Sorry, you need to enable JavaScript to visit this website.

പുലച്ചി ഓട്ടോ ഓടിക്കുകയോ; ഇതായിരുന്നു ആ ചോദ്യം

ദളിതുകളോടുള്ള തങ്ങളുടെ സമീപനം എന്താണെന്ന് വീണ്ടും വീണ്ടും സിപിഎം തുറന്നു പ്രഖ്യാപിക്കുകയാണ്. 12 വർഷമായിട്ടും ഈ പ്രസ്ഥാനത്തിനു നേരെ നിവർന്നു നിന്ന് പോരാട്ടം തുടരുന്ന ഈ ദളിത് യുവതിക്കൊപ്പം നിൽക്കാനാവുന്നില്ലെങ്കിൽ എന്താണ് നമ്മുടെ കൊട്ടിഘോഷിക്കപ്പെടുന്ന പ്രബുദ്ധതയും സാക്ഷരതയും എന്ന ചോദ്യമാണ് ഇപ്പോൾ പ്രസക്തം.

തൊഴിലെടുക്കാനും സ്വന്തം കാലിൽ നിൽക്കാനുമുള്ള ഒരു ദളിത് വനിതയുടെ പോരാട്ടം ഒരു ഡസൻ വർഷങ്ങൾ കഴിഞ്ഞിട്ടും തുടരുന്ന അവസ്ഥ മറ്റെവിടേയുമല്ല, കേരളത്തിൽ തന്നെയാണ്.  പയ്യന്നൂർ സ്വദേശിനിയായ ചിത്രലേഖ ഇപ്പോഴും പോരാട്ടത്തിന്റെ പാതയിൽ തന്നെയാണ്. 
ഏതൊരു സാധാരണക്കാരന്റേയും മനുഷ്യാവകാശങ്ങൾ ചിത്രലേഖക്ക് നിഷേധിക്കുന്നത് മറ്റാരുമല്ല, കണ്ണൂരിലെ ഓരോ ചലനങ്ങളും തങ്ങളുടെ കാൽകീഴിലാക്കുന്ന  സിപിഎം തന്നെയാണ്. എന്നാൽ തികഞ്ഞ ആത്മധൈര്യത്തോടെ സിപിഎമ്മിന്റെ വെല്ലുവിളികൾ നേരിട്ട് തളരാതെയാണ് ചിത്രലേഖ ജീവിതം തുടരുന്നത്. ഇപ്പോഴിതാ യുഡിഎഫ് സർക്കാർ നൽകിയ അഞ്ച് സെന്റ് ഭൂമി ചിത്രലേഖയിൽ നിന്ന് തിരിച്ചെടുക്കാൻ സർക്കാർ ഉത്തരവിറക്കിയിക്കുന്നു. എന്നാൽ സിപിഎമ്മിന്റെ ധാർഷ്ട്യത്തിന് മുന്നിൽ മുട്ടുമടക്കാൻ താൻ തയ്യാറല്ല എന്നാണ് ചിത്രലേഖയുടെ ധീരമായ തീരുമാനം.
ചിത്രലേഖ അനുഭവിച്ച പീഡനങ്ങൾക്ക് കാരണം രണ്ടാണ്, സ്ത്രീയായതും ദളിതായതും. 2005 ലാണ് സംഭവങ്ങളുടെ ആരംഭം. ഓട്ടോ ഓടിച്ച് സ്വന്തമായി വരുമാനം കണ്ടെത്തി ജീവിക്കാൻ തീരുമാനിച്ചതാണ് ചിത്രലേഖ ചെയ്്ത ഏക കുറ്റം. പാർട്ടി നേതാവിന്റെ മകനെ മിശ്രവിവാഹം ചെയ്തുവെന്നതിന്റെ പേരിൽ അതിനു മുമ്പെ അവർ ഹിറ്റ് ലിസ്റ്റിലുണ്ടായിരുന്നു. എടാട്ട് സെന്ററിലെ ഓട്ടോ ഡ്രൈവർമാരിൽ നിന്ന് അവർ പ്രതീക്ഷിച്ചത് സഹകരണം മാത്രമായിരുന്നു. എന്നാൽ സംഭവിച്ചത് മറിച്ചായിരുന്നു. 'പുലച്ചിയും ഓട്ടോ ഓടിക്കുകയോ' എന്ന ചോദ്യമായിരുന്നു അവരെ എതിരേറ്റത്. അതാകട്ടെ മുഖ്യമായും സി.ഐ.ടി.യു അംഗങ്ങളായ ഓട്ടോ ഡ്രൈവർമാരിൽ നിന്ന്.  