ദുബായ്- യ.എ.ഇയിലും ഖത്തറിലും പ്രതിദിന കോവിഡ് നിരക്ക് കൂടുന്നു. യു.എ.ഇയില്‍ പ്രതിദിന കോവിഡ് കേസുകള്‍ 1,500 പിന്നിട്ടപ്പോള്‍ ഖത്തറില്‍ 600 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ യു.എ.ഇയില്‍ 1,532 പേര്‍ക്കു രോഗം ബാധിച്ചതായും 1,591 പേര്‍ രോഗമുക്തി നേടിയതായും ആരോഗ്യ രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 11 ദിവസമായി ദിനേന 1000 ലേറെ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ജൂണ്‍ 9 വരെ 1000 ല്‍ താഴെയായിരുന്നു രോഗികള്‍.
യു.എ.ഇയില്‍ ഇതുവരെ 9,28,919 പേര്‍ രോഗികളായി. 9,09,736 പേര്‍ രോഗമുക്തരായപ്പോള്‍ 2,309 പേര്‍ മരിച്ചു. 16,874 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്. കോവിഡ് കേസുകള്‍ വീണ്ടും വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ആള്‍ക്കൂട്ടത്തില്‍ ചെല്ലുമ്പോള്‍ മാസ്‌ക് ധരിക്കുകയും ശാരീരിക അകലം പാലിക്കുകയും വേണമെന്ന് ആരോഗ്യ രോഗ പ്രതിരോധ മന്ത്രാലയം ആവശ്യപ്പെട്ടു. കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ സംബന്ധിച്ച് ആരോഗ്യവിദഗ്ധര്‍ നല്‍കുന്ന മാര്‍ഗിനിര്‍ദേശങ്ങള്‍ അനുസരിക്കണമെന്നും നിര്‍ദേശിച്ചു.
ഖത്തറില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 602 പേര്‍ക്കാണ് രോഗം സ്ഥിരീകിച്ചത്. ഇതില്‍ 66 പേര്‍ വിദേശയാത്ര കഴിഞ്ഞെത്തിയവരാണ്. ഇതോടെ മൊത്തം രോഗികളുടെ എണ്ണം 3,690 ആയി ഉയര്‍ന്നു. ഇവരില്‍ 43 പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത് 3,76,149 പേര്‍ക്കാണ്. ഇവരില്‍ 3,71,781 പേരും സുഖം പ്രാപിച്ചു. മൊത്തം മരണസംഖ്യ 678 ആണ്.