തിരുവനന്തപുരം- മുഖ്യമന്ത്രിയുടെ പത്രസമ്മേളനം കഴിഞ്ഞ് മണിക്കൂറിനുള്ളില്‍ മറുപടി അക്കമിട്ട് മറുപടി നല്‍കി പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍. 95 ശതമാനം സമയവും ഏകപക്ഷീയമായി സംസാരിക്കുകയും രണ്ടോ മൂന്നോ ചോദ്യങ്ങള്‍ മാത്രം ചോദിക്കാന്‍ അനുവദിച്ച ശേഷം ഇറങ്ങിപ്പോയ മുഖ്യമന്ത്രിയെ പരിഹസിച്ചായിരുന്നു പത്രസമ്മേളനം തുടങ്ങിയതുതന്നെ. ഡിമന്‍ഷ്യ ബാധിച്ച് ഇന്നലെ വരെയുള്ള മുഴുവന്‍ കാര്യങ്ങളും മറന്നു പോകുന്ന ആളെപ്പോലെയാണ് മുഖ്യമന്ത്രി സംസാരിച്ചതെന്ന് സതീശന്‍ പറഞ്ഞു. നിയമസഭ മുഴുവന്‍ അടിച്ച് തകര്‍ക്കാനും സ്പീക്കറുടെ കസേര മറിച്ചിടാനും വാച്ച് ആന്‍ഡ് വാര്‍ഡിനെ ആക്രമിക്കാനും നിര്‍ദ്ദേശം കൊടുത്ത പാര്‍ട്ടി സെക്രട്ടറിയായിരുന്നു താനെന്ന് പിണറായി വിജയന്‍ മറുന്നു പോയി. നിയമസഭയുടെ ചരിത്രത്തിലെ അപമാനകരമായ സംഭവം ഉണ്ടാക്കാന്‍ നിര്‍ദ്ദേശം നല്‍കിയ പിണറായി വിജയനാണ് നടുത്തളത്തില്‍ ഇറങ്ങിയ പ്രതിപക്ഷാംഗങ്ങള്‍ ഹീനമായാണ് പെരുമാറിയതെന്ന് പറയുന്നത്. മുദ്രാവാക്യം വിളിച്ചത് ഹീനമാണെന്ന് പറയുന്ന മുഖ്യമന്ത്രി പ്രതിപക്ഷത്തെ സഭാ ചട്ടം പഠിപ്പിക്കുകയാണ്. മുഖ്യമന്ത്രിയില്‍ നിന്നും പെരുമാറ്റച്ചട്ടം പഠിക്കാന്‍ യു.ഡി.എഫ് ആഗ്രഹിക്കുന്നില്ല. എല്‍.ഡി.എഫ് ചെയ്തത് പോലെ ഒരു കാലത്ത് യു.ഡി.എഫ് അംഗങ്ങള്‍ നിയമസഭയില്‍ പെരുമാറില്ലെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.
