Sorry, you need to enable JavaScript to visit this website.

ആര്‍.ബി. ശ്രീകുമാറിനെ അറസ്റ്റ് ചെയ്തതില്‍ സന്തോഷം പ്രകടിപ്പിച്ച് നമ്പി നാരായണന്‍

തിരുവനന്തപുരം- ഗുജറാത്ത് കലാപക്കേസുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങള്‍ നല്‍കിയെന്നാരോപിച്ച് മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥന്‍ ആര്‍.ബി. ശ്രീകുമാറിനെ അറസ്റ്റ് ചെയ്ത നടപടി സ്വാഗതം ചെയ്ത് ഐ.എസ്.ആര്‍.ഒ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്‍. അറസ്റ്റില്‍ സന്തോഷമുണ്ടെന്നും അയാള്‍ തന്നോടും ഇതു തന്നെയാണ് ചെയ്തതെന്നും നമ്പി നാരായണന്‍ പറഞ്ഞു.

നമ്പി നാരായണനെതിരെ ചാരവൃത്തി ആരോപിച്ച് ആര്‍.ബി. ശ്രീകുമാര്‍ അന്വേഷണം നടത്തിയെങ്കിലും സുപ്രീം കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയിരുന്നു.

കഥകള്‍ കെട്ടിച്ചമച്ചതിനും അവ സെന്‍സേഷണലൈസ് ചെയ്യാന്‍ ശ്രമിച്ചതിനും ആര്‍.ബി. ശ്രീകുമാറിനെ അറസ്റ്റ് ചെയ്തതായി ഞാനറിഞ്ഞു. എന്റെ കാര്യത്തിലും അയാള്‍ ഇതു തന്നെയാണ് ചെയ്തത്- നമ്പി നാരായണന്‍ വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയോട് പറഞ്ഞു.

2002 ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് ഗുജറാത്ത് കോടതി നല്‍കിയ ക്ലീന്‍ ചിറ്റ് സുപ്രീം കോടതി ശരിവെച്ചതിനു പിന്നാലെയാണ് ഗുജറാത്തിലെ മുന്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് ആര്‍. ബി ശ്രീകുമാറിനെ അഹമ്മദാബാദ് പോലീസ് അറസ്റ്റ് ചെയ്തത്.

'ആര്‍ക്കും എന്തും പറഞ്ഞ് അതില്‍നിന്ന് രക്ഷപ്പെടാന്‍ കഴിയുന്ന തരത്തിലാണ് ഇവിടുത്തെ വ്യവസ്ഥകള്‍. മര്യാദയുടെ കാര്യത്തില്‍ അയാള്‍ എല്ലാ പരിധികളും ലംഘിക്കുന്ന ആളാണ്. അയാളെ അറസ്റ്റ് ചെയ്തു കണ്ടതില്‍ എനിക്ക് വളരെ സന്തോഷമുണ്ട്- നമ്പി നാരായണന്‍ പറഞ്ഞു.

 

Latest News