉപദേശക സമിതിയംഗം റോയ് മാത്യു മെമന്റോ നൽകി. പ്രോഗ്രാം കമ്മറ്റി കൺവീനർ അഷ്‌റഫ് കുന്നത്ത് പരിപാടികളെക്കുറിച്ച് വിശദീകരിച്ചു. ജന.സെക്രട്ടറി സജി കുര്യാക്കോസ് സ്വാഗതവും പി.ആർ.ഒ അബ്ദുൽ നിഷാദ് നന്ദിയും പറഞ്ഞു.
കലാസാഹിതിക്കു വേണ്ടി നിസ്തുല സേവനങ്ങൾ നൽകിയ അബ്ദുൽ നിഷാദ്, മോഹൻ ബാലൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു. ജിദ്ദയിലെ പ്രമുഖ കലാ-സാംസ്‌കാരിക സംഘടനാ നേതാക്കളും പൊതുപ്രവർത്തകരും അടക്കം നാനാതുറകളിൽപെട്ടവർ ആഘോഷ പരിപാടികളിൽ ഭാഗഭാക്കായി.
പ്രശസ്ത നൃത്താധ്യാപികമാർ ചിട്ടപ്പെടുത്തി അണിയിച്ചൊരുക്കിയ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലെയും കലാരൂപങ്ങൾ ചാരുത നഷ്ടപ്പെടാതെ അവതരിപ്പിച്ചത് കലാസ്വാദകർക്ക് ഹൃദ്യമായി. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിലനിന്ന സതി എന്ന ദുരാചാരത്തിന്റെ ദുരന്ത ഫലങ്ങൾ വരച്ചുകാണിച്ച ജി.എസ്. പ്രസാദ് സംവിധാനം ചെയ്ത നാടകം 'സതിമാതാ..' പ്രേക്ഷക ഹൃദയങ്ങളെ കീഴടക്കി. ഷെൽന വിജയ്, പുഷ്പ സുരേഷ്, പ്രസീദ മനോജ്, ഉണ്ണിമായ രാജീവ്, ഷാനി ഷാനവാസ്, സ്റ്റെഫി നിഷാദ്, നഹ്‌ല സൂരജ്, സെലീന മുസാഫിർ ഫാത്തിമാ ഷെറിൻ തുടങ്ങിയവർ നൃത്തങ്ങൾ ചിട്ടപ്പെടുത്തി. കലാസാഹിതി വനിതാ വിഭാഗം രാജസ്ഥാനി നൃത്തവുമായി വേദിയിലെത്തി. ആൺകുട്ടികളുടെ ബോളിവുഡ് നൃത്തത്തിന് സ്റ്റെബിൻ സജിയും സാഹിൽ ഷാജഹാനും നേതൃത്വം നൽകി. ലിജി സജി മാർഗംകളി രൂപപ്പെടുത്തി.
മുഹമ്മദ് റാഫി, അബ്ദുൽ ഹഖ് തിരൂരങ്ങാടി, ജോജി ജോർജ്, സാഹിൽ ഷാജഹാൻ, അനഘ നളിൻ എന്നിവർ ഗാനങ്ങളാലപിച്ചു. രസച്ചരടുമായി കലാപരിപാടികളുടെ ഇടവേളകളിൽ കേണൽ നായരായി റോയ് മാത്യു പ്രത്യക്ഷപ്പെട്ടു. ജോജി ജോർജ്, ബോബി ജോജി എന്നിവർ അവതാരകരായിരുന്നു. അലവി ആറങ്ങോടൻ, ഷാജഹാൻ, സൂരജ് സക്കറിയ, നിസാം ബാബു, മുഹമ്മദ് സമീർ, റജിയ വീരാൻ, മുഹമ്മദ് റാഫി, സജിത്ത് കുമാർ, മധു, മാത്യു, സുരേഷ് ബാബു, മുഹമ്മദ് കുഞ്ഞി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.