കൊച്ചി - കൊച്ചിന്‍ ഷിപ്പ്‌യാഡിന് ചരിത്രനേട്ടം. കപ്പല്‍ശാല നിര്‍മിച്ച മാരിസ്, തെരേസ എന്നീ ഇലക്ട്രിക് വെസലുകള്‍ നോര്‍വെയിലേക്ക് കയറ്റി അയക്കാനുള്ള തയാറെടുപ്പുകള്‍ പൂര്‍ത്തിയായി. ലോകത്തെ രണ്ടാമത്തേയും ഇന്ത്യയിലെ ആദ്യത്തെയും സ്വയം നിയന്ത്രിത ഇലക്ട്രിക് വെസലുകളാണ് ഇവ. ഇന്ത്യയില്‍നിന്ന് ആദ്യമായാണ് ഒരു കപ്പല്‍ശാലയില്‍ നിര്‍മിച്ച വെസ്സലുകള്‍ മറ്റൊരു കപ്പലില്‍ കയറ്റി കൊണ്ടുപോകുന്നത്.
ഡച്ച് കമ്പനിയായ യാട്ട് സെര്‍വന്റിന്റെ കൂറ്റന്‍ കപ്പലില്‍ എട്ട് മണിക്കൂര്‍ നീണ്ട ശ്രമത്തിലൂടെയാണ് 67 മീറ്റര്‍ നീളവും 600 ടണ്‍ ഭാരവുമുള്ള വെസ്സലുകള്‍ കയറ്റിയത്. 210 മീറ്റര്‍ വലിപ്പമുള്ള മദര്‍ഷിപ്പ് 8.9 മീറ്റര്‍ കായലിലേക്ക് താഴ്ത്തി വെള്ളം നിറച്ച ശേഷം ടഗ്ഗ് ഉപയോഗിച്ച് രണ്ട് ഇലക്ട്രിക് വെസ്സലുകളും കപ്പലിലേക്ക് വലിച്ചു കയറ്റി. തുടര്‍ന്ന് കപ്പല്‍ ഉയര്‍ത്തി വെസ്സലുകള്‍ കയറ്റിയ ഭാഗത്തെ വെള്ളം ഒഴുക്കിക്കളഞ്ഞ് പൂര്‍വസ്ഥിതിയിലാക്കി.
മാരിസും തെരേസയുമായി ജൂണ്‍ 27 വൈകുന്നേരം മദര്‍ഷിപ്പ് നോര്‍വെയിലേക്ക് യാത്ര തിരിക്കും. ഒരു മാസം കടലിലൂടെ സഞ്ചരിച്ച് കപ്പല്‍ നോര്‍വെയിലെത്തിച്ചേരും. നോര്‍വെയിലെ മലയിടുക്കുകളിലേക്ക് കയറിക്കിടക്കുന്ന ലോകപ്രശസ്തമായ അഴിമുഖപ്പാതയായ ഫ്യോര്‍ദിലായിരിക്കും മാരിസും തെരേസയും സര്‍വീസ് നടത്തുക.