റിയാദ് - ഹജ്ജ്, ഉംറ തീർഥാടകർക്ക് ഒരു കുപ്പി സംസം മാത്രമേ അനുവദിക്കൂവെന്നും ആറു വർഷമായി തുടരുന്ന വ്യവസ്ഥയാണിതെന്നും സൗദി കസ്റ്റംസ്. ജോർദാനിൽ നിന്നെത്തിയ ഉംറ സംഘം തിരിച്ചുപോയപ്പോൾ അമ്മാർ അതിർത്തിയിൽ കസ്റ്റംസ് വിഭാഗം തീർഥാടകരുടെ എണ്ണത്തേക്കാൾ അധികമുള്ള സംസം കുപ്പികൾ തടഞ്ഞുവെച്ചിരുന്നു. ഇതുമായി സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകളോട് പ്രതികരിക്കവേയാണ് അമ്മാർ കസ്റ്റംസ് വിഭാഗം മേധാവി ഖാലിദ് മുഹമ്മദ് അൽറുമൈഹ് ഇക്കാര്യം വ്യക്തമാക്കിയത്. ഇതു സംബന്ധിച്ച് വീഡിയ സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചയായിരുന്നു. ഉംറ കഴിഞ്ഞ് തിരിച്ചുപോവുകയായിരുന്ന സംഘത്തിന്റെ ബസ് അമ്മാർ ചെക്ക് പോയന്റിൽ കസ്റ്റംസ് തടഞ്ഞ് വെച്ച് സംസം വെള്ളം കൊണ്ടുപോകാൻ അനുവദിക്കാതിരിക്കുകയും അധിക ഫീസ് ചോദിക്കുകയും ഇക്കാരണങ്ങളാൽ തീർഥാടകർ വെള്ളക്കുപ്പികൾ നിലത്തെറിഞ്ഞ് പൊട്ടിക്കുകയായിരുന്നുവെന്നുമാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ച വീഡിയോയിൽ പറയുന്നത്.
അനുവദിക്കപ്പെട്ടതിലും അധികം സംസം കുപ്പികളുമായാണ് ബസ് അതിർത്തിയിലെത്തിയതെന്ന് അൽറുമൈഹ് പറഞ്ഞു. എന്നാൽ അധികമുള്ള കുപ്പികളുമായി യാത്രക്ക് അനുമതി നൽകിയെങ്കിലും തൊട്ടടുത്ത പെട്രോൾ പമ്പിൽ കൊണ്ടുപോയി ചിലർ നിലത്തെറിഞ്ഞ് പ്രതിഷേധിക്കുകയായിരുന്നുവെന്നും അത് വീഡിയോ എടുത്ത് പ്രചരിപ്പിക്കുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. സംസം വെള്ളം കൊണ്ടുപോകാനനുവദിക്കാത്ത വ്യവസ്ഥയുമായി ഈ സംഭവത്തിന് ബന്ധമില്ല. എല്ലാ രാജ്യങ്ങളിലെയും തീർഥാടകർക്ക് ഒരു കുപ്പി മാത്രമെന്നത് ആറു വർഷം മുമ്പ് നടപ്പാക്കിയ വ്യവസ്ഥയാണെന്നും സംസം വെള്ളം കൊണ്ടുള്ള ചൂഷണങ്ങൾ ഇല്ലാതാക്കാനായിരുന്നു ഈ നടപടിയെന്നും അദ്ദേഹം പറഞ്ഞു.