കൊല്ലം- പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഇളയ സഹോദരനായ പ്രഹ്ലാദ് മോഡി സുഹൃത്തിന്റെ മകളുടെ വിവാഹ നിശ്ചയത്തില്‍ പങ്കെടുക്കാന്‍ കൊല്ലത്ത് എത്തി. ഉറ്റസുഹൃത്തും മുംബൈയിലെ പ്രമുഖ വ്യവസായിയുമായ തേവലക്കര അലക്‌സാണ്ടര്‍ പ്രിന്‍സ് വൈദ്യന്റെ മകള്‍ പ്രവീണയുടെ വിവാഹ നിശ്ചയത്തില്‍ പങ്കെടുക്കാനാണ് സന്ദര്‍ശനം. വിശ്വഹിന്ദു മഹാസംഘ് ദേശീയ അധ്യക്ഷന്‍ കൂടിയാണ് പ്രഹ്ലാദ് മോഡി.
പ്രധാനമന്ത്രിയുടെ ഭരണത്തിലോ രാഷ്ട്രീയത്തിലോ ഇടപെടാറില്ലെന്ന് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. പ്രധാനമന്ത്രി എന്ന നിലയിലും സഹോദരന്‍ എന്ന നിലയിലും നരേന്ദ്രമോഡിയുമായി നല്ല ബന്ധമാണെന്നും അദ്ദേഹം പറഞ്ഞു.
കേരളീയര്‍ വളരെ സ്‌നേഹം ഉള്ളവരാണ്. നാലാം വട്ടമാണ് ഇവിടേക്ക് വരുന്നത്. മൂന്ന് പ്രാവശ്യം ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി.
അഷ്ടമുടി റാവീസ് റിസോര്‍ട്ടില്‍ 25ന് രാവിലെ 11നാണ് നിശ്ചയം. പ്രഹ്ലാദുമായി കാല്‍നൂറ്റാണ്ടു കാലത്തെ സൗഹൃദമുണ്ടെന്ന് അലക്‌സാണ്ടര്‍ പറഞ്ഞു.
റേഷന്‍ ഷാപ്പുകാരുടെ കമ്മീഷന്‍ വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ദല്‍ഹിയില്‍ നടക്കുന്ന പ്രതിഷേധ മാര്‍ച്ചില്‍ പങ്കെടുക്കുമെന്ന് വ്യക്തമാക്കി പ്രഹഌദ് മോഡി ഈയിടെ വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു.