Sorry, you need to enable JavaScript to visit this website.

ആ ഉദ്യോഗസ്ഥനെ പിണറായി ഇനി എന്തു ചെയ്യും

കണ്ണൂർ, പാലക്കാട് കരുണ മെഡിക്കൽ കോളേജുകളിലേക്കുള്ള പ്രവേശനവുമായി ബന്ധപ്പെട്ട് നിലവിലുള്ളത് അസാധാരണ സാഹചര്യമാണെന്ന സ്പീക്കർ പി.ശ്രീരാമകൃഷ്ണന്റെ വാക്കുകൾ  ഭരണ സംവിധാനത്തിനൊപ്പം കേരള നിയമസഭയും ചെന്നുപെട്ട പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കുന്നു. നിയമസഭ ഒരംഗത്തിന്റെ മാത്രം എതിർപ്പോടെ ആഹ്ലാദപൂർവ്വം പാസാക്കിയ നിയമത്തിന് ഒരു വിലയുമില്ലെന്ന് വരുന്നത് നിയമ നിർമ്മാണ  സഭയെ ആകെ തന്നെ ഏതവസ്ഥയിലെത്തിച്ചു വെന്ന് ആർക്കും ആലോചിക്കാവുന്നതേയുള്ളൂ. ഇത്രയൊക്കെയേ ഉള്ളൂ എന്ന നിസ്സാര ഭാവം ജനങ്ങൾക്കിടയിൽ വ്യാപിക്കുന്നത് അഭിലഷണീയ കാര്യമായി ആരും കരുതുന്നില്ല. 
ഭരണഘടനയുടെ അനുഛേദം 200 അനുസരിച്ചുള്ള പ്രത്യേക അധികാരം ഉപയോഗിച്ചാണു ഗവർണർ ബിൽ തടഞ്ഞത് (അസന്റ് വിത്‌ഹോൾഡ്). നിയമസഭ പാസാക്കിയ ബിൽ ഗവർണർക്ക് സമർപ്പിച്ചാൽ ആ ബില്ലിന് അനുമതി നൽകുന്നുവെന്നോ, നൽകുന്നില്ലെന്നോ, അല്ലെങ്കിൽ ബിൽ രാഷ്ട്രപതിയുടെ പരിഗണക്ക് നീക്കിവെച്ചിരിക്കുന്നുവെന്നോ, ഗവർണർ പ്രഖ്യാപിക്കേണ്ടതാണെന്ന്  ഭരണഘടനയുടെ പ്രസക്ത അനുഛേദത്തിന്റെ  ആദ്യ ഖണ്ഡികയിൽ വ്യക്തമായി പറയുന്നുണ്ട്. ഭേദഗതി നിർദ്ദേശിച്ചുകൊണ്ട് ഗവർണർക്ക് ബിൽ  തിരിച്ചയക്കാം. ഭേദഗതി പാസാക്കി ബിൽ വീണ്ടും ഗവർണർക്കെത്തിച്ചാൽ 'ഗവർണർ അതിന് അനുമതി നൽകാതിരിക്കാൻ പാടില്ലാത്തതാകുന്നു' എന്ന കർശന വ്യവസ്ഥയാണ് അനുഛേദത്തിലുള്ളത്. വിവാദ ബില്ലിന്റെ കാര്യത്തിലെ മറ്റൊരു പ്രശ്‌നം ബന്ധപ്പെട്ട നിയമത്തിലെ ഓർഡിനൻസ്  സുപ്രീം കോടതി റദ്ദാക്കി എന്നതാണ്. റദ്ദാക്കിയത് ബില്ലല്ല ഓർഡിനൻസാണെന്നും അത് രണ്ടും വ്യത്യസ്തമാണെന്നും നിയമ പണ്ഡിതൻ കൂടിയായ ഗവർണർ ജസ്റ്റിസ് പി. സദാശിവത്തെ ബോധ്യപ്പെടുത്താൻ സർക്കാർ സംവിധാനത്തിന് സാധിക്കാത്തതും ഇപ്പോഴത്തെ അവസ്ഥയിൽ കാര്യങ്ങൾ സങ്കീർണമാക്കി എന്നു വേണം മനസ്സിലാക്കാൻ. 
