Sorry, you need to enable JavaScript to visit this website.

വിസ്മയകേസിലെ പ്രതി കിരണ്‍കുമാര്‍ ജയിലില്‍ തോട്ടപ്പണി ചെയ്യുന്നു, ദിവസം 63 രൂപ കൂലി

തിരുവനന്തപുരം - സ്ത്രീധന പീഡനത്തെ തുടര്‍ന്ന് കൊല്ലം സ്വദേശി വിസ്മയ (24) ജീവനൊടുക്കിയ കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലിലായ ഭര്‍ത്താവ് എസ്. കിരണ്‍ കുമാറിന് തോട്ടപ്പണി. അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറായിരിക്കെ കേസില്‍ പ്രതിയായ കിരണിനെ സര്‍വീസില്‍നിന്ന് പിരിച്ചുവിട്ടിരുന്നു. പൂജപ്പുര സെന്‍ട്രല്‍ ജയില്‍ മതിലിനുള്ളിലുള്ള തോട്ടത്തിലാണ് 10 വര്‍ഷം കഠിനതടവിനു ശിക്ഷിക്കപ്പെട്ട കിരണ്‍ ജോലി ചെയ്യുന്നത്.

മതില്‍ക്കെട്ടിനുള്ളിലെ 9.5 ഏക്കറില്‍ ചില ഭാഗങ്ങളില്‍ കൃഷിയുണ്ട്. ജയില്‍ സൗന്ദര്യവല്‍ക്കരണത്തിന്റെ ഭാഗമായി ചിലയിടങ്ങളില്‍ അലങ്കാര ചെടികളും നട്ടിട്ടുണ്ട്. ഇതെല്ലാം കിരണ്‍ കുമാര്‍ അടക്കമുള്ള തിരഞ്ഞെടുക്കപ്പെടുന്ന ജയില്‍ തടവുകാര്‍ പരിപാലിക്കും. രാവിലെ 7.15 ന് തോട്ടത്തിലെ ജോലി തുടങ്ങും. ദിവസം 63 രൂപ കിരണിനു വേതനമായി ലഭിക്കും. ഒരു വര്‍ഷം കഴിഞ്ഞാല്‍ 127 രൂപ ദിവസ വേതനമായി ലഭിക്കും.

രാവിലെയും ഉച്ചക്കും ഭക്ഷണത്തിന് ഇടവേളയുണ്ട്. വൈകിട്ട് ചായ ലഭിക്കും. രാത്രി ഭക്ഷണം നല്‍കി 5.45ന് തടവുകാരെ സെല്ലില്‍ കയറ്റും. അഞ്ചാം ബ്ലോക്കിലാണ് കിരണ്‍കുമാര്‍ കഴിയുന്നത്. ജയിലില്‍ വരുന്നവരെ ആദ്യം മതില്‍ക്കെട്ടിനു പുറത്തുള്ള ജോലികള്‍ക്കു വിടില്ലെന്ന് അധികൃതര്‍ പറഞ്ഞു.

 

Latest News