Sorry, you need to enable JavaScript to visit this website.

ഇന്തോനേഷ്യന്‍ വേലക്കാരികള്‍ക്ക് വേതനം 1500 റിയാല്‍

റിയാദ് - ഇന്തോനേഷ്യയിൽനിന്ന് റിക്രൂട്ട്‌മെന്റ് പുനരാരംഭിക്കുന്ന ഗാർഹിക തൊഴിലാളികളുടെ വേതനം 1500 റിയാലായി നിശ്ചയിച്ചതായി വിവരം. ഏഴു വർഷം മുമ്പാണ് ഇന്തോനേഷ്യയിൽനിന്നുള്ള റിക്രൂട്ട്‌മെന്റ് നിലച്ചത്. ഇന്തോനേഷ്യയിൽനിന്ന് ഗാർഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് വൈകാതെ പുനരാരംഭിക്കുന്നതിന് തത്വത്തിൽ ധാരണയായിട്ടുണ്ട്. 
സ്വന്തം സ്‌പോൺസർഷിപ്പിൽ തൊഴിലാളികളെ റിക്രൂട്ട് ചെയ്ത് താൽക്കാലിക കരാർ അടിസ്ഥാനത്തിൽ കുടുംബങ്ങൾക്ക് കൈമാറുന്ന മേഖലയിൽ പ്രവർത്തിക്കുന്ന വൻകിട റിക്രൂട്ട്‌മെന്റ് കമ്പനികൾക്കു മാത്രമായിരിക്കും ഇന്തോനേഷ്യൻ വേലക്കാരെ റിക്രൂട്ട് ചെയ്യുന്നതിന് തുടക്കത്തിൽ അനുമതിയുണ്ടാവുക. പരീക്ഷണാടിസ്ഥാനത്തിൽ ആറു മാസം ഇങ്ങനെ ഇന്തോനേഷ്യയിൽനിന്ന് ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് മാൻപവർ സപ്ലൈ കമ്പനികളെ പോലെ പ്രവർത്തിക്കുന്ന വൻകിട റിക്രൂട്ട്‌മെന്റ് കമ്പനികളെ അനുവദിക്കും. ഇതിനു ശേഷം റിക്രൂട്ട്‌മെന്റ് മേഖലയിൽ പ്രവർത്തിക്കുന്ന മുഴുവൻ സ്ഥാപനങ്ങളെയും ഇന്തോനേഷ്യയിൽനിന്ന് ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് അനുവദിക്കും. 
ഗാർഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് മേഖലയിൽ സഹകരിക്കുന്നതിന് സൗദി തൊഴിൽ, സാമൂഹിക വികസന മന്ത്രി ഡോ. അലി അൽഗഫീസും ഇന്തോനേഷ്യൻ മാനവശേഷി, കുടിയേറ്റ മന്ത്രി മുഹമ്മദ് സാകിരിയും ഒക്‌ടോബറിൽ ജിദ്ദയിൽ ധാരണാപത്രം ഒപ്പുവെച്ചിരുന്നു. ഗാർഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് നടപടികളെ മുസാനിദ് പ്രോഗ്രാമുമായി ബന്ധിപ്പിക്കുന്നതിന് ഇരു രാജ്യങ്ങളും ധാരണയിലെത്തിയിട്ടുണ്ട്. ജക്കാർത്തയിൽ സൗദി ലേബർ അറ്റാഷെ തുറക്കുന്നതിനും ധാരണയായിട്ടുണ്ട്. സൗദിയിലും ഇന്തോനേഷ്യയിലും പ്രവർത്തിക്കുന്ന റിക്രൂട്ട്‌മെന്റ് ഓഫീസുകളെയും കമ്പനികളെയും മൂല്യനിർണയം നടത്തുന്നതിലുള്ള പരിചയ സമ്പത്ത് പരസ്പരം പങ്കുവെക്കുന്നതിനും തീരുമാനമുണ്ട്. ഇന്തോനേഷ്യയിൽനിന്ന് റിക്രൂട്ട്‌മെന്റ് പുനരാരംഭിച്ച് ആറു മാസത്തിനകം 40,000 വേലക്കാരികളെ റിക്രൂട്ട് ചെയ്യുന്നതിനാണ് സൗദി തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം ലക്ഷ്യമിടുന്നത്. 
ഇന്തോനേഷ്യയിൽനിന്നുള്ള റിക്രൂട്ട്‌മെന്റ് ഘട്ടംഘട്ടമായി പുനരാരംഭിക്കണമെന്ന ആവശ്യം ഇന്തോനേഷ്യ മുന്നോട്ടു വെച്ചതായി തൊഴിൽ, സാമൂഹിക വികസന മന്ത്രാലയത്തിനു കീഴിലെ ഇന്റർനാഷണൽ ലേബർ റിലേഷൻസ് ഏജൻസി സൂപ്പർവൈസർ ജനറൽ ഡോ. അബ്ദുൽ അസീസ് അൽഅംറ് വെളിപ്പെടുത്തി. തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പു വരുത്തുന്നതിന് തുടക്കത്തിൽ വൻകിട റിക്രൂട്ട്‌മെന്റ് കമ്പനികളെ മാത്രമാണ് ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് അനുവദിക്കുക. പരീക്ഷണാടിസ്ഥാനത്തിൽ ആറു മാസം വൻകിട റിക്രൂട്ട്‌മെന്റ് കമ്പനികളെ ഇന്തോനേഷ്യയിൽനിന്ന് ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് അനുവദിക്കും. 
റിക്രൂട്ട്‌മെന്റിന് പ്രതിബന്ധങ്ങൾ നേരിടാതിരിക്കുകയും തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് ഇന്തോനേഷ്യക്ക് ബോധ്യപ്പെടുകയും ചെയ്യുന്ന പക്ഷം ഇന്തോനേഷ്യൻ വേലക്കാരെ റിക്രൂട്ട് ചെയ്യുന്നതിന് ചെറുകിട റിക്രൂട്ട്‌മെന്റ് ഓഫീസുകളെയും അനുവദിക്കും. ഇന്തോനേഷ്യയിൽനിന്ന് റിക്രൂട്ട്‌മെന്റ് പുനരാരംഭിക്കുന്നതിനുള്ള മുഴുവൻ നടപടികളും തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം പൂർത്തിയാക്കിയിട്ടുണ്ട്. ഇന്തോനേഷ്യയിൽനിന്ന് ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്തു നൽകുന്നതിന് റിക്രൂട്ട്‌മെന്റ് കമ്പനികൾക്കും ഓഫീസുകൾക്കും ഈടാക്കാവുന്ന കൂടിയ നിരക്ക് റിക്രൂട്ട്‌മെന്റ് ആരംഭിച്ച് ആറു മാസത്തിനു ശേഷം മന്ത്രാലയം നിശ്ചയിക്കും. തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് കമ്പനികൾക്ക് ആകുന്ന യഥാർഥ ചെലവ് മനസ്സിലാക്കിയ ശേഷം അതിന്റെ അടിസ്ഥാനത്തിൽ റിക്രൂട്ട്‌മെന്റ് നിരക്ക് നിശ്ചയിക്കുമെന്ന് ഡോ. അബ്ദുൽ അസീസ് അൽഅംറ് പറഞ്ഞു. 

Latest News