ഓർഡിനൻസ് അവതാളത്തിലാകുമെന്ന സൂചന മാർച്ച് 29 ന് തന്നെ ലഭിച്ചതാണ്. അന്നായിരുന്നു ഓർഡിനൻസ് സ്റ്റേ ചെയ്യുമെന്ന  മുന്നറിയിപ്പ് സുപ്രീം കോടതിയിൽനിന്നുണ്ടായത്. മുൻ അറ്റോർണി ജനറൽ മുകുൾറോഹത്ഗിയും, അഡ്വക്കറ്റ് ജനറലുമാണ്  പ്രതിസന്ധിയിൽ നിന്ന് രക്ഷപ്പെടാൻ സർക്കാരിന്  നിയമോപദേശം നൽകിയത്. സുപ്രീം കോടതി എതിർ വികാരം പ്രകടിപ്പിച്ച  ഓർഡിനൻസ് തന്നെ നിയമമാക്കാൻ നിയസഭയിലേക്ക് കൊണ്ടുവരുന്നതിന് പകരം മാറ്റിയ നിയമം കൊണ്ടുവരാമായിരുന്നു. റോഹത്ഗിയെപ്പോലരാളുടെ നിയമോപദേശത്തിന് ഇങ്ങനെയൊരു അന്ത്യം സംഭവിക്കുമെന്ന് സർക്കാർ സംവിധാനവും, നിയമസഭ സെക്രട്ടറിയേറ്റും സ്വപ്‌നത്തിൽ പോലും കരുതിയിരിക്കില്ല. 
ഓർഡിനനൻസിൽ നിന്ന് വേറിട്ട് നിൽക്കുന്ന ഭേദഗതിയുള്ള  ബിൽ വേണമെന്നായിരുന്നു മുൻ അറ്റോർണി  ജനറലിന്റെ  ആശയം. അങ്ങനെയായിരുന്നുവെങ്കിൽ സുപ്രീം കോടതി റദ്ദാക്കിയ ഓർഡിനൻസല്ല എന്ന മട്ടിൽ ഗവർണർക്ക് പരിഗണിക്കാൻ സാധിക്കുമായിരുന്നു. ഇതെല്ലാം സാധിക്കാതെ പോയതിന് കാരണമായത് ഗവർണർ ബിൽ തടഞ്ഞുവെച്ച നടപടിയാണ്. ബിൽ തടയാതെ തിരിച്ചയച്ചിരുന്നുവെങ്കിൽ സർക്കാരിന് മുന്നിൽ മറ്റ് വഴികളുണ്ടായിരുന്നു. 
ആരോഗ്യ അഡീഷനൽ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്റെ  വിയോജനക്കുറിപ്പാണ് ഇങ്ങെനയൊരു കടുത്ത തീരമാനമെടുക്കാൻ ഗവർണറെ പ്രേരിപ്പിച്ചതെന്ന തോന്നൽ സർക്കാർ വൃത്തങ്ങളിലും, മുഖ്യ ഭരണ കക്ഷിയായ സി.പി.എമ്മിലും വ്യാപകമായുണ്ട്. ഐ.എ.എസ് ഉദ്യോഗസ്ഥന്റെ കണിശ നിലപാട് എന്തിന്റെ പേരിലാണെന്നതൊക്കെ ഇനി അറിയേണ്ട കാര്യങ്ങളാണ്.  ഏതായലും ഒരുദ്യോഗസ്ഥന്റെ നിലപാടാണിപ്പോൾ കേരള നിയമസഭയെ ആകെ അപമാനത്തിലാക്കിയരിക്കുന്നത്. ഉദ്യോഗസ്ഥൻ നോട്ടെഴുതുന്നതിന് മുമ്പ് ഭരണ സംവിധാനവുമായി കൂടിയാലോചിച്ചിരുന്നോ എന്നൊന്നും ആർക്കും അറിയില്ല.  ഇപ്പറഞ്ഞ ഉദ്യോഗസ്ഥനോട് ഇനി സർക്കാരിന്റെ നിലപാടെന്താകമെന്നും കണ്ടറിയണം.  സി.പി.എം സ്വതന്ത്ര എം.എൽ.എയായ വി.അബ്ദുറഹ്മാനെ വേണ്ടത്ര ബഹുമാനിച്ചില്ല എന്നതിന്റെ പേരിൽ മുൻ മലപ്പുറം ജില്ലാ കലക്ടറും, ഇപ്പോൾ കേരള വാട്ടർ അതോറിറ്റി മാനേജിംഗ് ഡയരക്ടറുമായ എ.