പ്രതിപക്ഷ നേതാവ് വയനാട്ടില്‍ ഒരു പത്രപ്രവര്‍ത്തകനോട് ഇറങ്ങിപ്പോകാന്‍ പറഞ്ഞെന്നതാണ് മുഖ്യമന്ത്രിയുടെ രണ്ടാമത്തെ ആരോപണം. ഒരു ചോദ്യം തന്നെ നിരന്തരം ചോദിച്ച് പത്രസമ്മേളനം അലങ്കോലമാക്കാന്‍ ശ്രമിച്ചയാളോടാണ്, ഇറങ്ങിപ്പോകണമെന്ന് എന്നെക്കൊണ്ട് പറയിക്കരുതെന്ന് സഭ്യമായ ഭാഷയില്‍ പറഞ്ഞത്. ഇത് വലിയ സംഭവമാക്കി മുഖ്യമന്ത്രി ചിത്രീകരിക്കുകയാണ്. മാതൃഭൂമി പത്രത്തിന്റെ എഡിറ്റര്‍ക്കെതിരെ എടോ ഗോപാലകൃഷ്ണാ എന്ന് പൊതുസമ്മേളനത്തില്‍ ആക്രോശിച്ചത് ആരാണ്? പിണറായി അത് മറന്ന് പോയോ? 'മറുപടി പറയണോ, ഇങ്ങ് മാറി നില്‍ക്ക് ചെവിയില്‍ പറഞ്ഞ് താരാം' എന്ന് ഭീഷണിപ്പെടുത്തിയത് ആരാണ്? 'കടക്ക് പുറത്ത്' എന്ന കല്‍പന കൊടുത്തത് ആരാണ്? ഇതെല്ലാം പറഞ്ഞ പിണറായി, ഇന്ന് നല്ലപിള്ള ചമഞ്ഞിരുന്ന് വര്‍ത്തമാനം പറയുന്നത് കേള്‍ക്കുമ്പോള്‍ ഇന്നലെ വരെയുള്ളത് മറന്നുപോയോ എന്ന് എങ്ങനെ ചോദിക്കാതിരിക്കും.
കെ.പി.സി.സി ഓഫീസ് ആക്രമിക്കുകയും കന്റോണ്‍മെന്റ് ഹൗസില്‍ അതിക്രമിച്ച് കടക്കുകയും പാര്‍ട്ടി ഓഫീസുകള്‍ക്ക് നേരെ ബോംബ് എറിയുകയും കത്തിക്കുകയും പ്രവര്‍ത്തകരെ ആക്രമിക്കുകയും ചെയ്തവരാണ് യു.ഡി.എഫ് കലാപം നടത്തിയെന്ന് പറയുന്നത്. വിമാനത്തിനുള്ളില്‍ പ്രതിഷേധിച്ചവര്‍ മുഖ്യമന്ത്രിയെ കൊല്ലാന്‍ ശ്രമിച്ചെന്ന കള്ളം പറഞ്ഞ് കലാപത്തിന് ആഹ്വാനം ചെയ്തത് സി.പി.എം നേതാക്കളാണ്. രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ചതും ഇവരാണ്. ഓഫീസ് ആക്രമണത്തെ തള്ളിപ്പറിഞ്ഞില്ലേ എന്നാണ് ചോദിക്കുന്നത്? . ടി.പിയെയും ജയകൃഷ്ണന്‍ മാസ്റ്ററെയും കൊലപ്പെടുത്തിയ ശേഷവും ഞങ്ങള്‍ക്ക് ഒരുപങ്കുമില്ലെന്ന് ഇവര്‍ പറഞ്ഞു. തള്ളിപ്പറയല്‍ ഇവരുടെ സ്ഥിരം ഭാഷയാണ്.
ഗാന്ധി ചിത്രം തകര്‍ത്തത് സംബന്ധിച്ച കേസിന്റെ അന്വേഷണം നടക്കുന്നതിനിടെ മുഖ്യമന്ത്രി അഭിപ്രായപ്രകടനം നടത്തിയത് അനൗചിത്യവും നിയമവിരുദ്ധവുമാണ്. ഇനി അന്വേഷണ ഉദ്യോഗസ്ഥനായ എ.ഡി.ഡി.പി മനോജ് എബ്രഹാമിന് മാറ്റിപ്പറയാന്‍ പറ്റുമോ? ഗാന്ധി ചിത്രം തല്ലിത്തകര്‍ത്തതിനെ കുറിച്ച് പറഞ്ഞ മുഖ്യമന്ത്രി പയ്യന്നൂരില്‍ സി.പി.എമ്മുകാര്‍ ഗാന്ധി പ്രതിമയുടെ തല വെട്ടി മാറ്റിയതിനെ കുറിച്ച് പറയാത്തത് എന്തുകൊണ്ടാണെന്നും സതീശന്‍ ചോദിച്ചു.
