തിരുവനന്തപുരം- ആരോഗ്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജന്‍ ഖൊബ്രഗഡെയെ അടക്കം മാറ്റി ഐ.എ.എസ് തലപ്പത്ത് അഴിച്ചുപണി. ഭക്ഷ്യ സിവില്‍ സപ്ലൈസ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടിങ്കു ബിസ്വാളാണ് പുതിയ ആരോഗ്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി. ആയുഷ്, തുറമുഖ വകുപ്പുകളുടെ അധിക ചുമതലയും അവര്‍ വഹിക്കും. രാജന്‍ ഖോബ്രഗഡെയെ ജല വിഭവ വകുപ്പിലേക്കാണ് മാറ്റിയത്. കോസ്റ്റല്‍ ഷിപ്പിംഗ്, ഇന്‍ലാന്‍ഡ് നാവിഗേഷന്‍, കൃഷി തുടങ്ങിയ വകുപ്പുകളുടെ അധിക ചുമതലയും വഹിക്കും. ഡോ. വി. വേണുവിനെ ആഭ്യന്തര, വിജിലന്‍സ് അഡീഷണല്‍ ചീഫ് സെക്രട്ടറിയായി നിയമിച്ചു. പരിസ്ഥിതി വകുപ്പിന്റെ അധിക ചുമതലയും നല്‍കി.
കാര്‍ഷിക ഉല്‍പ്പാദന കമ്മിഷണര്‍ ഇഷിത റോയിയെ ഉന്നതവിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി നിയമിച്ചു. കാര്‍ഷിക ഉല്‍പ്പാദന കമ്മിഷണറുടെ അധിക ചുമതലയും നല്‍കി.
തദ്ദേശവകുപ്പ് (റൂറല്‍) പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ഷര്‍മിള മേരി ജോസഫിന് തദ്ദേശവകുപ്പിന്റെ (അര്‍ബന്‍) അധിക ചുമതല നല്‍കി. കൃഷി സെക്രട്ടറി അലി അസ്ഗര്‍ പാഷയാണ് ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പിന്റെ സെക്രട്ടറി. ഷിപ്പിംഗ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പറേഷന്‍ എം.ഡി എന്‍.പ്രശാന്തിനെ എസ്ഇ- എസ്ടി വികസന വകുപ്പില്‍ സ്‌പെഷല്‍ സെക്രട്ടറിയായി നിയമിച്ചു.
മുല്ലപ്പെരിയാര്‍ സൂപ്പര്‍വൈസറി സമിതി അംഗമായ അലക്‌സ് വര്‍ഗീസിന് ഐ.എ.എസ് പദവി നല്‍കാന്‍ തീരുമാനമായി. അദ്ദേഹം സഹകരണ സൊസൈറ്റി രജിസ്ട്രാറായി ചുമതലയേല്‍ക്കും.