പിടിച്ചുനിൽക്കാൻ ശ്രമിച്ച അവരുടെ ഓട്ടോ കത്തിച്ചു. പിന്നീട് നിയമ യുദ്ധമായി. സംസ്ഥാനത്തെമ്പാടുനിന്നും മനുഷ്യാവകാശ - ഫെമിനിസ്റ്റ്് - ദളിത് പ്രവർത്തകർ പയ്യന്നൂരിലെത്തി ചിത്രലേഖയെ പിന്തുണച്ച് സമ്മേളനവും മറ്റും നടത്തി. അവർക്ക് പുതിയ ഓട്ടോ വാങ്ങിക്കൊടുത്തു. ഗ്രോ വാസുവിന്റെ സാന്നിധ്യത്തിൽ സി കെ ജാനുവായിരുന്നു ഓട്ടോയുടെ താക്കോൽ ചിത്രലേഖക്ക് കൈമാറിയത്. എന്നാൽ ഡ്രൈവർമാർ വിട്ടുവീഴ്ചക്കു തയ്യാറായില്ല. അയിത്തവും പുരുഷാധിപത്യവും ആന്തരവൽക്കരിച്ചിരിക്കുന്ന അവരോ മുഖ്യധാരാ പ്രസ്ഥാനങ്ങളോ സംഘടനകളോ ചിത്രലേഖക്കനുകൂലമായി രംഗത്തിറങ്ങിയുമില്ല. അപ്രഖ്യാപിത ഊരുവിലക്കു മൂലം അവർക്ക് ഓട്ടം പോലും ലഭിക്കാതായി. അതിനിടെ ഓട്ടോ കത്തിച്ച സംഭവത്തിൽ തലശ്ശേരി സെഷൻസ് കോടതി ഒരാളെ ശിക്ഷിച്ചു. 
ആഗ്രഹിച്ച പോലെ ജീവിക്കാൻ കഴിയാതായപ്പോൾ ചിത്രലേഖ ഓട്ടോ ഉപേക്ഷിച്ച് പായ മെടഞ്ഞ് ജീവിക്കാൻ തുടങ്ങി. അതും അനുവദിക്കപ്പെട്ടില്ല. എതിരാളികൾ അവരുടെ വീട്ടിലേക്കുള്ള വഴി കെട്ടിയടച്ചു. കൂടെ അപ്രഖ്യാപിത ഊരുവിലക്കും. ചിത്രലേഖയുടെ ഭർത്താവ് ശ്രീഷ്‌കാന്തിനെതിരെയും അനുജത്തിയുടെ ഭർത്താവിനെതിരേയും അക്രമം നടന്നു. അവരുടെ വീടു പൊളിച്ചു. എന്നാൽ കേസ് ചിത്രലേഖക്കും ഭർത്താവിനുമെതിരെയായി. ശ്രീഷ്‌കാന്ത് 32 ദിവസം ജയിലിലായി. ചിത്രലേഖക്ക് ഹൈക്കോടതി ജാമ്യം നൽകി. കുടുംബത്തിന് സർക്കാർ അനുവദിച്ച ടോയ്ലറ്റിന്റെ തുക പോലും എതിരാളികൾ തടഞ്ഞുവെപ്പിച്ചു. ഇതിനെ ചോദ്യം ചെയ്തതിന് ഉദ്യോഗസ്ഥൻ പരാതി നൽകി. തുടർന്ന് ചിത്രലേഖയും ജയിലിലായി. ഭർത്താവ് ഗുണ്ടാ ലിസ്റ്റിലും. എന്നിട്ടും പീഡന പരമ്പര തുടർന്നു. ഒരു ദളിത് സ്ത്രീയെ നിലക്കുനിർത്തണമെന്ന് ആവശ്യപ്പെട്ട് സി.പി.എം  മാർച്ച് നടത്തിയ സംഭവവുമുണ്ടായി. അയിത്തത്തിനും അനാചാരത്തിനുമെതിരെ എകെജിയുടെ നേതൃത്വത്തിൽ ശക്തമായ മുന്നേറ്റം നടന്ന ചരിത്രവും പോരാട്ടങ്ങളുടെ ചരിത്രം പേറുന്ന തെയ്യങ്ങളുടേയും നാട്ടിലാണിത് സംഭവിച്ചത്. പിന്നീട് ജീവിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് ചിത്രലേഖ കലക്ടറേറ്റ് പടിക്കൽ സമരം നടത്തി. അവർക്കെതിരെയുള്ള വധശ്രമക്കേസ് റദ്ദാക്കാൻ ശുപാർശ ചെയ്യാമെന്ന് ജില്ലാ കലക്ടർ ഉറപ്പു നൽകിയെങ്കിലും പോലീസ് സമ്മതിച്ചില്ല. മുഖ്യമന്ത്രി തന്നെ നേരിട്ട് പുനരധിവാസം നൽകാമെന്ന് പറഞ്ഞതിനെ തുടർന്ന് 122 ദിവസം നീണ്ടുനിന്ന സമരം 2015 ജനുവരിയിൽ പിൻവലിച്ചു. എന്നാൽ ആ വാക്കു പാലിക്കപ്പെടാതായപ്പോൾ  സമരം സെക്രട്ടറിയേറ്റിനു മുന്നിലേക്കു മാറ്റി. വർഷങ്ങൾ നീണ്ടുനിന്ന പോരാട്ടങ്ങൾക്കൊടുവിലാണ് യുഡിഎഫ് സർക്കാർ അവർക്ക് 5 സെന്റ് സഥലം നൽകിയത്. ഈ ഭൂമിയിൽ വീട് വെയ്ക്കുന്നതിന് 5 ലക്ഷം രൂപ അനുവദിക്കാനും ഉമ്മൻ ചാണ്ടി സർക്കാർ തീരുമാനമെടുത്തിരുന്നു. 
