അബഹ - മയക്കുമരുന്ന് ശേഖരവുമായി നാലു പേരെ വ്യത്യസ്ത സ്ഥലങ്ങളില്‍ നിന്ന് സുരക്ഷാ വകുപ്പുകള്‍ അറസ്റ്റ് ചെയ്തു. ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ സെക്യൂരിറ്റി റെജിമെന്റ് പട്രോള്‍ വിഭാഗം 55 കിലോ ഹഷീഷുമായി സൗദി പൗരനെ അസീര്‍ പ്രവിശ്യയില്‍ നിന്ന് അറസ്റ്റ് ചെയ്തു. തുടര്‍ നടപടികള്‍ക്ക് തൊണ്ടി സഹിതം പ്രതിയെ പിന്നീട് ബന്ധപ്പെട്ട വകുപ്പിന് കൈമാറി.
അസീര്‍ പ്രവിശ്യയില്‍ പെട്ട രിജാല്‍ അല്‍മഇലെ അല്‍ഹുറൈദ ചെക്ക് പോസ്റ്റില്‍ വെച്ച് മയക്കുമരുന്ന് ശേഖരവുമായി രണ്ടു പാക്കിസ്ഥാനികളും അറസ്റ്റിലായി. ട്രെയിലറില്‍ ഒളിപ്പിച്ച് 45 കിലോ മയക്കുമരുന്ന് കടത്തുന്നതിനിടെയാണ് അല്‍ഹുറൈദ ചെക്ക് പോസ്റ്റില്‍ വെച്ച് നടത്തിയ വാഹന പരിശോധനയില്‍ ഇരുവരും കുടുങ്ങിയത്. ജനറല്‍ ഡയറക്ടറേറ്റ് ഓഫ് നാര്‍കോട്ടിക്‌സ് കണ്‍ട്രോളുമായി സഹകരിച്ചാണ് ചെക്ക് പോസ്റ്റിലെ സുരക്ഷാ സൈനികര്‍ പാക്കിസ്ഥാനികളെ വലയിലാക്കിയത്. നിയമാനുസൃത നടപടികള്‍ സ്വീകരിച്ച് ഇരുവരെയും പിന്നീട് ബന്ധപ്പെട്ട വകുപ്പിന് കൈമാറിയതായി പൊതുസുരക്ഷാ വകുപ്പ് അറിയിച്ചു.
അസീര്‍ പ്രവിശ്യയില്‍ പെട്ട മുറബ്ബയില്‍ 73 കിലോ മയക്കുമരുന്നുമായി മറ്റൊരു യുവാവിനെയും പോലീസ് അറസ്റ്റ് ചെയ്തു. വാഹനത്തില്‍ ഒളിപ്പിച്ച് മയക്കുമരുന്ന് ശേഖരം കടത്തുന്നതിനിടെയാണ് യുവാവ് പിടിയിലായത്. തുടര്‍ നടപടികള്‍ക്ക് യുവാവിനെ ബന്ധപ്പെട്ട വകുപ്പിന് കൈമാറിയതായി പൊതുസുരക്ഷാ വകുപ്പ് അറിയിച്ചു.