Sorry, you need to enable JavaScript to visit this website.

പുറമറ്റം പഞ്ചായത്ത് പ്രസിഡന്റിന് മര്‍ദ്ദനം;5 സി.പി.എം പ്രവര്‍ത്തകര്‍ അറസ്റ്റില്‍

പത്തനംതിട്ട- പുറമറ്റം പഞ്ചായത്ത് പ്രസിഡന്റിനെ മര്‍ദ്ദിച്ച സംഭവത്തില്‍ അഞ്ച് സി.പി.എം പ്രവര്‍ത്തകര്‍ അറസ്റ്റില്‍. സി.പി.എം പ്രവര്‍ത്തകരായ ശോഭിക, മായ, കുഞ്ഞമ്മ വിജയന്‍, പൊന്നമ്മ, ഷിജോ കുരുവിള എന്നിവരെയാണ് കോയിപ്രം പോലീസ് അറസ്റ്റു ചെയ്തത്. പഞ്ചായത്ത് പ്രസിഡന്റ് സൗമ്യ ജോബി നല്‍കിയ പരാതിയിലാണ് അറസ്റ്റ്.
വെള്ളിയാഴ്ചയാണ് പുറമറ്റം പഞ്ചായത്ത് പ്രസിഡന്റ് സൗമ്യക്ക് നേരെ കയ്യേറ്റ ശ്രമം ഉണ്ടായത്. പഞ്ചായത്ത് ഓഫീസിന് മുന്നില്‍ ഒരു സംഘം ആളുകള്‍ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നുവെന്ന് സൗമ്യ  ആരോപിച്ചിരുന്നു. സ്ത്രീകളാണ് ശാരീരികമായി ആക്രമിച്ചതെന്നും സി.പി.എം പഞ്ചായത്ത് അംഗങ്ങളായ ഷിജു പി. കുരുവിള, സാബു ബഹ്‌നാന്‍ എന്നിവരാണ് ആക്രമണം ആസൂത്രണം ചെയ്തതെന്നുമായിരുന്നു സൗമ്യയുടെ ആരോപണം. എന്നാല്‍, പ്രസിഡന്റ് പഞ്ചായത്ത് ഓഫീസിലെത്തിയപ്പോള്‍ പ്രതിഷേധിക്കുക മാത്രമാണ് ചെയ്തതെന്നായിരുന്നു സി.പി.എം പറയുന്നത്.

എല്‍.ഡി.എഫ് സ്വതന്ത്രയാണ് പഞ്ചായത്ത് പ്രസിഡന്റ് സൗമ്യ. കഴിഞ്ഞ ദിവസം പഞ്ചായത്ത് പ്രസിഡന്റിനെതിരെ കൊണ്ടുവന്ന അവിശ്വാസം പരാജയപ്പെട്ടിരുന്നു. ഇത് പരാജയപ്പെട്ടതിന്റെ രോഷ മാണ് ആക്രമണത്തിന് പിന്നിലെന്നും യു.ഡി.എഫ് പിന്തുണയോടെ ഭരണം മുന്നോട്ട് കൊണ്ട് പോകുമെന്നും സൗമ്യ  പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം പഞ്ചായത്ത് പ്രസിഡന്റിന്റെ വാഹനം തല്ലി തകര്‍ത്തവര്‍ക്കെതിരെയും പോലീസ് കേസെടുത്തു.

 

Latest News