റിയാദ് -കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും മൊറോക്കൊ ഭരണാധികാരി മുഹമ്മദ് ആറാമൻ രാജാവും ലെബനീസ് പ്രധാനമന്ത്രി സഅദ് അൽഹരീരിയും ഒരുമിച്ചുള്ള സെൽഫി സാമൂഹിക മാധ്യമങ്ങളിൽ വൈറലായി. ലെബനീസ് പ്രധാനമന്ത്രിയാണ് മൂവരും ഒരുമിച്ചുള്ള സെൽഫി ചിത്രീകരിച്ച് ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്. 'നോ കമന്റ്' എന്ന അടിക്കുറിപ്പോടെ പോസ്റ്റ് ചെയ്ത ഫോട്ടോ മൂന്നു നേതാക്കളും സൗദി, മൊറോക്കൊ രാജകുടുംബങ്ങളും അൽഹരീരി കുടുംബവും തമ്മിലുള്ള ബന്ധത്തിന്റെ ആഴം വ്യക്തമാക്കുന്നതായി.
മേഖലാ, അന്താരാഷ്ട്ര പ്രശ്നങ്ങളിൽ സമാന നിലപാടുകൾ വെച്ചുപുലർത്തുന്ന സൗദി അറേബ്യയും മൊറോക്കൊയും ലെബനോനും തമ്മിലുള്ള ബന്ധത്തിന്റെ പവിത്രതയെയും ഊഷ്മളതയെയും കുറിച്ച് സംശയിക്കുകയും മൂന്നു രാജ്യങ്ങളോടും വിദ്വേഷം വെച്ചുപുലർത്തുകയും ചെയ്യുന്നവരുടെ വായടപ്പിക്കുന്നതായി സഅദ് അൽഹരീരി പുറത്തുവിട്ട സെൽഫി.
അഴിമതി വിരുദ്ധ പോരാട്ടത്തിന്റെ ഭാഗമായി സഅദ് അൽഹരീരിയെ സൗദിയിൽ അറസ്റ്റ് ചെയ്തെന്നും തടഞ്ഞുവെച്ചെന്നുമെല്ലാം നേരത്തെ കിംവദന്തികൾ പ്രചരിച്ചിരുന്നു. സഅദ് അൽഹരീരി തന്നെ ഇത് നിഷേധിച്ച് രംഗത്തെത്തിയിരുന്നു. ഇതിനു ശേഷവും സഅദ് അൽഹരീരിയും സൗദി അറേബ്യയും തമ്മിലുള്ള ബന്ധം ഊഷ്മളമല്ല എന്ന നിലക്ക് ചിലർ കിംവദന്തികൾ പ്രചരിപ്പിച്ചിരുന്നു. ഇവർക്കെല്ലാമുള്ള മറുപടിയായി സഅദ് അൽഹരീരി പുറത്തുവിട്ട സെൽഫി. കിരീടാവകാശിയുടെ ഫ്രഞ്ച് സന്ദർശനത്തിനിടെ പാരീസിൽ വെച്ചാണ് മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും സഅദ് അൽഹരീരിയും മുഹമ്മദ് ആറാമൻ രാജാവും ഒന്നിച്ചുകൂടിയത്.