ഷൈനമോ (ഐ.എ.എസ്) ളിൽ നിന്ന് ക്ഷമാപണം എഴുതിവാങ്ങി അവകാശ ലംഘന ശിക്ഷയിൽ നിന്ന് ഒഴിവാക്കി കൊടുത്തുവെന്നറിയിക്കുന്ന കമ്മിറ്റി റിപ്പോർട്ട് നിയമസഭയുടെ മേശപ്പുറത്ത് വെച്ചത് ഇക്കഴിഞ്ഞ ദിവസമാണ്. രണ്ട് വർഷം നീണ്ട നടപടിക്രമങ്ങൾക്കൊടുവിലാണ് നിയമസഭയുടെ പ്രിവിലേജസ്, എഥിക്‌സ് എന്നിവ സംബന്ധിച്ച സമിതി മാർച്ച് 27 ന്  വിശദ റിപ്പോർട്ട്  സമർപ്പിച്ചത്. അതിലിടക്ക് ഷൈനയും സഹ പ്രവർത്തകയും തിരൂർ സബ്കലക്ടറുമായിരുന്ന അദീല അബ്ദുല്ലയുമെല്ലാം   ഒരുപാട് വട്ടം വിചാരണ ചെയ്യപ്പെട്ടു.  
22.10.16 ന് ജില്ലാ കലക്ടർ ഷൈനമോളുടെ ചേംബറിൽ ചെന്ന തന്നോട് ജനപ്രതിനിധിയോട് കാണിക്കേണ്ട സാമാന്യ മര്യാദ കാണിക്കാതെ ധിക്കാരപരമായി കയർത്തു സംസാരിച്ചുവെന്ന പരാതിയുടെ പുറത്തായിരുന്നു ഈ നടപടി. ഒരു എം.എൽ.എയുടെ പരാതിയുടെ പേരിൽ മാത്രം ഇത്ര മാത്രം മുന്നോട്ട് പോയ നിയമസഭ സംവിധാനം, സഭയെ ആകെ  ഈ വിധം പ്രതിസന്ധിയിലും നാണക്കേടിലുമാക്കിയ  രാജീവ് സദാനന്ദനെ ഇനി എന്തു ചെയ്യും? 
''മലപ്പുറം ജില്ലാ കലക്ടറായിരിക്കേ എ. ഷൈനമോൾ, വി.അബ്ദുറഹ്മാൻ എം.എൽ.എയുമായി വാഗ്വാദത്തിൽ ഏർപ്പെട്ട നടപടി ഉചിതമായില്ല എന്ന് സമിതി വിലയിരുത്തുന്നു.  എങ്കിലും താരതമ്യേന ജൂനിയർ സിവിൽ സർവ്വീസ് ഉദ്യോഗസ്ഥയെന്ന വസ്തുത പരിഗണിച്ചും പരാതിക്കാസ്പദമായ സംഭവം ഉണ്ടായതിൽ അവർക്ക് മനോവിഷമമുണ്ടെന്ന് സമിതിക്ക് ബോധ്യപ്പെട്ട സാഹചര്യത്തിലും എ. ഷൈനമോൾക്കെതിരെയുള്ള അവകാശ ലംഘന പ്രശ്‌നത്തിന്മേൽ തുടർനടപടി സ്വീകരിക്കേണ്ടതില്ലെന്ന് ശുപാർശ ചെയ്യുന്നു എന്നാണ് എ.പ്രദീപ് കുമാർ ചെയർമാനായ പ്രിവിലേജസ്, എഥിക്‌സ് സമിതി ശുപാർശ ചെയ്തത്. വി.അബ്ദുറഹ്മാൻ എന്ന ഒരൊറ്റ എം.എൽ.എയെ ബഹുമാനിക്കാത്തതിന്റെ പേരിൽ ഇത്രയൊക്കെ ആകാമെങ്കിൽ കേരള നിയമസഭയേയും, സർക്കാരിനെയും തന്റെ പേനത്തുമ്പിലിട്ട്  അമ്മാനമാടിയ ഉദ്യോഗസ്ഥനെ/ ഉദ്യോഗസ്ഥരെ  സർക്കാരും നിയമസഭയും എന്തു ചെയ്യും? കേരളം കാത്തിരിക്കുന്നു. 
 

Latest News