തിരുവനന്തപുരം- മുന്‍ റേഡിയോ ജോക്കി തിരുവനന്തപുരം മടവൂര്‍ സ്വദേശി രാജേഷ് കുമാറിനെ സ്റ്റുഡിയോയില്‍ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി അലി ഭായ് എന്ന മുഹമ്മദ് താലിഫിനെ പോലീസ് പിടികൂടി. തിരുവനന്തപുരം വിമാനത്താവളത്തില്‍ വച്ചാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. നേരത്തെ ഖത്തറിലേക്ക് കടന്ന ഇയാളെ ഇന്റര്‍പോളിന്റെ സഹായത്തോടെ തിരുവനന്തപുരത്ത് എത്തിക്കുകയായിരുന്നു. കേസില്‍ ഗുഢാലോചനയില്‍ പങ്കുള്ള സ്വാതി സന്തോഷ് എന്ന പ്രതിയെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. എഞ്ചിനീയറിങ് വിദ്യാര്‍ത്ഥി യാസിന്‍, കൊല്ലം സ്വദേശി സനു എന്നിവരടക്കം കേസില്‍ ഇതുവരെ നാലു പേര്‍ പിടിയിലായി.