കോഴിക്കോട്- ആരോഗ്യവകുപ്പിനെ ചില വ്യക്തികൾ ഹൈജാക്ക് ചെയ്തിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. വകുപ്പിൽ ആരോഗ്യ മന്ത്രിക്ക് നിയന്ത്രണമില്ലെന്നും മൂന്ന് മണിക്കൂർ കൊണ്ട് ആലുവയിൽ നിന്നും തിരുവനന്തപുരം മെഡിക്കൽ കോളജിൽ എത്തിച്ച അവയവം എടുത്ത് വയ്ക്കാൻ പോലും ആളുണ്ടായിരുന്നില്ല. പെട്ടി എടുത്ത് ഓടാൻ ഡി.വൈ.എഫ്.ഐക്കാരനെ ആരാണ് ചുമതലപ്പെടുത്തിയതെന്നും സതീശൻ ചോദിച്ചു.
ഡോക്ടർമാരാണ് അവയവം ഏറ്റുവാങ്ങി ഓപ്പറേഷൻ തിയേറ്ററിലേക്ക് കൊണ്ട് പോകേണ്ടത്. എന്നാൽ ഓപ്പറേഷൻ തിയേറ്ററിൽ പോലും ഡോക്ടർമാർ ഉണ്ടായിരുന്നില്ല. മണിക്കൂറുകൾ കഴിഞ്ഞാണ് ശസ്ത്രക്രിയ നടത്തിയത്. മനുഷ്യ ജീവന് ഒരു വിലയും നൽകാത്ത തരത്തിൽ ആരോഗ്യ വകുപ്പ് തകർന്നിരിക്കുകയാണന്നും സതീശൻ ആരോപിച്ചു.
സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെ സ്വാധീനിക്കാനായി മുഖ്യമന്ത്രിയുടെ ഓഫീസിന്റെ അനുമതിയോട് കൂടിയാണ് പഴയ മാധ്യമ പ്രവർത്തകനെ ഉപകരണമാക്കി രണ്ട് എ.ഡി.ജി.പിമാർ ഇടനിലക്കാരായത്. മുഖ്യമന്ത്രിക്ക് എതിരായ മൊഴി പിൻവലിപ്പിക്കാനും പണം കൊടുത്ത് സ്വാധീനിക്കാനുമായിരുന്നു ശ്രമം. മൊഴിക്കെതിരെ നിയമപരമായ മാർഗങ്ങളൊന്നും തേടാൻ മുഖ്യമന്ത്രി ഇതുവരെ തയാറായിട്ടില്ലെന്നും സതീശൻ പറഞ്ഞു.