കൊച്ചി- സീറോ മലബാര്‍ സഭാ ഭൂമിയിടപാട് കേസില്‍ മാര്‍ കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരി മജിസ്ട്രേറ്റ് കോടതിയില്‍ ഹാജാരാവണമെന്നുള്ള ഉത്തരവ് ഹൈക്കോടതി താല്‍ക്കാലികമായി തടഞ്ഞു. കേസില്‍ കഴിഞ്ഞ ജൂണ്‍ 21 ന് ഹാജരാവാതെ അപേക്ഷ സമര്‍പ്പിച്ചിരുന്നു. തുടര്‍ന്നാണ് ജൂലൈ ഒന്നിനു നേരിട്ട് ഹാജരാവണമെന്നു കാക്കനാട് മജിസട്രേറ്റ് കോടതി ഉത്തരവിട്ടത്. തുടര്‍ന്നു ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹരജിയിലാണ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി വിചാരണക്ക് ഉടന്‍ കോടതിയില്‍ ഹാജരാകേണ്ടതില്ലെന്നു ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. മജിസ്ട്രേറ്റിന് മുന്നില്‍ നേരിട്ട് ഹാജരാകണമെന്ന വ്യവസ്ഥയില്‍ ഇളവ് അനുവദിക്കുകയായിരുന്നു. കേസ് ഹൈക്കോടതി ഇനി പരിഗണിക്കുന്നതുവരെയാണ് കര്‍ദ്ദിനാള്‍ കോടതിയില്‍ നേരിട്ടു ഹാജരാവുന്നതില്‍ ഇളവ് അനുവദിച്ചത്. വെള്ളിയാഴ്ച കാക്കനാട് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാകാന്‍ നേരത്തേ ഉത്തരവിട്ടിരുന്നു. കരുണാലയം ഭാരത് മാതാ കോളജ് പരിസരങ്ങളില്‍ ഭൂമി വില്‍പ്പന നടത്തിയതുമായി ബന്ധപ്പെട്ടു രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഹൈക്കോടതി ഉത്തരവുണ്ടായത്. വിചാരണ കോടതിയില്‍ ഹാജരാവുന്നതില്‍ നിന്നു ഒഴിവാക്കണമെന്നാവശ്യത്തില്‍ വിശദമായ വാദം കേള്‍ക്കണമന്നു കോടതി വ്യക്തമാക്കിയ ശേഷമാണ് ഇടക്കാല ഉത്തരവ് പുറപ്പടുവിച്ചത്. ജസ്റ്റിസ് എ.എ. സിയാദ് റഹ്മാന്‍ ഹരജി ജുലൈ 20ന് പരിഗണിക്കാന്‍ മാറ്റി.