തിരുവനന്തപുരം- പേരൂര്‍ക്കട സ്വദേശിയായ അച്ഛന്‍ മകനൊപ്പം അര്‍ധരാത്രി ടാങ്കര്‍ലോറിയിലേക്ക് കാര്‍ ഇടിച്ചു കയറ്റി ജീവനൊടുക്കി. മരണത്തിന് ഉത്തരവാദികളായവര്‍ എന്ന പേരില്‍ ചിലരുടെ ചിത്രങ്ങള്‍ സമൂഹമാധ്യമത്തില്‍ പോസ്റ്റു ചെയ്തശേഷമായിരുന്നു ആത്മഹത്യ. ഇന്ധന ടാങ്കറിന്റെ നിയന്ത്രണം നഷ്ടമാകാത്തതിനാല്‍ വന്‍ ദുരന്തം ഒഴിവായി.
പേരൂര്‍ക്കട മണികണ്‌ഠേശ്വരം സ്വദേശി പ്രകാശ് (48), മകന്‍ ശിവദേവ് (11) എന്നിവരാണ് മരിച്ചത്. പ്രകാശ്, ശശികല ദമ്പതികള്‍ക്ക് ഒരു മകള്‍ കൂടിയുണ്ട്. മാമം പാലത്തിനു സമീപം ഇന്നലെ രാത്രി 12നാണ് സംഭവം. തിരുവനന്തപുരത്തുനിന്ന് കൊല്ലത്തേക്കു പോകുകയായിരുന്നു ഇവര്‍. തിരുവനന്തപുരം കെഎസ്ആര്‍ടിസി ഡിപ്പോയിലേക്ക് ഡീസലുമായി വന്ന ടാങ്കര്‍ ലോറിയുമായാണ് കാര്‍ കൂട്ടിയിടിച്ചത്. ഭാര്യ ശശികല ഒന്‍പതു മാസമായി വിദേശത്താണ്. കുടുംബപ്രശ്‌നങ്ങളെ തുടര്‍ന്ന് ഇരുവര്‍ക്കുമിടയില്‍ തര്‍ക്കം ഉണ്ടായിരുന്നു. വിദേശത്തുനിന്ന് മടങ്ങിവരാന്‍ ആവശ്യപ്പെട്ടിട്ടും ശശികല അനുസരിച്ചില്ല. ഇതേ തുടര്‍ന്ന് ആത്മഹത്യാക്കുറിപ്പ് പ്രകാശ് തയാറാക്കി വച്ചിരുന്നു.
പരാതി കൊടുത്ത് പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയാത്തതു കൊണ്ടല്ല ആത്മഹത്യ ചെയ്യുന്നതെന്നും ജനങ്ങള്‍ കാര്യങ്ങള്‍ അറിയണമെന്നും ആത്മഹത്യാക്കുറിപ്പിലുള്ളതായി പോലീസ് പറഞ്ഞു. ഭാര്യയുടെ പ്രവൃത്തികളാണ് ആത്മഹത്യയിലേക്കു നയിച്ചതെന്നും മോള്‍ അച്ഛനോടു ക്ഷമിക്കണമെന്നും ആത്മഹത്യാക്കുറിപ്പിലുണ്ട്. ഇന്നലെ രാത്രി 10.59ന് 'എന്റെയും മക്കളുടെയും മരണത്തിന് കാരണക്കാര്‍ ഇവര്‍' എന്ന് പ്രകാശ് ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. അഞ്ചുപേരുടെ ചിത്രങ്ങളും പോസ്റ്റിലുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് കാറില്‍ ആറ്റിങ്ങല്‍ ഭാഗത്തേക്ക് എത്തിയ ഇവര്‍ വാഹനം ടാങ്കറിലേക്ക് ഇടിച്ചു കയറ്റിയത്.