കൊച്ചി- സി.പി.എം ജില്ലാ സെക്രട്ടറിയുടെ നിര്‍ദ്ദേശപ്രകാരം രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച എസ്.എഫ്.ഐക്കാര്‍ ചികിത്സാ സഹായത്തിന്റെ വിവരങ്ങള്‍ അടങ്ങിയ ഫയലുകളെല്ലാം മോഷ്ടിച്ച് കൊണ്ട് പോയതായി വി.ഡി. സതീശന്‍. രാഹുല്‍ ഗാന്ധിയെ വയനാട്ടില്‍ നിന്ന് തുരത്തണമെന്ന സ്മൃതി ഇറാനിയുടെ ആഹ്വാനം നടപ്പാക്കാനുള്ള ശേഷി ബി.ജെ.പിക്കില്ല. അതുകൊണ്ട് ആ ക്വട്ടേഷന്‍ സി.പി.എം ഏറ്റെടുത്തിരിക്കയാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
വയനാട്ടില്‍ മാര്‍ച്ച് നടത്തുമെന്ന് പറയുന്ന സി.പി.എം ആരോടാണ് പ്രതിഷേധിക്കുന്നത്? കറന്‍സി കടത്തിയെന്നും ബിരിയാണി ചെമ്പ് കൊണ്ട് വന്നെന്നും പ്രതിപക്ഷ നേതാവിനെതിരെ ആരോപണമില്ല. എന്നിട്ടും പ്രതിപക്ഷ നേതാവിന്റെ വസതിയിലേക്ക് മാര്‍ച്ച് നടത്തി. അതുപോലെയാണ് വയനാട്ടിലെ പ്രതിഷേധവും. മൊത്തത്തില്‍ നോക്കുമ്പോള്‍ സി.പി.എമ്മിന് കിളി പറന്നു പോയോയെന്ന് സംശയമുണ്ട്. ഭീതിയുടെയും വെപ്രളത്തിന്റെയും അന്തിമഘട്ടമായ കിളി പറക്കുന്ന അവസ്ഥയില്‍ സി.പി.എം എത്തിച്ചേര്‍ന്നിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വൈദ്യുത ചാര്‍ജ് വര്‍ധനവിലൂടെ അഴിമതിയും കെടുകാര്യസ്ഥതയും കൊണ്ട് കെ.എസ്.ഇ.ബിയില്‍ ഉണ്ടായ സമ്പത്തിക പ്രതിസന്ധിയുടെ ബാധ്യത ജനങ്ങളുടെ തലയില്‍ കെട്ടിവയ്ക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ജനം സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുന്നതിനിടെ കൂടുതല്‍ ഭാരം അടിച്ചേല്‍പ്പിച്ചത് നീതീകരിക്കാനാകില്ല. നിരക്ക് വര്‍ധനകള്‍ അടിച്ചേല്‍പ്പിക്കുന്ന സര്‍ക്കാര്‍ ആളുകള്‍ക്ക് ജീവിക്കാന്‍ കഴിയാത്ത സ്ഥിതിയുണ്ടാക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.