Sorry, you need to enable JavaScript to visit this website.

മലപ്പുറത്ത് ഗോഡൗണില്‍ യുവാവിന്റെ മൃതദേഹം; 12 പേര്‍ അറസ്റ്റില്‍

നിലമ്പൂര്‍-മമ്പാട് തുണിക്കടയുടെ ഗോഡൗണില്‍ മരിച്ച നിലയില്‍ കാണപ്പെട്ട കോട്ടക്കല്‍ സ്വദേശി മുജീബ് റഹ്മാന്റെ മരണം ക്രൂരമായ ശാരീരിക പീഡനത്തെ തുടര്‍ന്നുള്ള ആത്മഹത്യയാണെന്ന് പോലീസ് നിഗമനം. ഇതേ തുടര്‍ന്ന് മുജീബിനെ താമസ സ്ഥലത്തു നിന്ന് കൂട്ടി കൊണ്ടു വന്ന് തടവില്‍ പാര്‍പ്പിച്ച് മര്‍ദ്ദിച്ച 12 പേരുടെ അറസ്റ്റ് നിലമ്പൂര്‍ പോലീസ് രേഖപ്പെടുത്തി.

മമ്പാട് തുണിക്കട ഉടമ മഞ്ചേരി കാരക്കുന്ന് സ്വദേശികളായ മൂലത്ത് അബ്ദുള്‍ ഷഹദ് (ബാജു-23), നടുവന്‍തൊടിക ഫാസില്‍(23), കൊല്ലേരി മുഹമ്മദ് മിഷാല്‍ (22), ചിറക്കല്‍ മുഹമ്മദ് റാഫി (23), പയ്യന്‍ ഷബീബ് (28), പുല്‍പ്പറ്റ സ്വദേശി ചുണ്ടാംപുറത്ത് ഷബീര്‍ അലി (കിളി-23), മരത്താണി സ്വദേശി മേച്ചേരി മുഹമ്മദ് റാഫി (27), മംഗലശ്ശേരി സ്വദേശി നമ്പന്‍കുന്നന്‍ മര്‍വാന്‍ (മെരു-23), കാരാപറമ്പ് സ്വദേശി വള്ളിപ്പാടന്‍ അബ്ദുള്‍ അലി (36), നറുകര സ്വദേശി പുത്തലത്ത് ജാഫര്‍ (26), മഞ്ചേരിയിലെ വാടക സ്റ്റോര്‍ ഉടമ കിഴക്കേത്തല സ്വദേശി പെരുംപള്ളി കുഞ്ഞഹമ്മദ് (56), ഇയാളുടെ മകന്‍ മുഹമ്മദ് അനസ് (25) എന്നിവരെയാണ് നിലമ്പൂര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ പി. വിഷ്ണുവിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ 17 നാണ് കേസിനാസ്പദമായ സംഭവം. ഇന്‍ഡസ്ട്രിയല്‍ വര്‍ക്ക് കരാര്‍ അടിസ്ഥാനത്തില്‍ ചെയ്തു കൊടുക്കുന്നയാളാണ് മരിച്ച മുജീബ് റഹ്മാന്‍. രണ്ടുമാസം മുന്‍പ് തുണിക്കട ഉടമ ഷഹദിന്റെ മഞ്ചേരി 32 ലുള്ള ഹാര്‍ഡ്‌വേഴ്‌സില്‍ നിന്ന് 64,000 രൂപ വില വരുന്ന സാധനങ്ങള്‍ വാങ്ങിയിരുന്നു. പണം പിന്നീട് നല്‍കാമെന്ന് പറഞ്ഞെങ്കിലും പറഞ്ഞ സമയത്ത് നല്‍കിയില്ല. മുജീബിന്റെ താമസസ്ഥത്ത് അന്വേഷിച്ചെങ്കിലും മുജീബ് അവിടെ നിന്ന് താമസം മാറിയിരുന്നു. തുടര്‍ന്ന് ഷഹദ് കൂട്ടുകാരുമായി ചേര്‍ന്ന് മുജീബിനെ തട്ടി കൊണ്ടു വരാന്‍ പദ്ധതി തയ്യാറാക്കുകയായിരുന്നു. ഇതിനായി മുജീബിന്റെ സഹായികളായി മുന്‍പ് ജോലി ചെയ്തിരുന്ന മഞ്ചേരി ടൗണിലെ ഓട്ടോ ഡ്രൈവര്‍മാരായ അബ്ദുള്‍ അലിയുടേയും ജാഫറിന്റേയും സഹായം തേടി. ഇതിനായി ഇവര്‍ക്ക് 10,000 രൂപയും ഷഹദ് വാഗ്ദാനം ചെയ്തു. കൂട്ടുപ്രതികളുടെ സഹായത്തോടെ മുജീബിനെ വീട്ടില്‍ നിന്ന് തട്ടിക്കൊണ്ടുവന്ന് ഒഴിഞ്ഞ സ്ഥലത്തെത്തിച്ച് മര്‍ദ്ദിക്കുകയായിരുന്നു. തുടര്‍ന്ന് മമ്പാടുള്ള തുണിക്കടയുടെ ഗോഡൗണിലെത്തിച്ചും മര്‍ദ്ദിച്ചു. അവിടെ മുറിയില്‍ പൂട്ടിയിട്ടു പോയ പ്രതികള്‍ അടുത്ത ദിവസം വരുമ്പോള്‍ മുജീബ് തൂങ്ങിമരിച്ചതായാണ് കണ്ടത്. മറ്റു പലര്‍ക്കും മുജീബ് റഹ്മാന്‍ പണം നല്‍കാനുണ്ടായിരുന്നതായി പോലീസ് പറഞ്ഞു. അവരും മര്‍ദ്ദനത്തില്‍ പങ്കാളികളായതിനാല്‍ കേസില്‍ പ്രതികളാണ്. ചില പ്രതികള്‍ ഒളിവില്‍ പോയതായി പോലീസ് പറഞ്ഞു. ഇവര്‍ക്ക് വേണ്ടിയുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. പ്രതികളെ നിലമ്പൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

 

Latest News