Sorry, you need to enable JavaScript to visit this website.

മലപ്പുറത്ത് ഗോഡൗണില്‍ യുവാവ് തൂങ്ങി മരിച്ച സംഭവം: പ്രതികളെ കസ്റ്റഡിയില്‍ വാങ്ങാനൊരുങ്ങി പോലീസ്

നിലമ്പൂര്‍-മമ്പാട് തുണിക്കടയുടെ ഗോഡൗണില്‍ യുവാവ് തൂങ്ങി മരിച്ച സംഭവത്തില്‍  പ്രതികളെ പോലീസ് കസ്റ്റഡിയില്‍ വാങ്ങാന്‍ നീക്കം. കോട്ടക്കല്‍ പുലിക്കോട്ടില്‍
മുജീബ് റഹ്മാനെ മര്‍ദിക്കുകയും മരണത്തിനു പ്രേരണ നല്‍കുകയും ചെയ്തകേസില്‍ 12 പ്രതികളെയാണ്  നിലമ്പൂര്‍ പോലീസ് അറസ്റ്റു ചെയ്തിരുന്നത്. ഇവര്‍ റിമാന്‍ഡിലാണ്. മുഴുവന്‍ പേരെയും കസ്റ്റഡിയില്‍ വാങ്ങാന്‍ പോലീസ് ആലോചിക്കുന്നില്ലെന്നാണ് സൂചന. എന്നാല്‍ മുഖ്യപ്രതിയായ മമ്പാട് തുണിക്കട ഉടമ മൂലത്ത് അബ്ദുള്‍ ഷഹദിനെയായിരിക്കും ആദ്യം കസ്റ്റഡിയില്‍ വാങ്ങുക.  ഇതിനുള്ള അപേക്ഷ ഇന്നു നല്‍കാനാണ് സാധ്യത. എത്ര പേരെ പോലീസ് കസ്റ്റഡിയില്‍ വാങ്ങണമെന്നും ആരൊക്കെ ആയിരിക്കണമെന്നുമുള്ള കാര്യത്തില്‍ പോലീസ് തീരുമാനം പൂര്‍ണമായിട്ടില്ല. മുഴുവന്‍ പ്രതികളെയും ഒന്നിച്ച് കസ്റ്റഡിയില്‍ വാങ്ങാനുള്ള സാധ്യത കുറവാണെന്നാണ് സൂചന.
മമ്പാട് ടെക്സ്റ്റയില്‍സ് ഉടമയടക്കം 12 പേരെയാണ് കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തത്. കൊലപാതക ശ്രമം, സംഘം ചേര്‍ന്നു മര്‍ദിക്കല്‍, തട്ടികൊണ്ടുപോകല്‍, ആത്മഹത്യ പ്രേരണ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇന്‍ഡസ്ട്രിയല്‍ ജോലി കരാര്‍ അടിസ്ഥാനത്തില്‍ ചെയ്തു കൊടുക്കുന്നയാളാണ് മുജീബ് റഹ്മാന്‍. രണ്ടുമാസം മുമ്പു തുണിക്കട ഉടമ ഷഹദിന്റെ മഞ്ചേരി മുപ്പത്തുരണ്ടിലുള്ള ഹാര്‍ഡ്‌വേഴ്സില്‍ നിന്ന് 64,000 രൂപ വില വരുന്ന സാധനങ്ങള്‍ വാങ്ങിയിരുന്നു. പണം പിന്നീട് നല്‍കാമെന്നു പറഞ്ഞെങ്കിലും കൃത്യ സമയത്ത് പണം തിരിച്ചു കൊടുക്കാത്തതാണ് പ്രതികള്‍ മുജീബിനെ തട്ടികൊണ്ടുപോകാനും മുജീബ് റഹ്മാന്‍ ആത്മഹത്യ ചെയ്യാനും ഇടയാക്കിയത്.
ജില്ലാ പോലീസ് മേധാവി എസ്. സുജിത്ദാസിന്റെ  മേല്‍നോട്ടത്തില്‍ ഡി.വൈ.എസ്.പിമാരായ സാജു കെ. അബ്രഹാം, കെ.എം. ബിജു, എസ്.ഐമാരായ നവീന്‍ ഷാജ്, എം. അസൈനാര്‍, എ.എസ്.ഐമാരായ വി.കെ. പ്രദീപ്, റെനി ഫിലിപ്പ്, സതീഷ്‌കുമാര്‍, കെ. അനില്‍കുമാര്‍, എ. ജാഫര്‍, എന്‍.പി. സുനില്‍, കെ.ടി. ആഷിഫ് അലി, ടി. നിബിന്‍ദാസ്, ജിയോ ജേക്കബ് എന്നിവരടങ്ങിയ സംഘമാണ് തുടരന്വേഷണം നടത്തുന്നത്.

 

 

 

Latest News