തിരുവനന്തപുരം- രാഹുല്‍ഗാന്ധി എം.പി.യുടെ ഓഫീസ് തല്ലിത്തകര്‍ത്ത എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ക്കെതിരേ നടപടിയെടുക്കാന്‍ സി.പി.എം. നിര്‍ദേശം. എസ്.എഫ്.ഐ. അഖിലേന്ത്യാ പ്രസിഡന്റ് വി.പി. സാനു, സംസ്ഥാന പ്രസിഡന്റ് കെ. അനുശ്രീ എന്നിവരോടാണ് സി.പി.എം. സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഇക്കാര്യം നിര്‍ദേശിച്ചത്. സി.പി.എമ്മിന്റെ വയനാട് ഘടകത്തിന് വീഴ്ചയുണ്ടായെന്ന വിലയിരുത്തല്‍ നേതാക്കള്‍ക്കുണ്ട്. വയനാട് ജില്ലാ സെക്രട്ടറി പി. ഗഗാറിനുമായും കോടിയേരി സംസാരിച്ചു.
മുന്‍കൂട്ടി നിശ്ചയിച്ചാണ് എസ്.എഫ്.ഐ. രാഹുല്‍ഗാന്ധിയുടെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയത്. സമരത്തിന് സാമൂഹികമാധ്യമങ്ങളിലടക്കം പ്രചാരണവും നല്‍കി. എന്നിട്ടും ജില്ലയിലെ പാര്‍ട്ടി നേതാക്കള്‍ ജാഗ്രത പാലിച്ചില്ലെന്നാണ് നേതാക്കളുടെ അഭിപ്രായം.
എസ്.എഫ്.ഐ.യുടെ ചുമതല പാര്‍ട്ടി സെക്രട്ടേറിയറ്റ് അംഗങ്ങളില്‍ ഒരാള്‍ക്കായിരിക്കും. സംസ്ഥാന ചുമതല മുന്നണി കണ്‍വീനര്‍കൂടിയായ ഇ.പി. ജയരാജനാണ്. സംസ്ഥാനനേതൃത്വത്തിന്റെ അറിവോടെയല്ല സമരരീതി നിശ്ചയിച്ചതെന്നാണ് അനുശ്രീയും സാനുവും കോടിയേരിയോടു വിശദീകരിച്ചത്.
പ്രതിഷേധത്തിലപ്പുറം സമരത്തെക്കുറിച്ച് പാര്‍ട്ടി നേതൃത്വത്തിനും അറിവുണ്ടായിരുന്നില്ലെന്ന രീതിയിലാണ് ഗഗാറിന്റെ വിശദീകരണമെന്നാണ് സൂചന. പ്രതിഷേധം സംഘടിപ്പിക്കുന്നകാര്യം എസ്.എഫ്.ഐ. നേതാക്കള്‍ക്ക് അറിയാമായിരുന്നു.
തെറ്റായ രാഷ്ട്രീയസന്ദേശം നല്‍കുന്ന പ്രതിഷേധത്തെ പരസ്യമായി തള്ളിയതിനൊപ്പം അതേരീതിയിലുള്ള തിരുത്തലും വേണമെന്ന് സി.പി.എം., എസ്.എഫ്.ഐ. നേതാക്കളെ അറിയിച്ചിട്ടുണ്ട്. നേതാക്കളുടെ സാന്നിധ്യത്തില്‍ വയനാട് ജില്ലാ കമ്മിറ്റി യോഗംചേരും. ഇതിനുശേഷമായിരിക്കും നടപടി.