ആലപ്പുഴ- ഭാര്യയെ ഒഴിവാക്കി എന്നെ കെട്ടണം. ഇല്ലെങ്കിൽ ക്വാർട്ടേഴ്‌സിൽ വന്ന് താമസിക്കുമെന്ന് പോലീസുകാരന്റെ കാമുകി ഭീഷണിപ്പെടുത്തിയെന്ന് പോലീസ് റിപ്പോർട്ട്. കോളജ് വിദ്യാർഥിനിയായ 24കാരി ഷഹാനയെയാണ് ആത്മഹത്യാ പ്രേരണക്കുറ്റത്തിന്റെ പേരിൽ അറസ്റ്റിലായത്. . ഇവരെ റിമാൻഡു ചെയ്തു. വിവാഹംകഴിക്കാൻ ഷഹാന റെനീസിനെ സമ്മർദം ചെലുത്തിയിരുന്നതായി പോലീസ് പറഞ്ഞു. അതിനായി നജ്‌ലയും മക്കളും ഒഴിഞ്ഞുനൽകണമെന്നതായിരുന്നു ഇവരുടെയാവശ്യം. ഇല്ലെങ്കിൽ, റെനീസിന്റെ ഭാര്യയായി ക്വാർട്ടേഴ്‌സിൽ വന്നു താമസിക്കുമെന്ന് നജ്‌ലയെ ഭീഷണിപ്പെടുത്തി. നജ്‌ല ആത്മഹത്യ ചെയ്ത ദിവസവും ഷഹാന ക്വാട്ടേഴ്‌സിലെത്തി ഭീഷണിപ്പെടുത്തിയിരുന്നു. ഇതു നജ്‌ലയെ കടുത്ത മാനസികസംഘർഷത്തിലും ദുഃഖത്തിലുമാഴ്ത്തിയതായി പോലീസ് പറഞ്ഞു. ഷഹാനയ്ക്കു റെനീസിന്റെ പിന്തുണയുമുണ്ടായിരുന്നു.
അടുത്ത ബന്ധുക്കളായ ഷഹാനയും റെനീസും വർഷങ്ങളായി പ്രണയത്തിലായിരുന്നു. ഒന്നരവർഷം മുൻപ്, ഷഹാനയ്ക്കുവന്ന വിവാഹാലോചന ഇരുവരും ചേർന്നു മുടക്കി. തുടർന്ന്, വീട്ടുകാരുമായി പിണങ്ങി ഷഹാന, റെനീസിന്റെ ബന്ധുവീട്ടിൽ കഴിയുകയായിരുന്നു. പിന്നീട്, സ്വന്തം ബന്ധുവീട്ടിലേക്കു മാറി. വണ്ടാനം മെഡിക്കൽകോളജ് പോലീസ് എയ്ഡ്‌പോസ്റ്റിലെ സിവിൽ പോലീസ് ഓഫീസറായിരുന്നു റെനീസ്. സംഭവത്തിനുശേഷം സസ്‌പെൻഷനിലായ ഇയാൾ ജയിലിലാണ്. മേയ് പത്തിനാണ് നജ്‌ലയെയും മക്കളെയും ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. മക്കളെ കൊലപ്പെടുത്തിയ ശേഷം നജ്‌ല തൂങ്ങിമരിക്കുകയായിരുന്നു.
റെനീസിന്റെ നിരന്തരമുള്ള മാനസിക, ശാരീരിക പീഡനമാണ് ആത്മഹത്യക്കു കാരണമായതെന്നായിരുന്നു റിമാൻഡ് റിപ്പോർട്ട്. 10 വർഷം മുൻപുനടന്ന ഇവരുടെ വിവാഹത്തിനു സ്ത്രീധനമായി 40 പവനും 10 ലക്ഷം രൂപയും ബൈക്കും നൽകിയിരുന്നു. കൂടുതൽ പണമാവശ്യപ്പെട്ട് നജ്‌ലയെ ബുദ്ധിമുട്ടിച്ചിരുന്നു. പലതവണ നജ്‌ലയെ സ്വന്തം വീട്ടിലേക്കു പറഞ്ഞയച്ചിരുന്നു.
സ്ത്രീധനത്തിനുപുറമേ പലപ്പോഴായി വൻതുക റെനീസ് വാങ്ങിയെന്നും പോലീസ് കണ്ടെത്തി. പ്രശ്‌നങ്ങൾ പുറത്തറിയാതിരിക്കാൻ ഫോൺ നൽകിയിരുന്നില്ല. പുറത്തുപോകുമ്പോൾ നജ്‌ലയെ മുറിയിൽ പൂട്ടിയിട്ടിരുന്നു. റെനീസിന് വട്ടിപ്പലിശ ഇടപാടുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. ഈടായി വാങ്ങിയ ഭൂമിയുടെ രേഖകൾ, ചെക്ക് ലീഫുകൾ, ബോണ്ട്‌പേപ്പർ എന്നിവയടങ്ങിയ ബാഗ് അന്വേഷണസംഘം കണ്ടെത്തിയിരുന്നു