സര്‍ക്കുലര്‍ വിവാദമായി, ടൂറിസം  ഡയറക്ടര്‍ കൃഷ്ണ തേജയെ മാറ്റി

തിരുവനന്തപുരം- ടൂറിസം വകുപ്പ് ഡയറക്ടര്‍ കൃഷ്ണ തേജയെ തസ്തികയില്‍നിന്ന് മാറ്റി. പുതിയ ടൂറിസം ഡയറക്ടറായി പി.ബി നൂഹിനെ നിയമിച്ചു. ഓഫീസിലെ അതിക്രമത്തെ കുറിച്ച് പരാതിപ്പെടുന്ന വനിതാ ജീവനക്കാരുടെ വിവര ശേഖരണം നടത്തുമെന്ന വിവാദ സര്‍ക്കുലര്‍ ഇറക്കിയതിന് പിന്നാലെയാണ് കൃഷ്ണ തേജയെ ടൂറിസം ഡയറക്ടര്‍ സ്ഥാനത്തുനിന്ന് മാറ്റിയത്.
ഈ മാസം 17നാണ് ടൂറിസം ഡയറക്ടര്‍ കൃഷ്ണ തേജ, വനിതാജീവനക്കാര്‍ നല്‍കുന്ന പരാതിയുടെ വിശ്വാസ്യത ഉറപ്പുവരുത്തുന്നത് സംബന്ധിച്ച സര്‍ക്കുലര്‍ പുറത്തിറക്കിയത്. ഇത് വലിയ വിവാദമായതോടെ സര്‍ക്കുലര്‍ റദ്ദാക്കിയ ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് കൃഷ്ണ തേജയില്‍നിന്ന് വിശദീകരണം തേടിയിരുന്നു. സര്‍ക്കാര്‍ നയങ്ങള്‍ക്ക് നിരക്കാത്തതും വനിതാ ജീവനക്കാരുടെ അവകാശങ്ങള്‍ക്ക് നിരക്കാത്തതുമാണെന്ന് കണ്ടാണ് സര്‍ക്കുലര്‍ റദ്ദാക്കിയത്. ഇതിന് പിന്നാലെയാണ് വകുപ്പ് മേധാവി സ്ഥാനത്തുനിന്ന് കൃഷ്ണ തേജയെ മാറ്റിയത്.
ടൂറിസം വകുപ്പിന് കീഴിലുള്ള വിവിധ ഓഫീസുകളിലെയും ഗസ്റ്റ് ഹൗസുകളിലെയും വനിതാ ജീവനക്കാര്‍, വകുപ്പിലെ മറ്റ് ഉദ്യോഗസ്ഥര്‍ക്കെതിരേ നല്‍കുന്ന പരാതികള്‍ അന്വേഷണഘട്ടത്തില്‍ പിന്‍വലിക്കുകയോ ആരോപണങ്ങളില്‍നിന്ന് പിന്‍മാറുകയോ ചെയ്യുന്നു. ഇത് അന്വേഷണോദ്യോഗസ്ഥരുടെ സമയം നഷ്ടമാക്കുന്നുവെന്ന് കൃഷ്ണ തേജയുടെ സര്‍ക്കുലറില്‍ പറഞ്ഞിരുന്നു. ചില ജീവനക്കാര്‍ അടിസ്ഥാനഹരിതമായ പരാതികള്‍ ഉന്നയിക്കുന്നെന്നും വ്യാജ പരാതികള്‍ വകുപ്പിന്റെ സല്‍പ്പേരിന് കളങ്കമുണ്ടാക്കുന്ന സാഹചര്യത്തില്‍ പരാതി നല്‍കുന്നവരുടെ വിവരം പ്രത്യേകം ശേഖരിക്കുകയും തുടര്‍ നടപടി എടുക്കുകയും വേണമെന്നായിരുന്നു ഡയറക്ടറുടെ നിര്‍ദ്ദേശം.
 

Latest News