എന്നാൽ വീടിന് ധനസഹായം നൽകാനുള്ള തീരുമാനം പിണറായി സർക്കാർ അധികാരത്തിലേറിയതിന് പിന്നാലെ റദ്ദാക്കപ്പെട്ടു. സർക്കാർ തന്നെ ഭൂമിയിൽ സന്നദ്ധ സംഘടനയുടെ സഹായത്തോടെ വീടുപണി നടക്കവേയാണ് ഇപ്പോൾ ഭൂമി നൽകിയ തീരുമാനവും  സർക്കാർ റദ്ദാക്കിയിരിക്കുന്നത്. അതു വഴി തങ്ങളുടെ രാഷ്ട്രീയം എന്താണെന്ന് വ്യക്തമാക്കിയിരിക്കുന്നത്. എന്നാൽ സർക്കാർ തീരുമാനം അംഗീകരിക്കില്ലെന്നാണ് ചിത്രലേഖ പറയുന്നത്. നിയമപരമായും സമരം ചെയ്തും സർക്കാരിനെതിരെ ഏതറ്റംവരെയും പോകാനാണ് ചിത്രലേഖയുടെ തീരുമാനം. ചിത്രലേഖയ്ക്ക് പിന്തുണയുമായി ജില്ലയിലെ യുഡിഎഫ് നേതൃത്വം രംഗത്തുണ്ട്. വിവാദ ഭൂമിയിൽ വീടുപണി തുടരാൻ തന്നെയാണ് ചിത്രലേഖയുടെ തീരുമാനം. 'ഞാൻ ജീവിക്കാൻ വേണ്ടി സമരം ചെയ്തു നേടിയ 5 സെന്റ് ഭൂമി പിണറായി സർക്കാർ റദ്ദാക്കി... അതിന്റെ പകർപ്പാണ് താഴെ... എന്നെ ഇനിയും ജീവിക്കാൻ വിടുന്നില്ലാ എങ്കിൽ സഖാവ് പിണറായി എന്നേം കുടുംബത്തെയും കൊന്നിട്ട് ആ ശവം പച്ചയ്ക്ക് തിന്നുന്നതാ നല്ലത്' എന്ന് റവന്യൂ വകുപ്പിന്റെ ഉത്തരവിന്റെ പകർപ്പ് സഹിതം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തതോടെയാണ് വാർത്ത പുറംലോകം അറിഞ്ഞത്.  ദളിതുകളോടുള്ള തങ്ങളുടെ സമീപനം എന്താണെന്ന് വീണ്ടും വീണ്ടും സിപിഎം തുറന്നു പ്രഖ്യാപിക്കുകയാണ്. 12 വർഷമായിട്ടും ഈ പ്രസ്ഥാനത്തിനു നേരെ നിവർന്നു നിന്ന് പോരാട്ടം തുടരുന്ന ഈ ദളിത് യുവതിക്കൊപ്പം നിൽക്കാനാവുന്നില്ലെങ്കിൽ എന്താണ് നമ്മുടെ കൊട്ടിഘോഷിക്കപ്പെടുന്ന പ്രബുദ്ധതയും സാക്ഷരതയും എന്ന ചോദ്യമാണ് ഇപ്പോൾ പ്രസക്തം.
 

Latest News