Sorry, you need to enable JavaScript to visit this website.

ബഫര്‍ സോണ്‍: സുപ്രീം കോടതി വിധിക്കെതിരെ പ്രതിഷേധം രൂക്ഷമാകുന്നു

കല്‍പറ്റ-ബഫര്‍ സോണ്‍ വിഷയത്തിലെ  സുപ്രീം കോടതി വിധിയുടെ മറവില്‍ ജനങ്ങളെ പന്താടാന്‍ അനുവദിക്കില്ലെന്നു ടി. സിദ്ദീഖ് എം.എല്‍.എ. ബഫര്‍ സോണ്‍ വിഷയം ചര്‍ച്ച ചെയ്യുന്നതിനു ചേര്‍ന്ന ജനപ്രതിനിധികളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എം.എല്‍.എ മുന്‍കൈയെടുത്താണ് യോഗം വിളിച്ചത്.
സംരക്ഷിത വനത്തിനുചുറ്റും കുറഞ്ഞതു ഒരു കിലോമീറ്റര്‍ പരിസ്ഥിതിലോല പ്രദേശമായി നിലനിര്‍ത്തണമെന്ന സുപ്രീം കോടതി വിധി ജില്ലയെ ആകെ ബാധിക്കുമെന്നു യോഗം വിലയിരുത്തി. വന്യജീവി സങ്കേതത്തോട് ചേര്‍ന്നുകിടക്കുന്നതാണ് ജില്ലയിലെ പല പ്രദേശങ്ങളും. പരിസ്ഥിതി ലോല മേഖലയില്‍ പുതിയ നിര്‍മിതികള്‍ക്കു അനുവാദമില്ല. മാത്രമല്ല, നിലവിലുള്ള നിര്‍മിതികളെക്കുറിച്ച് പ്രിന്‍സിപ്പല്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നു കോടതി നിര്‍ദേശമുണ്ട്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലുള്ള തുടര്‍നടപടികള്‍ വിഷയം കൂടുതല്‍ സങ്കീര്‍ണമാക്കും. കോടതിയില്‍നിന്നു ജനസൗഹൃദമല്ലാത്ത വിധിന്യായങ്ങള്‍ ഉണ്ടാകുന്നത് ദൗര്‍ഭാഗ്യകരമാണ്.
പരിസ്ഥിതി ലോല മേഖല ദൂരപരിധിയില്‍ ഇളവിനു സുപ്രീംകോടതി വിധിയില്‍ പറയുന്ന നിര്‍ദേശങ്ങള്‍ ഉപയോഗപ്പെടുത്താന്‍ യോഗം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി  ബഫര്‍ സോണ്‍ പരിധിയിലുള്ള  വാര്‍ഡുകളിലെ ഗ്രാമസഭകള്‍ വിളിച്ചുചേര്‍ക്കും. മുഖ്യമന്ത്രി അടക്കം ഭര്‍ണകര്‍ത്താക്കളെ നേരില്‍ക്കണ്ട് നിവേദനം നല്‍കും.
ജനവാസകേന്ദ്രങ്ങളെ ബഫര്‍ സോണില്‍നിന്നു പൂര്‍ണമായി ഒഴിവാക്കണമെന്ന പ്രമേയം യോഗം ഐകകണ്‌ഠ്യേന പാസാക്കി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, മുനിസിപ്പല്‍  ചെയര്‍മാന്‍ മുജീബ് കേയംതൊടി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നസീമ ടീച്ചര്‍, വൈത്തിരി പഞ്ചായത്ത് പ്രസിഡന്റ് എം.വി.വിജേഷ്, പടിഞ്ഞാറത്തറ പഞ്ചായത്ത് പ്രസിഡന്റ് പി.ബാലന്‍, തരിയോട് പഞ്ചായത്ത് പ്രസിഡന്റ് വി.ജി.ഷിബു, കോട്ടത്തറ പഞ്ചായത്ത് പ്രസിഡന്റ് പി.പി.റനീഷ്, മേപ്പാടി പഞ്ചായത്ത് പ്രസിഡന്റ് ഓമന രമേശ്, വെങ്ങപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ.രേണുക, മുട്ടില്‍ പഞ്ചായത്ത് പ്രസിഡന്റ് നസീമ മാങ്ങാടന്‍, മൂപ്പൈനാട് പഞ്ചായത്ത് പ്രസിഡന്റ് എ.കെ.റഫീഖ്, പൊഴുതന പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി.ബാബു, എന്നിവര്‍ പങ്കെടുത്തു.
അതിനിടെ, സംരക്ഷിത വനങ്ങളുടെ പരിസ്ഥിതി ലോല മേഖലയുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധി മറികടക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നു എല്‍.ഡി.എഫ് വയനാട് ജില്ലാ പഞ്ചായത്ത് പാര്‍ലമെന്ററി പാര്‍ട്ടി യോഗം ആവശ്യപ്പെട്ടു. സംരക്ഷിത വനങ്ങള്‍ക്കുചുറ്റും കുറഞ്ഞത് ഒരു കിലോമീറ്റര്‍ പരിസ്ഥിതിലോല പ്രദേശമായി പരിഗണിക്കണമെന്നും അവിടെ ഇടപെടലുകളില്‍ നിരോധങ്ങളും നിയന്ത്രണങ്ങളും അനിവാര്യമാണെന്നുമുള്ള സുപ്രീം കോടതി വിധി വയനാട്ടില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്കു കാരണമാകുമെന്നു യോഗം വിലയിരുത്തി. കണ്‍വീനര്‍ ജുനൈദ് കൈപ്പാണി അധ്യക്ഷത വഹിച്ചു. ചീഫ് വിപ്പ് സുരേഷ് താളൂര്‍, എസ്. ബിന്ദു, എന്‍.സി. പ്രസാദ്, എ.എന്‍. സുശീല, ബിന്ദു പ്രകാശ്, കെ. വിജയന്‍, സിന്ധു ശ്രീധരന്‍ എന്നിവര്‍ പ്രസംഗിച്ചു.

 

Latest News