കല്‍പറ്റ- രാഹുല്‍ ഗാന്ധി എം.പിയുടെ കല്‍പറ്റ ഓഫീസില്‍ എസ്.എഫ്.ഐ അക്രമം. കൈനാട്ടി റിലയന്‍സ് പമ്പിനു സമീപമുള്ള ഓഫീസാണ് എസ്.എഫ്.ഐക്കാര്‍ ആക്രമിച്ചത്. ഇന്നു ഉച്ചകഴിഞ്ഞു മൂന്നരയോടെയാണ് സംഭവം. പ്രകടനമായി എത്തിയ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഷട്ടര്‍ പൊളിച്ചു ഓഫീസില്‍ കയറി നാശനഷ്ടങ്ങള്‍ വരുത്തി. ഓഫീസ് കാബിന്‍, കസേരകള്‍ തുടങ്ങിയവ അടിച്ചു തകര്‍ത്തതായി എം.പി ഓഫീസ് ജീവനക്കാര്‍ പറഞ്ഞു. ജീവനക്കാരില്‍ രണ്ടു പേര്‍ക്കു പരിക്കുണ്ട്.
പരിസ്ഥിതി ലോല മേഖല വിഷയത്തില്‍ എം.പി ഇടപെടുന്നില്ലെന്നു ആരോപിച്ചായിരുന്നു എസ്.എഫ്.ഐ പ്രകടനം. അതിക്രമത്തെക്കുറിച്ചറിഞ്ഞു സ്ഥലത്തെത്തിയ പോലീസ് ലാത്തി വീശി വിദ്യാര്‍ഥികളെ അകറ്റിയാണ് രംഗം ശാന്തമാക്കിയത്. രാഹുല്‍ഗാന്ധിയുടെ ചിത്രം ചുമരില്‍നിന്നു വലിച്ചു നിലത്തിട്ട എസ്.എഫ്.ഐക്കാര്‍ ഓഫീസില്‍ വാഴത്തൈ സ്ഥാപിച്ചതായും ജീവനക്കാര്‍ പറഞ്ഞു.