തിരുവനന്തപുരം- പ്രവാസി സമൂഹത്തിന്റെ നാനാതുറകളില്‍ നിന്നുള്ള പ്രാതിനിധ്യം ഉറപ്പാക്കിക്കൊണ്ട് വിശ്വകേരളത്തിന്റെ പരിഛേദമായാണ് ലോക കേരള സഭ രൂപീകരിച്ചിരിക്കുന്നതെന്ന് നോര്‍ക്ക റൂട്ട്‌സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി.ശ്രീരാമകൃഷ്ണന്‍ പ്രസ്താവിച്ചു. ഗാര്‍ഹിക തൊഴിലാളികളും തയ്യല്‍ തൊഴിലാളികളും ഹൗസ് ഡ്രൈവറും മുതല്‍ വിവിധ കമ്പനികളുടെ സി.ഇ.ഒമാരും നിക്ഷേപകരുമടക്കം പ്രവാസി സമൂഹത്തിന്റെ സമഗ്രമായ പ്രാതിനിധ്യം ലോകകേരള സഭ ഉറപ്പുവരുത്തിയിട്ടുണ്ട്. പരമാവധി രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍, വിവിധ തൊഴില്‍ വിഭാഗങള്‍, സ്ത്രീകള്‍, യുവാക്കള്‍, പ്രൊഫഷണലുകള്‍ തുടങ്ങിയവരെല്ലാം സഭയില്‍ അംഗങ്ങളാണ്.
ആകെയുള്ള 182 അംഗങ്ങളില്‍ 117 പേരോളം വിവിധ മലയാളി സംഘടനകളുടെ പ്രതിനിധികളാണ്. ഇവരില്‍ 35 പേരോളം അവിദഗ്ദ, അര്‍ദ്ധ വിദഗ്ധ തൊഴിലുകളില്‍ ഏര്‍പ്പെടുന്നവരാണ്. കൂടാതെ എന്‍ എസ് മാധവന്‍,റസൂല്‍ പൂക്കുട്ടി,അജിത് ബാലകൃഷ്ണന്‍(റെഡിഫ്.കോം),ഡോ നന്ദിത മാത്യു, ബോസ്സ് കൃഷ്ണമചാരി തുടങ്ങിയ 36 അംഗങ്ങള്‍ സാമൂഹികസംസ്‌കാരികശാസ്ത്ര അക്കാദമിക് മേഖലകളുടെ പ്രതിനിധികളാണ്.
ഇതിനു പുറമെ വിവിധ കമ്പനികളുടെ സി.ഇ.ഒ തലത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രൊഫഷണലുകളായ ഒമ്പതു പേരും അംഗങ്ങളുടെ പട്ടികയിലുണ്ട്. മറ്റുള്ള അംഗങ്ങളില്‍ ഭൂരിപക്ഷവും നോര്‍ക്ക റൂട്ട്‌സ്, പ്രവാസി ക്ഷേമനിധി ബോര്‍ഡ്, എന്‍.ആര്‍.ഐ കമ്മീഷന്‍ എന്നീ സ്ഥാപനങ്ങളുടെ ഔദ്യോഗിക സ്ഥാനങ്ങള്‍ വഹിക്കുന്നവരാണ്.
പ്രത്യേക ക്ഷണിതാക്കളിലും ഭൂരിപക്ഷവും സംഘടനാ പ്രതിനിധികളാണ്. 173 അംഗങ്ങളില്‍ 78പേര്‍ മലയാളി സംഘടനകളെ പ്രതിനിധീകരിച്ചു പങ്കെടുത്തവരാണ്. സംഘടനാ പ്രതിനിധികളില്‍ 30 പേരോളം ഒ.സി.ഐ (ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ )കാര്‍ഡ് ഉള്ളവരാണ്. ക്ഷണിതാക്കളില്‍ 35 പേര്‍ വിവിധ കമ്പനികളുടെ സിഇഒ തലത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രൊഫഷണലുകളും നിക്ഷേപകരുമാണ്.
കൂടാതെ 27 പ്രത്യേക ക്ഷണിതാക്കള്‍ സാമൂഹികസംസ്‌കാരികശാസ്ത്ര അക്കാദമിക് മേഖലകളുടെ പ്രതിനിധികളായി പങ്കെടുത്തു. സംഘടനാ പ്രതിനിധികള്‍ ഉള്‍പ്പെടെ 30 പ്രത്യേക ക്ഷണിതാക്കള്‍ സാധാരണ തൊഴിലുകളില്‍ ഏര്‍പ്പെടുന്നവരാണെന്നും പി.ശ്രീരാമകൃഷ്ണന്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.
62 വിദേശ രാജ്യങ്ങളില്‍ നിന്നും 21 ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും പ്രതിനിധികള്‍ എത്തിച്ചേര്‍ന്ന ഈ സമ്മേളനം ലോക മലയാളികളുടെ അഭിമാനകരമായ സംഗമവേദിയായിരുന്നു
ഈ സഭ സമ്പന്നരുടെയും നിക്ഷേപകരുടെയും മാത്രം സഭയല്ല. കലാകാരന്‍മരുടെ, തൊഴിലാളികളുടെ, ഗദ്ദാമമാരുടെ, സാങ്കേതിക വിദഗ്ദ്ധരുടെ, ചിത്രകാരന്‍മാരുടെ, സംഗീതജ്ഞരുടെ, എഴുത്തുകാരുടെ എല്ലാം സഭയാണ്. ആഗോള മലയാളികളുടെ സര്‍ഗ്ഗ സൗഹൃദ കൂട്ടായ്മയെ അപഹസിക്കാനുള്ള ശ്രമത്തെ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയണമെന്നും പി.ശ്രീരാമകൃഷ്ണന്‍ പ്രസ്താവനയില്‍ അഭ്യര്‍ഥിച്ചു.