Sorry, you need to enable JavaScript to visit this website.

ക്വട്ടേഷന്‍ നല്‍കിയത് സത്താര്‍ തന്നെ; അലിഭായി കുറ്റം സമ്മതിച്ചതായി പോലീസ് 

തിരുവനന്തപുരം- മുന്‍ റേഡിയോ ജോക്കിയും നാടന്‍ പാട്ട് കലാകാരനുമായ രാജേഷിനെ കൊലപ്പെടുത്തിയ കേസില്‍ കൊമുഖ്യപ്രതി അലിഭായ് എന്ന് വിളിക്കുന്ന സാലിഹ് ബിന്‍ ജലാല്‍ കുറ്റം സമ്മതിച്ചതായി പോലീസ്. രാവിലെ തിരുവനന്തപുരം വിമാനത്താവളത്തില്‍നിന്ന് പോലീസ് അറസ്റ്റ് ചെയ്ത ശേഷം നടത്തിയ ചോദ്യം ചെയ്യലിലാണ് ഇയാള്‍ കുറ്റം സമ്മതിച്ചത്. രാജേഷിനെ തന്റെ നേതൃത്വത്തില്‍ വെട്ടിക്കൊലപ്പെടുത്തിയശേഷം ആയുധം കൊല്ലത്ത് ഉപേക്ഷിച്ചുവെന്നാണ് ഇയാള്‍ പോലീസിന് മൊഴി നല്‍കിയത്. ഖത്തറില്‍ തന്റെ ജിംനേഷ്യത്തിന്റെ ഉടമയായ സത്താറിന്റെ കുടുംബം തകര്‍ത്തതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നും അലിഭായ് പോലീസിനോട് സമ്മതിച്ചു. തനിക്ക് വിദേശത്ത് ജോലി നല്‍കിയ സത്താറിനോടുള്ള കൂറുകൊണ്ടാണ് കൊലപാതകം നടത്തിയതെന്നും അലിഭായ് പറഞ്ഞതായി പോലീസ് വൃത്തങ്ങള്‍ സൂചിപ്പിച്ചു.ഖത്തറില്‍ നിന്ന് നാട്ടിലെത്താന്‍ വിമാന ടിക്കറ്റിന് പണം നല്‍കിയത് സത്താറാണ്. 

സുഹൃത്തായ അപ്പുണ്ണിയുടെ സഹായത്തോടെയാണ് കൊലപാതകം ആസൂത്രണം ചെയ്തത്. അപ്പുണ്ണി ഇപ്പോഴും ഒളിവിലാണ്. അപ്പുണ്ണിക്ക് വേണ്ടി പോലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി. 

കഴിഞ്ഞ ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടോടെയാണ് രാജേഷിനെ അക്രമി സംഘം മടവൂര്‍ ജംഗ്ഷനു സമീപത്തെ സ്റ്റുഡിയോയില്‍ വെച്ച് വെട്ടിക്കൊലപ്പെടുത്തിയത്. രാജേഷിന്റെ വിദേശത്തുള്ള വനിതാ സുഹൃത്തിന്റെ ഭര്‍ത്താവാണ് ക്വട്ടേഷന്‍ സംഘത്തെ ഏര്‍പ്പാടാക്കിയതെന്ന് പോലീസിന് നേരത്ത തന്നെ സൂചന ലഭിച്ചിരുന്നു.  അക്രമി സംഘം എത്തുന്ന സമയത്ത് രാജേഷ് വിദേശത്തുള്ള വനിതാ സുഹൃത്തുമായി ഫോണില്‍ സംസാരിക്കുകയായിരുന്നുവെന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. 
 

Latest News