കണ്ണൂര്‍- എ.കെ.ജി സെന്റര്‍ ആക്രമണം ഇടതുകണ്‍വീനര്‍ ഇ.പി.ജയരാജന്റെ തിരക്കഥയെന്ന് കെ.പി.സി.സി.പ്രസിഡണ്ട് കെ.സുധാകരന്‍. കണ്ണൂരില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു സുധാകരന്‍.
രാഷ്ട്രീയ പാര്‍ട്ടികളുടെ ഓഫീസ് ആക്രമിക്കുന്നതിനെ ഒരു കാലത്തും അംഗീകരിക്കുന്നില്ല. എ. കെ.ജി സെന്ററിനു നേരെ ബോംബേറുണ്ടായി ഇതേക്കുറിച്ച് അന്വേഷണം ആരംഭിക്കുന്നതിന് മുമ്പായി കോണ്‍ഗ്രസ് ആണിതിന് പിന്നിലെന്ത് എന്ത് അടിസ്ഥാനത്തിലാണ് സി.പി.എം ആരോപിക്കുന്നത്. സ്വര്‍ണ്ണക്കടത്തും, സ്വപ്നയുടെ വെളിപ്പെടുത്തലുകളും, മാത്യു കുഴല്‍നാടന്റെ വസ്തുതാ അവതരണവും കൊണ്ട് മുഖ്യമന്ത്രിയും കുടുംബവും പാര്‍ട്ടിയും പ്രതിക്കൂട്ടിലായതും, രാഹുല്‍ ഗാന്ധിയുടെ വയനാട് സന്ദര്‍ശനത്തിന്റെ പ്രാധാന്യം ഇല്ലാതാക്കുന്നതിനും വേണ്ടി ഇ.പി.ജയരാജന്റെ ബുദ്ധിയിലുണ്ടായതാണീ ആക്രമണം. ഇതിന് പിന്നില്‍ മറ്റ് സി.പി.എം നേതാക്കള്‍ ഉണ്ടെന്ന് പോലും കരുതുന്നില്ല. രാഹുല്‍ ഗാന്ധിയുടെ വയനാട് സന്ദര്‍ശനത്തിന് വലിയ പ്രാധാന്യമുണ്ട്. ഇതില്ലാതാക്കാനും സംഭവങ്ങളുടെ വഴി തിരിച്ചുവിടാനുമാണീ ആക്രമണം. ഇതിന്റെ മറവില്‍ സി.പി.എം കാര്‍ കോട്ടയത്തും ആലപ്പുഴയിലും കോണ്‍ഗ്രസ് ഓഫീസുകള്‍ തകര്‍ത്തു.മറ്റ് പലയിടങ്ങളിലും വ്യാപകമായ അക്രമങ്ങള്‍ നടത്തുന്നു. സുധാകരന്‍ ആരോപിച്ചു.