കൊച്ചി- യുവനടിയെ ബലാത്സംഗം ചെയ്ത കേസില്‍ നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. എറണാകുളം സൗത്ത് പോലീസാണ് വിജയ് ബാബുവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ആദ്യ ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷം വിജയ് ബാബുവിനെ വിട്ടയച്ചു. വിജയ്ബാബുവിന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ച സാഹചര്യത്തിലാണ് പോലീസ് നടപടി.
ഇന്നലെ ആരംഭിച്ച ചോദ്യം ചെയ്യല്‍ ജൂലൈ 3 വരെ തുടരും. ദിവസവും രാവിലെ 9 മുതല്‍ വൈകിട്ട് 6 വരെയായിരിക്കും ചോദ്യം ചെയ്യല്‍. ഇന്നലെ രാവിലെയാണ് വിജയ് ബാബു പോലീസ് സ്‌റ്റേഷനില്‍ അഭിഭാഷകനോടൊപ്പം ഹാജരായത്. പ്രാഥമിക ചോദ്യം ചെയ്യലിന് ശേഷം നടിയുടെ മൊഴിയില്‍ പരാമര്‍ശിക്കുന്ന ചില ഹോട്ടലുകളില്‍ വിജയ് ബാബുവുമായി പോലീസ് തെളിവെടുപ്പ് നടത്തി.
നടിയെ ബലാല്‍സംഗത്തിനിരയാക്കിയതിന് പുറമെ ഇരയുടെ പേര് വെളിപ്പെടുത്തിയതിന് മറ്റൊരു കേസും വിജയ് ബാബുവിനെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്്.
കോളിളക്കം സൃഷ്ടിച്ച ബലാത്സംഗ കേസില്‍ വിജയ്ബാബുവിനെ ഏത് വിധേനയും അറസ്റ്റ് ചെയ്യാന്‍ തയ്യാറെടെത്ത പോലീസിന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത് വന്‍തിരിച്ചടിയായിരുന്നു. കേസെടുത്ത് രണ്ട് മാസം പിന്നിടുമ്പോഴാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്താന്‍ കഴിഞ്ഞത്. നാട്ടില്‍ ഉണ്ടാകണമെന്നത് ഉള്‍പ്പെടെ ഉപാധികളോടെയാണ് ഈ മാസം 22 ന് വിജയ് ബാബുവിന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നല്‍കിയത്. അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജരാകേണ്ടി വന്നാല്‍ ഹാജരാകണമെന്ന് നിര്‍ദ്ദേശിച്ച കോടതി തിങ്കളാഴ്ച അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരാകണമെന്നും നിര്‍ദേശിച്ചിരുന്നു. സമൂഹ മാധ്യമത്തിലൂടെയോ അല്ലാതെയോ അതിജീവിതയെയോ അവരുടെ കുടുംബത്തെയോ അപമാനിക്കാന്‍ ശ്രമിക്കരുതെന്നും കോടതി വ്യക്തമാക്കി. കോടതി നിര്‍ദേശ പ്രകാരം അഞ്ച് ലക്ഷം രൂപയുടെ ബോണ്ടും കെട്ടിവെച്ചു. പാസ്‌പോര്‍ട്ടും സറണ്ടര്‍ ചെയ്തു.
കഴിഞ്ഞ ഏപ്രില്‍ 26നാണ് സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് വിജയ് ബാബു പീഡനത്തിന് ഇരയാക്കിയെന്ന് നടി വെളിപ്പെടുത്തിയത്. സൗത്ത് പോലീസില്‍ പരാതിയും നല്‍കി. കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ വിജയ് ബാബു നടിയുടെ പേര് ഫേസ്ബുക്ക് ലൈവിലൂടെ വെളിപ്പെടുത്തുകയും നടിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുകയും ചെയ്തിരുന്നു. പരാതിക്ക് പിന്നാലെ വിദേശത്തേക്ക് പോയ വിജയ് ബാബു നാട്ടില്‍ തിരിച്ചെത്തിയാലുടന്‍ അറസ്റ്റ് ചെയ്യാന്‍ പോലീസ് എല്ലാ തയ്യാറെടുപ്പും നടത്തിയെങ്കിലും കോടതി ഇയാളുടെ അറസ്റ്റ് വിലക്കിയതോടെ എല്ലാ ശ്രമങ്ങളും വിഫലമാകുകയായിരുന്നു.
ചോദ്യം ചെയ്യലിന് ശേഷം പുറത്തുവന്ന വിജയ്ബാബു മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ തയ്യാറായില്ല. എന്നാല്‍ നിശ്ശബ്ദതയാണ് തന്റെ ഏറ്റവും നല്ല മറുപടിയെന്നും എന്ത് സംഭവിച്ചാലും പ്രകോപിതനാകില്ലെന്നും ഫേസ്ബുക്കില്‍ വിജയ് ബാബു കുറിച്ചു. മാധ്യമങ്ങള്‍ എത്ര പ്രകോപിപ്പിച്ചാലും പ്രതികരിക്കില്ല. കേസ് അന്വേഷണവുമായി നൂറ് ശതമാനം സഹകരിക്കും. ഒടുവില്‍ സത്യം വിജയിക്കുമെന്നും വിജയ് ബാബു കൂട്ടിച്ചേര്‍ത്തു.