ഗുജറാത്ത് കലാപത്തില്‍ കൊല്ലപ്പെട്ട കോണ്‍ഗ്രസ് എം.പിയുടെ ഭാര്യയെ സോണിയ ഗാന്ധി സന്ദര്‍ശിച്ചില്ലെന്ന് പിണറായി പറഞ്ഞത് പച്ചക്കള്ളമാണ്. ടീസ്റ്റ സെറ്റില്‍വാദിന് കോണ്‍ഗ്രസ് ഒരു പിന്തുണയും നല്‍കിയില്ലെന്നതാണ് അടുത്ത പച്ചക്കള്ളം. 2002 -ല്‍ കോണ്‍ഗ്രസിന്റെ സദ്ഭാവന പുരസ്‌കാരം നല്‍കിയത് ടീസ്റ്റയ്ക്കാണ്. ഇത്കൂടാതെ മന്‍മോഹന്‍ സിംഗ് പ്രധാനമന്ത്രിയായിരിക്കുമ്പോള്‍ 2007-ല്‍ പദ്മശ്രീ പുരസ്‌കാരവും നല്‍കി. ആര്‍.ബി ശ്രീകുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് എല്ലാ പിന്തുണയും നല്‍കിയത് സോണിയ ഗാന്ധിയാണ്. കേരളത്തിലെ മുഖ്യമന്ത്രി കൂപമണ്ഡൂകത്തെ പോലെ ഇതൊന്നും അറിയാതെ പച്ചക്കള്ളം പറയുകയാണ്. ഇരിക്കുന്ന സ്ഥാനത്തോട് ഒരു ബഹുമാനം വേണ്ടേ മിസ്റ്റര്‍? സോണിയഗാന്ധിക്കെതിരെ ആരോപണം ഉന്നയിക്കുമ്പോള്‍ പഠിച്ച് പറയണം.
കോണ്‍ഗ്രസിന് വാളയാറിന് അപ്പുറവും ഇപ്പുറവും രണ്ട് നിലപാടില്ല. മുഖ്യമന്ത്രിക്ക് എതിരായ ഗുരുതര ആരോപണത്തില്‍ മറുപടി പറഞ്ഞില്ല. എല്ലാം നേരത്തെ പറഞ്ഞെന്നാണ് പറയുന്നത്. സ്വര്‍ണക്കടത്തിലെ മറ്റൊരു പ്രതിയായ ശിവശങ്കറിനെ സര്‍വീസില്‍ തിരിച്ചെടുക്കുകയും പുസ്തകത്തിലൂടെ വെളിപ്പെടുത്തല്‍ നടത്താന്‍ അനുമതി നല്‍കുകയും ചെയ്തു. അതേ കേസിലെ പ്രതിയായ സ്വപ്‌ന കോടതിയില്‍ വെളിപ്പെടുത്തല്‍ നടത്തിയപ്പോള്‍ അവര്‍ക്കെതിരെ കേസെടുത്തു. ഇത് എന്ത് നീതിയാണ്? അപ്പോള്‍ മുഖ്യമന്ത്രിക്ക് സ്വപ്‌നയെ ഭയമുണ്ട്. ഭീതിയുള്ളത് കൊണ്ടല്ലേ സരിത്തില്‍ നിന്നും ഫോണ്‍ തട്ടിയെടുത്തത്? മാധ്യമ പ്രവര്‍ത്തകനെ ഇടനിലക്കാരനാക്കി കൈക്കൂലി വാഗ്ദാനം ചെയ്തത് നിങ്ങളുടെ രണ്ട് എ.ഡി.ജി.പിമാരല്ലേ? മടിയില്‍ കനമില്ലെന്ന് ബോര്‍ഡ് എഴുതി വച്ചാല്‍ മാത്രം പോര. നിങ്ങള്‍ക്ക് പരിഭ്രാന്തിയും വെപ്രാളവുമാണ്- സതീശന്‍ പറഞ്ഞു.
.