തെക്ക് തിരുവനന്തപുരത്തു നിന്ന് തുടങ്ങിയ ബ്ലോഗർമാരുടെ കേരള യാത്ര ആലപ്പുഴയും കോട്ടയവും ഇടുക്കിയും തൃശൂർ, വയനാട്, കോഴിക്കോട്, കണ്ണൂർ ജില്ലകളും കടന്ന് വടക്കേയറ്റത്തുള്ള കാസർകോടൻ മണ്ണിൽ സന്ദർശനം പൂർത്തിയാക്കി മടങ്ങി. മാർച്ച് 18 ന് തിരുവനന്തപുരത്തു നിന്ന് ടൂറിസം, സഹകരണം, ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഫഌഗ് ഓഫ് ചെയ്ത ബ്ലോഗ് എക്‌സ്പ്രസിന്റെ അഞ്ചാമത് എഡിഷനാണ് കാണാവുന്നത്ര കാഴ്ചകൾ കണ്ടും കേട്ടും അറിഞ്ഞും ആസ്വദിച്ചും പതിമൂന്നാം ദിവസമായ മാർച്ച് 29 ന് കാസർകോട്ടെത്തിയത്..
ഫ്രാൻസ്, അമേരിക്ക, യു.കെ, കാനഡ, ജർമ്മനി, ഇറ്റലി, സ്‌പെയിൻ, ബൾഗേറിയ, റുമേനിയ, വെനിസ്വേല, പെറു തുടങ്ങി 28 രാജ്യങ്ങളിൽ നിന്നുള്ള പ്രശസ്തരായ മുപ്പത് ബ്ലോഗർമാരുടെ സംഘമാണ് ഇത്തവണത്തെ കേരള ബ്ലോഗ് എക്‌സ്പ്രസിലുള്ളത്. കണ്ണൂരിൽ നിന്ന് കാസർകോട്ടെത്തിയ സംഘം നീലേശ്വർ ഹെർമിറ്റേജിലും കാനൻ ബീച്ച്‌റിസോർട്ട്, മലബാർ ഓഷ്യൻ ഫ്രൻഡ്, യോഗ & നാച്ചുറോപ്പതി, മന്ത്ര റിസോർട്ട് എന്നിവിടങ്ങളിലുമായി തങ്ങിയ ശേഷം മാർച്ച് 30 ന് രാവിലെ ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ നീലേശ്വരത്തെ വലിയപറമ്പിൽ വഞ്ചിവീട് സവാരിയിൽ കായൽ കാഴ്ചകൾ കണ്ട ശേഷം ഉച്ചക്ക് കണ്ണാടിപ്പാറ മുത്തപ്പൻ തറയിൽ നിന്നും തെയ്യം കാഴ്ചകൾ കണ്ടാസ്വദിച്ചു.താജ് ബേക്കൽ വിവാന്തയിൽ നിന്നും ഉച്ച ഭക്ഷണം കഴിച്ച ശേഷം വൈകുന്നേരം 4 മണിയോടെ ബേക്കൽ കോട്ട , ബേക്കൽ ബീച്ച് പാർക്ക് എന്നീ കേന്ദ്രങ്ങൾ സന്ദർശിച്ച ശേഷം വൈകുന്നേരം 7.30 മണിയോടെ എറണാകുളത്തേക്ക് മടങ്ങി. 'ട്രിപ്പ് ഓഫ് എ ലൈഫ് ടൈം' എന്ന ടാഗോടു ൂടിയാണ് ബ്ലോഗ് എക്‌സ്പ്രസിന്റെ കേരള പര്യടനം നടന്നത്. മനോഹരമായ മലനിരകളും കടൽത്തീരങ്ങളും ജലാശയങ്ങളും ഉൾപ്പെടെ ഒട്ടേറെ സ്ഥലങ്ങൾ ഇതിനോടകം ബ്ലോഗർമാർ സന്ദർശിച്ചു കഴിഞ്ഞു. കേരളത്തിലുടനീളം യാത്ര ചെയ്ത് പ്രകൃതി ദൃശ്യങ്ങളും ഗ്രാമനഗര ജീവിതക്കാഴ്ചകളും ആസ്വദിക്കുന്ന ബ്ലോഗർമാർ തങ്ങളുടെ രണ്ടാഴ്ചക്കാലത്തെ കേരളീയാനുഭവങ്ങൾ സഞ്ചാരക്കുറിപ്പുകളും ഫോട്ടോഗ്രാഫുകളും വീഡിയോ ദൃശ്യങ്ങളുമായി ബ്ലോഗുകളിൽ പ്രസിദ്ധീകരിക്കുന്നുണ്ട്.
അഞ്ചു വർഷം മുൻപ് കേരള ടൂറിസം തുടങ്ങിവെച്ച കേരള ബ്ലോഗ് എക്‌സ്പ്രസിന്റെ കഴിഞ്ഞ നാല് എഡിഷനുകളും വൻ വിജയമായിരുന്നു. തിരുവനന്തപുരം മുതൽ കാസർകോട് വരെ നീളുന്ന യാത്രക്കിടയിൽ വൈവിധ്യപൂർണവും സമ്പന്നവുമായ കേരളീയ സംസ്‌കാരത്തെ അടുത്തറിയാനും അനുഭവിക്കാനുമുള്ള അവസരമാണ് ബ്ലോഗർമാർക്ക് കൈവരുന്നത്. ആയിരക്കണക്കിന് അനുയായികളുള്ള ബ്ലോഗർമാരുടെ അനുഭവക്കാഴ്ചകളിലൂടെ വിദേശ വിനോദ സഞ്ചാരികളെ ഇങ്ങോട്ടേയ്ക്ക് ആകർഷിക്കാനായാൽ അതുവഴി ആഗോള ടൂറിസം ഭൂപടത്തിൽ കേരളത്തിന്റെ യശസ്സുയരുമെന്നാണ് കേരള ടൂറിസം വിലയിരുത്തുന്നത്. ഏപ്രിൽ ഒന്നിന് കൊച്ചിയിലാണ് കേരള ബ്ലോഗ് എക്‌സ്പ്രസിന്റെ അഞ്ചാമത് എഡിഷൻ സമാപിക്കുന്നത്.ജില്ലയിലെ സന്ദർശന പരിപാടികളിൽ ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ ഇൻ ചാർജ് പി.മുരളീധരൻ , ഡി ടി പി സി സെക്രട്ടറി ബിജു. ആർ എന്നിവർ സംഘത്തെ അനുഗമിച്ചു.