ഫിലിപ്പൈൻസിലെ പ്രസിദ്ധമായ ഹോളിഡേ ദ്വീപ് അടച്ചുപൂട്ടുന്നു. 'ബൊറാക്കെ' വിനോദ സഞ്ചാര ദ്വീപാണ് അടച്ചു പൂട്ടുന്നത്. ആറ് മാസത്തേക്കാണ് അടച്ചുപൂട്ടുന്നത്. ഈ മാസം 26 മുതൽ ദ്വീപിലേക്ക് പ്രവേശനം ഉണ്ടായിരിക്കില്ലെന്ന് ഫിലിപ്പൈൻസ് പ്രസിഡന്റ് റോഡ്രിഗോ ഡുട്ടർട്ട് ഉത്തരവിട്ടതായി വക്താവ് ഹാരി റോക്യു ട്വിറ്ററിൽ കുറിച്ചു. ദ്വീപ് മാലിന്യം കൊണ്ട് നിറഞ്ഞതാണ് വിനോദ സഞ്ചാരത്തിന് വിലക്കേർപ്പെടുത്താൻ കാരണം. രണ്ട് മില്യൺ വിനോദ സഞ്ചാരികളാണ് ഈ ദ്വീപിൽ എത്തിച്ചേരുന്നത്. ദ്വീപിലെ വിനോദ സഞ്ചാര ബിസിനസിനെ ആശ്രയിച്ച് പതിനായിരക്കണക്കിന് തൊഴിലാളികളാണ് ഉപജീവന മാർഗം കണ്ടെത്തുന്നത്. വിനോദ സഞ്ചാരികളെ തടയുന്നതോടെ ഇവർ വൻ തിരിച്ചടിയാണ് നേരിടുക.
അഞ്ഞൂറിലധികം ബിസിനസ് സ്ഥാപനങ്ങളാണ് ദ്വീപുമായി ചുറ്റിപ്പറ്റി നടന്നിരുന്നത്. ദ്വീപിലെ ഹോട്ടലുകളും ബിസിനസ് സ്ഥാപനങ്ങളും മാലിന്യങ്ങളും കടലിൽ തള്ളി, സമുദ്രം മാലിന്യ കൂമ്പാരമാക്കുകയായിരുന്നു. മാലിന്യങ്ങൾ ജലത്തിൽ പതിക്കാതെ ഡ്രൈനേജ് സിസ്റ്റം കൊണ്ടുവരണമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കിയിട്ടുണ്ട്. ദ്വീപുമായി ചുറ്റപ്പെട്ട് 195 വൻകിട ബിസിനസ് സ്ഥാപനങ്ങളും അവരുടെ നാലായിരത്തോളം വീടുകളുമാണുള്ളത്. ഇതൊന്നും തന്നെ ഡ്രൈനേജുമായി ബന്ധിപ്പിച്ചിട്ടില്ല. വ്യാപാരികൾ ശസ്ത്രീയമായി മാലിന്യം സംസ്‌കരിക്കാത്തതുകൊണ്ട് തന്നെ സർക്കാരിനും വിനോദ സഞ്ചാരികളെ കേന്ദ്രീകരിച്ച് ജീവിക്കുന്നവർക്കും കനത്ത തിരിച്ചടിയാണ് ലഭിക്കാൻ പോകുന്നത്. എല്ലാ രാജ്യങ്ങളിലും വിനോദ സഞ്ചാര കേന്ദ്രങ്ങൾ അടച്ചുപൂട്ടാൻ ഒരുങ്ങുന്നത് ഇതേ രീതിയിലുള്ള മാലിന്യ പ്രശ്‌നം കൊണ്ട് തന്നെയാണ്.