റിയാദ് - കഴിഞ്ഞ മാസം സൗദി ഓഹരി വിപണിക്ക് ഒരു ട്രില്യണ്‍ റിയാലിലേറെ നഷ്ടം നേരിട്ടതായി കണക്ക്. സൗദി ഓഹരി വിപണിയുടെ മൂല്യം 11.44 ട്രില്യണ്‍ റിയാലായി കുറഞ്ഞു. മെയ് അവസാനത്തില്‍ ഇത് 12.5 ട്രില്യണ്‍ റിയാലായിരുന്നു. സൗദി ഓഹരി വിപണിയിലെ പ്രധാന പത്തു കമ്പനികളുടെ വിപണി മൂല്യത്തില്‍ മാത്രം 903.3 ബില്യണ്‍ റിയാലിന്റെ കുറവുണ്ടായി. ഷെയര്‍ മാര്‍ക്കറ്റ് മൂല്യത്തിലുണ്ടായ ഇടിവിന്റെ 88.6 ശതമാനവും ഈ പത്തു കമ്പനികളുടെ വിഹിതമാണ്.
കൊറോണ മഹാമാരി വ്യാപനത്തിന്റെ മൂര്‍ധന്യാവസ്ഥയില്‍ 2020 മാര്‍ച്ചിനു ശേഷം സൗദി ഓഹരി സൂചികയിലുണ്ടാകുന്ന ഏറ്റവും വലിയ ഇടിവാണ് കഴിഞ്ഞ മാസത്തെത്. പണപ്പെരുപ്പം നിയന്ത്രിക്കാന്‍ സെന്‍ട്രല്‍ ബാങ്കുകള്‍ പലിശ നിരക്കുകള്‍ ഉയര്‍ത്തിയതിന്റെ ഫലമായി ആഗോള ഓഹരി വിപണികളിലുണ്ടായ തകര്‍ച്ചക്ക് അനുരണനങ്ങളാണ് സൗദി ഓഹരി വിപണിയിലും പ്രത്യക്ഷപ്പെട്ടത്.