തിരുവനന്തപുരം- മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞത് പച്ചക്കള്ളമാണെന്ന് സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ്. ക്ലിഫ് ഹൗസിലെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവിടാൻ തയ്യാറാകണമെന്നും സ്വപ്‌ന സുരേഷ് ആവശ്യപ്പെട്ടു. 2016 മുതൽ 2020 വരെയുള്ള സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവിടണം. ക്ലിഫ് ഹൗസിൽ ഒറ്റയ്ക്ക് മുഖ്യമന്ത്രിയെ കണ്ടിട്ടുണ്ടെന്നും രാത്രി ഏഴു മണിക്ക് ശേഷം സെക്യൂരിറ്റി ചെക്കപ്പില്ലാതെ ക്ലിഫ് ഹൗസിലേക്ക് പോയിട്ടുണ്ടെന്നും സ്വപ്‌ന സുരേഷ് വ്യക്തമാക്കി. സ്‌പേസ് പാർക്കിൽ തനിക്ക് ജോലി എങ്ങിനെ കിട്ടിയെന്ന് അന്വേഷിക്കട്ടെ.
യു.എ.ഇയിലേക്ക് നയതന്ത്ര ചാനൽ വഴി എന്തിനാണ് ബാഗ് അയച്ചത്. തിരുവനന്തപുരം വിമാനതാവളത്തിൽ മുഖ്യമന്ത്രിക്കും സംഘത്തിനും നയതന്ത്ര പരിരക്ഷ ആവശ്യമില്ല. യു.എ.ഇയിലാണ് വേണ്ടത്. അതിന് വേണ്ടിയാണ് നയതന്ത്ര ചാനൽ വഴി ബാഗ് അയച്ചത്. കമല വിജയനും വീണ വിജയനും ഷാർജ ഷെയ്ഖിന് ഗിഫ്റ്റ് കൊടുത്തിട്ടുണ്ട്. കൈക്കൂലി കൊടുത്തു എന്ന് ഞാൻ എവിടെയും പറഞ്ഞിട്ടില്ല. എക്‌സാലോജിക്കൽ സംബന്ധിച്ചുള്ള തെളിവുകൾ അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ടെന്നും സ്വപ്‌ന സുരേഷ് പറഞ്ഞു. സ്പ്രിംഗ്ലറിന്റെ പിന്നിലെ ബുദ്ധികേന്ദ്രം മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനാണെന്നും സ്വപ്‌ന സുരേഷ് പറഞ്ഞു.
ഡോ.കെ.ടി ജലീൽ ചെയ്ത കാര്യങ്ങളിൽ എന്തൊക്കെ നിയമപരമായ കാര്യങ്ങളുണ്ടെന്നും ഇല്ലെന്നും പിന്നീട് വെളിപ്പെടുത്താമെന്നും സ്വപ്‌ന സുരേഷ് വ്യക്തമാക്കി.